കുതിച്ചുകയറി ഉള്ളിവില; ബഫര്‍സ്‌റ്റോക്ക് വിപണിയിലേക്ക്
- മുംബൈയില്‍ ചില്ലറവില കിലോയ്ക്ക് 80രൂപ കടന്നു
- ലഭ്യതക്കുറവ് വിലവര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍
- മഴയും ഉള്ളിയുടെ സ്റ്റോക്കിനെ ബാധിച്ചതായി റിപ്പോര്‍ട്ട്
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളി വില കുതിച്ചുകയറുന്നതില്‍ ആശങ്ക. മുംബൈയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയിലെത്തി. ഉള്ളി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യ൦ ശക്തമായി.
കുതിച്ചുയരുന്ന വിലയ്ക്ക് കാരണം വിതരണത്തിലെ കുറവാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതിനിടെ സര്‍ക്കാര്‍ അടുത്തിടെ ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില 800 ഡോളറായി നിശ്ചയിക്കുകയും, ബഫര്‍ സ്റ്റോക്കുകള്‍ക്കായി 2 ലക്ഷം ടണ്‍ ഉള്ളി അധിക സംഭരിക്കാൻ ആരംഭിക്കുകയും ചെയ്തു..
മണ്ടിയില്‍ നിന്ന് 60-65 രൂപയ്ക്ക് ഉള്ളി സംഭരിക്കുന്നുണ്ടെങ്കിലും ഉപഭോക്താക്കള്‍ വിലകൂടിയതോടെ ഇതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് ആഗ്രയില്‍ന്നുള്ള വ്യാപാരികള്‍ പറയുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും ഒരു അഭിമുഖത്തില്‍ നിലവിലെ വിലക്കയറ്റത്തെക്കുറിച്ച് ആഞ്ഞടിച്ചു.എല്ലാവരുടെയും കണ്ണീരാവുകയാണ് ഉള്ളിയെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ആഭ്യന്തര വിപണിയില്‍ സ്ഥിരത ഉറപ്പാക്കാന്‍ ഉള്ളി കയറ്റുമതിയും വിലയും ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്ന് ഒരു പ്രസ്താവനയില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഉള്ളിക്ക് ടണ്ണിന് 800 ഡോളര്‍ എന്ന മിനിമം കയറ്റുമതി വിലയും (എംഇപി) കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി നിരുത്സാഹപ്പെടുത്താനും ആഭ്യന്തര വിപണിയില്‍ കൂടുതല്‍ സ്റ്റോക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഉപഭോക്തൃ കാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, വില ഒരു പരിധിവരെ നിയന്ത്രിക്കുന്നതില്‍ എംഇപി വിജയിച്ചു. കഴിഞ്ഞ ആഴ്ചയിലെ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് 5-9 ശതമാനം വിലയിടിവ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ 30-ന് ചിലസ്ഥലങ്ങളില്‍ ചില്ലറ വി കിലോയ്ക്ക് 83 ല്‍ എത്തിയതായും വാര്‍ത്തയുണ്ട്.
അതേസമയം മഹാരാഷ്ട്രയില്‍ എല്ലാ വിപണികളിലും ഉള്ളിയുടെ ശരാശരി വില 4.5 ശതമാനം കുറഞ്ഞു. ഉപഭോഗ കേന്ദ്രങ്ങളിലും സമാനമായ വിലയിടിവ് കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബറില്‍ വര്‍ധിക്കുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത്, ഉപഭോക്തൃകാര്യ വകുപ്പ് ഉള്ളി ബഫര്‍ സ്റ്റോക്ക് വിപണിയില്‍ ഇറക്കാന്‍ തുടങ്ങി. മണ്ടി വില്‍പ്പനയിലൂടെയുള്ള വിതരണവും ഉയര്‍ന്ന വിലയുള്ള കേന്ദ്രങ്ങളിലെ ചില്ലറ ഉപഭോക്താക്കള്‍ക്ക് കിഴിവോടെയുള്ള വില്‍പ്പനയും ഇതില്‍ ഉള്‍പ്പെടുന്നു. 170-ലധികം നഗരങ്ങളില്‍ 685 മൊബൈല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളും ഇത് ഉള്‍ക്കൊള്ളുന്നു.
നാഫെഡും എന്‍സിസിഎഫും ഖാരിഫ് വിളവെടുപ്പില്‍ നിന്ന് 2 എല്‍എംടി (ലക്ഷം മെട്രിക് ടണ്‍) ഉള്ളിയുടെ അധിക സംഭരണം ആരംഭിച്ചിട്ടുണ്ട്. ഉള്ളി വില സ്ഥിരപ്പെടുത്തുന്നതിനും ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഉയര്‍ന്ന വിലയുള്ള കേന്ദ്രങ്ങളില്‍ ഈ സ്റ്റോക്ക് വിതരണം ചെയ്യും.
കാണ്‍പൂരിലെ പച്ചക്കറി വില്‍പ്പനക്കാര്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുകയും അടുത്തിടെ പെയ്ത മഴയില്‍ സ്റ്റോക്ക് നശിച്ചുവെന്നും പറഞ്ഞു. 'കനത്ത മഴയാണ് വില ഉയരാന്‍ പ്രധാന കാരണം. സ്റ്റോക്കെല്ലാം നശിച്ചു. ലഭ്യതക്കുറവുണ്ട്. മുന്നോട്ടു പോകുമ്പോള്‍ വില ഇനിയും ഉയരും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,' അവര്‍ പറയുന്നു.