ഇങ്ങനെ പോയാല്‍ ഉള്ളി കരയിപ്പിക്കും
- ശരാശരി മൊത്തവില ഇപ്പോള്‍ 45 രൂപക്കും 48 രൂപക്കും ഇടയിലാണ് കിലോക്കേ് വില
- വിപണിയിലേക്കുള്ള ഉള്ളിയുടെ വരവ് കുറഞ്ഞതാണ് ഉള്ളി വില ഉയരാനുള്ള പ്രധാന കാരണം.
ആഭ്യന്തര വിപണിയില്‍ സവാള വില ഉയരുന്നു. മഹാരാഷ്ട്രയിലെ ബെഞ്ച്മാര്‍ക്കായ ലാസല്‍ഗാവ് എപിഎംസിയില്‍ ഉള്ളിയുടെ ശരാശരി മൊത്തവില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 60 ശതമാനം വരെ ഉയര്‍ന്നു. മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 18 ശതമാനം വര്‍ധിച്ചു. മികച്ച ഇനം ഉള്ളികള്‍ക്ക് ഡെല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില വിപണികളില്‍ കഴിഞ്ഞ ദിവസം കിലോയ്ക്ക് 50 രൂപയിലെത്തി. രണ്ട് മാസത്തിനു ശേഷം പുതിയ ഖാരിഫ് വിള വിപണിയിലെത്തുന്ന ഡിസംബര്‍ വരെ ഉള്ളിവില ഉയരുമെന്നാണ് വിലയിരുത്തുന്നത്. വിപണിയിലേക്കുള്ള ഉള്ളിയുടെ വരവ് കുറഞ്ഞതാണ് ഉള്ളി വില ഉയരാനുള്ള പ്രധാന കാരണം.
ഖാരിഫ് വിളകളുടെ വിതക്കലിന്റെ കാലതാമസവും ഉത്പാദന കുറവും മൂലം ഉള്ളി വിതരണം കുറഞ്ഞിരുന്നു. ഇതിനാല്‍ ഓഗസ്റ്റ് 25 ന് ഉള്ളിയുടെ വില ഉയരാന്‍ തുടങ്ങിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയിരുന്നു. നാഫെഡ് സംഭരിച്ച ഉള്ളി മൊത്തക്കച്ചവട വിപണിയില്‍ നിലവിലുള്ള വിപണി വിലയേക്കാള്‍ താഴെ വില്‍ക്കാനും സര്‍ക്കാര്‍ തുടങ്ങി.
'അഹമ്മദ്നഗര്‍ വിപണിയില്‍ ഉള്ളിയുടെ ശരാശരി വില ഏകദേശം 10 ദിവസം മുമ്പ് കിലോയ്ക്ക് 35 രൂപയില്‍ നിന്ന് ഇപ്പോള്‍ 45 രൂപയായി വര്‍ധിച്ചു,' അഹമ്മദ്നഗര്‍ ജില്ലയിലെ ഉള്ളി വ്യാപാരികളുടെ അസോസിയേഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍ ഷിര്‍കെ പറഞ്ഞു. മഹാരാഷ്ട്രയിലെ ഉള്ളി ഉത്പാദിപ്പിക്കുന്ന മിക്ക ജില്ലകളിലും ശരാശരി മൊത്തവില ഇപ്പോള്‍ 45 രൂപക്കും 48 രൂപക്കും ഇടയിലാണ് കിലോക്കേ് വില.
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ സംഭരിച്ച ഉള്ളിയുടെ വരവ് ഏകദേശം 40 ശതമാനം കുറഞ്ഞു. പ്രതിദിനം 10 ടണ്‍ ശേഷിയുള്ള 400 വാസനങ്ങളില്‍ ഇറക്കിയിരുന്ന ചരക്ക് 250 വാഹനങ്ങളിലേക്ക് ചുരുങ്ങിയതായി ഷിര്‍കെ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ഖാരിഫ് ഉള്ളി വിതച്ചത് കുറവാണ്. കുറവ് മഴ ലഭിച്ചതും ഈ സംസ്ഥാനങ്ങളില്‍ ഉള്ളി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു. ഖാരിഫ് വിളകളുടെ അടുത്ത വിളവെടുപ്പ് രാജസ്ഥാനിലാണ്. എന്നാല്‍ ഇത്തവണ ഉത്പാദനം 40 ശതമാനം കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
ഉത്തരേന്ത്യന്‍ വിപണികളിലെ ഉള്ളി വില വ്യത്യാസം കേരളത്തിലും പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. സവാള ഇന്നത്തെ വിലനിലവാരത്തില്‍ മൊത്ത വ്യാപാരത്തില്‍ കിലോക്ക് 35 രൂപയും റീട്ടെയ്ല്‍ വിഭാഗത്തില്‍ 40-50 രൂപയുമാണ് ഈടാക്കുന്നത്. ഷോപ്പിംഗ് മാളുകളില്‍ 58 രൂപ വരെ കിലോക്ക് വില വരുന്നുണ്ട്. ചെറിയ ഉള്ളി കൈ പൊള്ളുന്ന വിലയിലാണ്. 110 നും 130 രൂപ യ്ക്കും ഇടയിലാണ് കിലോക്ക് വില.