ഖാരിഫ് നെല്ല് സംഭരണം തുടങ്ങി കേന്ദ്ര സര്‍ക്കാര്‍
- കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ നെല്ല് സംഭരണം നടത്തും
ഖാരിഫ് സീസണിലെ നെല്ല് സംഭരിക്കാന്‍ തുടങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ 12.21 ലക്ഷം ടണ്‍ ധാന്യം കര്‍ഷകരില്‍ നിന്ന് അടിസ്ഥാന താങ്ങുവിലയ്ക്ക് വാങ്ങിയതായി ഭക്ഷ്യമന്ത്രാലയം അറിയിച്ചു. തമിഴ്നാട്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ 99,675 കര്‍ഷകരില്‍ നിന്ന് 2,689.77 കോടി രൂപയുടെ നെല്ല് അടിസ്ഥാന നിരക്കില്‍ സംഭരിച്ചതായി മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.
ഈ വര്‍ഷം 411.96 ലക്ഷം ഹെക്ടറിലാണ് ഖാരിഫ് നെൽകൃഷി. വിതച്ച ഖാരിഫ് നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞയാഴ്ച ആരംഭിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എഫ്സിഐ) സംസ്ഥാന ഏജന്‍സികളും അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള ശേഖരം ഉറപ്പാക്കുന്നതിനും കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമാണ് അടിസ്ഥാന താങ്ങുവിലയില്‍ സംഭരണം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം സീസണില്‍ 496 ലക്ഷം ടണ്‍ വാങ്ങിയിരുന്ന സ്ഥാനത്ത് ഈ സീസണില്‍ 521.27 ലക്ഷം ടണ്‍ സംഭരിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.