5 വര്‍ഷത്തേയ്ക്ക് റിലയന്‍സിന്റെ ചെയര്‍മാനും എംഡിയുമായി മുകേഷ് അംബാനി തുടരും

  • മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ ബോര്‍ഡ് ഡയറക്ടര്‍മാരായി നിയമിച്ചു
  • ടെലികോം, റീട്ടെയില്‍ വിഭാഗങ്ങളുടെ നേതൃസ്ഥാനങ്ങള്‍ യഥാക്രമം ആകാശും ഇഷയും വഹിക്കും

Update: 2023-08-28 11:29 GMT

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി 5 വര്‍ഷത്തേയ്ക്ക് മുകേഷ് അംബാനി തുടരും. ഇക്കാര്യം റിലയന്‍സിന്റെ 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനിയാണ് അറിയിച്ചത്.

' ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയിലുള്ള എന്റെ കടമകളും ഉത്തരവാദിത്തങ്ങളും അഞ്ച് വര്‍ഷം കൂടി കൂടുതല്‍ ഊര്‍ജസ്വലതയോടെ നിര്‍വഹിക്കുമെന്നു മുകേഷ് അംബാനി പറഞ്ഞു.

മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെയും അദ്ദേഹം ബോര്‍ഡ് ഡയറക്ടര്‍മാരായി നിയമിച്ചു.

ടെലികോം, റീട്ടെയില്‍ വിഭാഗങ്ങളുടെ നേതൃസ്ഥാനങ്ങള്‍ യഥാക്രമം ആകാശും ഇഷയും വഹിക്കും. ഇളയമകന്‍ അനന്തിനെ ഊര്‍ജ്ജ ബിസിനസും ഏല്‍പ്പിച്ചു.

ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ ഫൈബര്‍ സെപ്റ്റംബര്‍ 19ന് ലോഞ്ച് ചെയ്യുമെന്ന് യോഗത്തില്‍ അറിയിച്ചു.

ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയൊട്ടാകെ 5ജി വ്യാപിപ്പിക്കാനാണു ജിയോ ലക്ഷ്യമിടുന്നതെന്നും മുകേഷ് അംബാനി പറഞ്ഞു.

ജിയോ, റിലയന്‍സ് റീട്ടെയില്‍സ് എന്നിവയുള്‍പ്പെടെ റിലയന്‍സിന്റെ എല്ലാ ബിസിനസ് വിഭാഗങ്ങളിലും ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നു 66-കാരനായ മുകേഷ് അംബാനി പറഞ്ഞു.

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഷ്വറന്‍സ് മേഖലയിലേക്ക്

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഷ്വറന്‍സ് മേഖലയിലേക്ക് പ്രവേശിക്കും. ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങളായിരിക്കും വില്‍പ്പന നടത്തുക. ഇതിനായി ഇന്‍ഷ്വറന്‍സ് മേഖലയിലെ ആഗോള ഭീമന്മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നു വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി അറിയിച്ചു.

പുതിയ ജിയോ സ്മാര്‍ട്ട് ഹോം സേവനങ്ങള്‍ ലോഞ്ച് ചെയ്തു

ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ജിയോ സ്മാര്‍ട്ട് ഹോം സേവനങ്ങള്‍ വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ചു.

ജിയോ ഹോം ആപ്

വീടുകളിലുള്ള വൈഫൈ സംവിധാനം നിയന്ത്രിക്കാനും ജിയോ സെറ്റ് ടോപ് ബോക്‌സിന്റെ റിമോട്ട് കണ്‍ട്രോളറായും ഈ ആപ് ഉപയോഗിക്കാന്‍ സാധിക്കും.

ജിയോ സെറ്റ് ടോപ് ബോക്‌സ്

ജിയോ സിനിമ ഉള്‍പ്പെടെ ഒടിടി സേവനങ്ങളെല്ലാം ലഭിക്കുന്ന ജിയോ സെറ്റ് ടോപ് ബോക്‌സില്‍ മള്‍ട്ടി വീഡിയോ, പിക്ചര്‍ ഇന്‍ പിക്ചര്‍, സബ്‌ടൈറ്റില്‍ സേവനങ്ങള്‍ ലഭിക്കും.

ജിയോ ട്രൂ 5ജി ഡവലപ്പര്‍ പ്ലാറ്റ്‌ഫോം

ജിയോ ട്രൂ 5ജി ഡവലപ്പര്‍ പ്ലാറ്റ്‌ഫോം പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു.

ജിയോ 5ജി നെറ്റ് വര്‍ക്ക്, എഡ്ജ് കമ്പ്യൂട്ടിംഗ്, ഒരു കൂട്ടം ആപ്ലിക്കേഷനുകളെയും സേവനങ്ങളെയും സംയോജിപ്പിക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

' മക്കളില്‍ ഞാന്‍ എന്റെ അച്ഛന്റെ തിളക്കം കാണുന്നു ' -മുകേഷ് അംബാനി

' മക്കളായ ഇഷയിലും ആകാശിലും അനന്തിലും ഞാന്‍ എന്റെ അച്ഛനെ കാണുന്നു. ധീരുഭായി അംബാനിയുടെ ശോഭയാണ് മൂന്നു പേരിലും ഞാന്‍ കാണുന്നത് ' - 66 കാരനായ മുകേഷ് അംബാനി റിലയന്‍സിന്റെ 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു.

1977-ല്‍ 20 വയസ്സ് മാത്രമുള്ളപ്പോള്‍ റിലയന്‍സിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടറിലേക്ക് എന്റെ അച്ഛന്‍ എന്നെ ഉള്‍പ്പെടുത്തിയ ആ ദിവസത്തെ ഇന്ന് (2023 ഓഗസ്റ്റ് 28) ഓര്‍മപ്പെടുത്തുന്നതിനാല്‍ ഇത് എനിക്ക് ശരിക്കും ഒരു വൈകാരിക നിമിഷമാണ്- വാര്‍ഷിക പൊതുയോഗത്തിനിടെ മുകേഷ് അംബാനി പറഞ്ഞു.

ഈ യോഗത്തില്‍ വച്ചായിരുന്നു മക്കളായ ഇഷയും, ആകാശും, അനന്തും കമ്പനിയുടെ ബോര്‍ഡിലേക്ക് നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    

Similar News