ബിസിനസിലും 'മാന്‍ ഓഫ് ദി മാച്ച്' ലക്ഷ്യമിട്ട് മുരളീധരന്‍

  • പാനീയ, മിഠായി യൂണിറ്റിനായി 1400 കോടി നിക്ഷേപിക്കും
  • താരത്തിന് 46 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചു
  • അടുത്ത ജനുവരിയില്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കും

Update: 2024-06-18 16:00 GMT

കര്‍ണാടകയില്‍ വന്‍ നിക്ഷേപത്തിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍. ചാമരാജനഗര ജില്ലയിലെ ബദനഗുപ്പെയില്‍ പാനീയങ്ങളും (ശീതളപാനീയങ്ങളും) മിഠായി യൂണിറ്റും സ്ഥാപിക്കുന്നതിനായി ഘട്ടംഘട്ടമായി മുന്‍ ക്രിക്കറ്റ് താരം 1400 കോടി രൂപയാണ് നിക്ഷേപിക്കുക. കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീലാണ് ഇക്കാര്യമറിയിച്ചത്.

പാട്ടീലുമായി ഇത് സംബന്ധിച്ച് മുരളീധരന്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് പ്രഖ്യാപനമുണ്ടായത്.

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുരളീധരന്‍ 'മുത്തയ്യ ബിവറേജസ് ആന്‍ഡ് കണ്‍ഫെക്ഷണറീസ്' എന്ന ബ്രാന്‍ഡില്‍ പാനീയങ്ങളും പലഹാരങ്ങളും നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

230 കോടി രൂപ മുതല്‍മുടക്കില്‍ ആദ്യം തയ്യാറാക്കിയ പദ്ധതി ഇപ്പോള്‍ 1000 കോടി രൂപയായി ഉയര്‍ത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 1,400 കോടി രൂപയായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി 46 ഏക്കര്‍ ഭൂമി ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും 2025 ജനുവരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ നിലവിലുള്ളത് ഉടന്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമീപഭാവിയില്‍ ധാര്‍വാഡില്‍ മറ്റൊരു യൂണിറ്റ് സ്ഥാപിക്കാന്‍ മുരളീധരന് പദ്ധതിയുണ്ടെന്നും പാട്ടീല്‍ വെളിപ്പെടുത്തി.

Tags:    

Similar News