വനിതകള്‍ ചരിത്രം കുറിക്കുന്ന കാശി മില്‍ക്ക് കമ്പനി

  • രണ്ടുവര്‍ഷം കൊണ്ട് വിറ്റുവരവ് 200കോടിയായി ഉയരുന്നു
  • രണ്ടായിരം വനിതകള്‍ ഇതിനകം ലക്ഷാധിപതികളായി
  • അംഗങ്ങളായി പതിനേഴായിരം വനിതാ ക്ഷീരകര്‍ഷകര്‍

Update: 2023-11-06 10:04 GMT

വനിതകള്‍മാത്രം അംഗങ്ങളായ കാശി മില്‍ക്ക് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ വളര്‍ച്ചയില്‍ ചരിത്രം കുറിക്കുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ചു ജില്ലകള്‍ കേന്ദ്രീകരിച്ച് 2022 മാര്‍ച്ച് ഒന്‍പതിന് പ്രവര്‍ത്തനം ആരംഭിച്ച കാശി മില്‍ക്ക് ആദ്യവര്‍ഷത്തില്‍ത്തന്നെ 37കോടിരൂപയുടെ വിറ്റുവരവാണ് നേടിയത്. 2023-24സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ വിറ്റുവരവ് 200കോടിയായി ഉയരുമെന്ന് കമ്പനി അറിയിച്ചു. വിറ്റുവരവില്‍ സ്ഥാപനം ആറിരട്ടി വളര്‍ച്ച നേടുമെന്നാണ് ചീഫ് എക്സിക്യൂട്ടീവ് മന്‍വീര്‍ സിംഗ് അഭിപ്രായപ്പെടുന്നത്.

നിലവില്‍ 650 ഗ്രാമങ്ങളിലെ 17000 വനിതാ ക്ഷീരകര്‍ഷകര്‍ കാശി മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 35000 വനിതാ അംഗങ്ങളെ ഉല്‍പ്പെടുത്തുക എന്നലക്ഷ്യത്തിലാണ് ഇപ്പോള്‍ സ്ഥാപനം.

'ഗ്രാമീണ വനിതാ ക്ഷീരകര്‍ഷകരുടെ ഒരു മികച്ച കൂട്ടായ്മയായി ഇന്ന് കാശി മില്‍ക്ക് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (കെഎംപിഒ) മാറിക്കഴിഞ്ഞു. ഒരു നിശബ്ദ സേനയായി അവര്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ മുന്നേറ്റത്തില്‍ ഇതുവരെ 2000 വനിതകള്‍ ലക്ഷാധിപതികളായിക്കഴിഞ്ഞു. ഇത് വര്‍ഷാവസാനത്തോടെ മൂവായിരം കടക്കും. അംഗങ്ങള്‍ക്ക് നല്‍കുന്ന ന്യായവും സുതാര്യവുമായ സംഭരണവിലയാണ് വേഗത്തിലുള്ള വളര്‍ച്ചക്ക് കാരണം' മന്‍വീര്‍ സിംഗ് പറഞ്ഞു.

ആദ്യ18-19 മാസങ്ങളില്‍ത്തന്നെ അംഗങ്ങളില്‍ ഒരാള്‍ പാല്‍ നല്‍കുന്നതിലൂടെ 30ലക്ഷം രൂപ സമ്പാദിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 300 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ബള്‍ക്ക് പാല്‍ വില്‍പ്പനയ്ക്ക് പുറമേ, കാശി രുചിയുള്ള പാക്ക്ഡ് ഉല്‍പ്പന്നങ്ങളിലേക്കും കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ റൂറല്‍ ലൈവ് ലിഹുഡ് മിഷന്റെയും (എന്‍ആര്‍എല്‍എം) യുപി സ്റ്റേറ്റ് റൂറല്‍ ലൈവ് ലിഹുഡ് മിഷന്റെയും (യുപിഎസ്ആര്‍എല്‍എം) പിന്തുണയോടെയാണ് കാശി മില്‍ക്ക് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചത്. ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ അനുബന്ധ സ്ഥാപനമായ ന്‍െഡിഡിബി ഡയറി സര്‍വീസസിന്റെ സാങ്കേതിക പിന്തുണയും സ്ഥാപത്തിനുണ്ട്.

''മൊത്തം വരുമാനത്തില്‍ നിന്ന്, 90 ശതമാനം അംഗ കര്‍ഷകര്‍ക്ക് പാല്‍ വിലയും ഇന്‍സെന്റീവും നല്‍കി. അതേമാനദണ്ഡങ്ങള്‍ക്കനുസൃതമായി ഈ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചുജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വനിതാ ക്ഷീര കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 180 കോടി രൂപ കൈമാറും' കെഎംപിഒ ചെയര്‍പേഴ്സണ്‍ സരിതാ ദേവി പറഞ്ഞു.

നിലവില്‍ സ്ഥാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന പാല്‍സംഭരണം പ്രതിദിനം 1.15 ലക്ഷം ലിറ്ററിലെത്തി. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഒരു ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം നല്‍കുന്ന സ്ഥാപനമായി കെഎംപിഒ മാറും.

'അടുത്ത വര്‍ഷം വാരണാസി, ഭദോഹി ജില്ലകളിലേക്ക് ഞങ്ങളുടെ പാല്‍ ശേഖരണം വ്യാപിപ്പിക്കും. ബാലിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, സോന്‍ഭദ്ര, ചന്ദൗലി എന്നീ അഞ്ച് ജില്ലകളില്‍ വ്യാപിപ്പിക്കുന്നതിന് പുറമെ കുറഞ്ഞത് മുന്നൂറ് ഗ്രാമങ്ങളെങ്കിലും ഞങ്ങളുടെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കും,' സരിതാ ദേവി പറഞ്ഞു.

അംഗങ്ങള്‍ക്കുള്ള പാല്‍ പേയ്മെന്റ് ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണകളായി അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നല്‍കുന്നു. ഓരോ മാസവും 10-ാം ദിവസത്തില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് എത്രയെന്ന് അറിയാന്‍ തത്സമയം പാലിന്റെ അളവും ഗുണനിലവാരവും കാണുന്നതിന് അംഗങ്ങള്‍ക്ക് ഒരു ഫോണ്‍ ആപ്ലിക്കേഷന്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

കൂടാതെ, സംഘടന അതിന്റെ അംഗങ്ങള്‍ക്ക് കാലിത്തീറ്റ,വെറ്റിനറി പിന്തുണ എന്നിവ നല്‍കുന്നുണ്ട്. ഗാര്‍ഹിക ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അതിന്റെ കവറേജ് ഏരിയയില്‍ 100 ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കുന്നു.

ഡെല്‍ഹിയിലെ അതിന്റെ അനുബന്ധ സ്ഥാപനമായ മദര്‍ ഡയറി വഴി ഈ മേഖലയില്‍ സംഭരിക്കുന്ന പാലിന് ഫോര്‍വേഡ് ലിങ്കേജുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ വിവിധ ഡയറി സംരംഭങ്ങള്‍ നിലവില്‍ ഈ മേഖലയില്‍ നടക്കുന്നുണ്ട്.

Tags:    

Similar News