രൂപയിലുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് യെസ് പറഞ്ഞ് അയല്‍ രാജ്യങ്ങള്‍

  • എച്ച്ഡിഎഫ്സി ബാങ്ക്, യുകോ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകള്‍ക്ക് പ്രത്യേക വോസ്ട്രോ അക്കൗണ്ടുകളുണ്ട്.
  • പല ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഈ നീക്കം ഗുണകരമാണ്.
  • വിദേശ വ്യാപാര നയത്തില്‍ മാറ്റങ്ങള്‍ ആവശ്യമായി വരും

Update: 2024-03-11 10:43 GMT

ഇന്ത്യയുമായി രൂപയില്‍ വ്യാപാരം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് ബംഗ്ലാദേശ്, ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്ത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ ഇടപാട് ചെലവുകള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ആഭ്യന്തര കറന്‍സികളുടെ വ്യാപാരം പ്രേത്സാഹിപ്പിക്കുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ടെന്ന് രാജ്യങ്ങള്‍ ക്രമേണ തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ എല്ലാ അന്താരാഷട്ര ഇടപാടുകളിലും ആഭ്യന്തര കറന്‍സി മൂല്യം ഡോളറിലേക്ക് പരിവര്‍ത്തനം ചെയ്താണ് വിനിമയം ചെയ്യുന്നത്. ഇത് ഇടപാട് ചെലവ് വര്‍ധിപ്പിക്കുന്നതാണ്. കൂടാതെ വിദേശ നാണ്യത്തിനും ഇടപാട് നഷ്ടത്തിനും കാരണമാകുന്നു. ഒപ്പം പണമിടപാടില്‍ കാലതാമസവും വരുത്തുന്നു. ഇന്ത്യ ആദ്യമായി ഇത്തരത്തില്‍ രൂപയില്‍ ഇടപാട് നടത്തിയത് യുഎഇയുമായാണ്. ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്. സെന്‍ട്രല്‍ ബാങ്കുകള്‍ ഇത് സംബന്ധിച്ച ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇറക്കുമതിക്കാരുടേയും കയറ്റുമതിക്കാരുടേയും സ്വീകര്യത വര്‍ധിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

ഡോളറിന്റെ ക്ഷാമം നേരിടുന്ന പല രാജ്യങ്ങളെയും രൂപയുടെ വ്യാപാരം സഹായിക്കുന്നു. നേപ്പാളും ഭൂട്ടാനും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി രൂപ വ്യാപാരം തുടങ്ങിയിട്ടുണ്ട്. കൂടാതെ റഷ്യയും പരിഗണനയിലാണ്. ഇന്ത്യയുടെ പ്രധാന ക്രൂഡ് വിതരണക്കാരാണ് യുഎഇ. അതിനാല്‍ ഈ രാജ്യവുമായി രൂപയുടെ വിനിമയം വന്‍ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ലോകത്തെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യന്‍ രൂപ ഒരു ആഗോള കറന്‍സിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ രൂപയില്‍ അന്താരാഷ്ട്ര വ്യാപാര സെറ്റില്‍മെന്റ് അനുവദിക്കുന്നതിന് എഫ്ടിപി (വിദേശ വ്യാപാര നയം) യില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

വാസ്‌ട്രോ അക്കൗണ്ടുകള്‍

2022 ജൂലൈയില്‍, ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരം രൂപയില്‍ തീര്‍പ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിനുസരിച്ച് വ്യാപാര പങ്കാളിയായ രാജ്യത്തിന്റെ ബാങ്കുകളില്‍ സ്‌പെഷ്യല്‍ രുപീ വാസ്‌ട്രോ അക്കൗണ്ടുകള്‍ തുടങ്ങണം. ഇന്ത്യന്‍ രൂപയില്‍ വിദേശ ബാങ്കുകള്‍ നിക്ഷേപം സൂക്ഷിക്കും.

ഒരു ഇന്ത്യന്‍ വ്യാപാരി ഒരു വിദേശ വ്യാപാരിക്ക് രൂപയില്‍ പണമടയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍, തുക ഈ വോസ്‌ട്രോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

അതുപോലെ, വിപരീത സാഹചര്യത്തില്‍, ഒരു ഇന്ത്യന്‍ വ്യാപാരിക്ക് നല്‍കേണ്ട തുക വോസ്‌ട്രോ അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുകയും വ്യക്തിയുടെ സാധാരണ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു.

Tags:    

Similar News