മേക്കപ്പ്- ആഭരണ വിപണിയില്‍ തിളക്കം നല്‍കി കര്‍വ്വാ ചൗത്ത്

  • ഈ കര്‍വ ചൗത്തിലെ വില്‍പ്പനയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇരട്ട അക്ക വളര്‍ച്ചയാണ് കൈവരിച്ചത്.

Update: 2023-11-03 08:15 GMT

 ഇന്ത്യക്കാര്‍ക്കിത് ഉത്സവ സീസണാണ്. നവരാത്രി മുതല്‍ പുതുവര്‍ഷം വരെ തുടര്‍ച്ചയായി ആഘോഷങ്ങളാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യക്കാര്‍ക്ക്. ഇതിനെല്ലാം നേട്ടം കൊയ്യുന്നത് വിപണിയാണ്.

നവരാത്രിക്ക് ശേഷം കോടികളുടെ വരുമാനമാണ് കര്‍വ്വാ ചൗത്തില്‍  കോസ്‌മെറ്റിക്‌സ്-ജുവല്ലറി സെക്ടര്‍ വാരിക്കൂട്ടിയത്. ഈ വർഷത്തെ കർവ്വാ  ചൌത്ത് നവംബർ ഒന്നിനായിരുന്നു. (ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും സുരക്ഷയ്ക്കും വേണ്ടി ഭാര്യ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വ്രതം അനുഷ്ഠിക്കുന്ന ഉത്തരേന്ത്യയിലെ പ്രധാന ഹൈന്ദവാചാരമാണ് കര്‍വ്വാ ചൗത്ത്.).

 ഈ മാസം ഒന്നിന് മാത്രം 4 കോടി വരുമാനമാണ് ഷുഗര്‍ കോസ്‌മെറ്റിക്‌സ് നേടിയത്. ഒക്ടോബറില്‍ 75 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇവര്‍ വിറ്റഴിച്ചത്. ഷുഗര്‍ കോസ്‌മെറ്റിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് വിനീത സിംഗ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സഹിതം പങ്കുവച്ചതാണ് ഈ വിവരങ്ങള്‍.

സെലിബ്രെറ്റികള്‍ അടുത്ത കാലത്തായി തംരഗമാക്കി മാറ്റിയ കര്‍വ്വാ ചൗത്ത് മേക്കപ്പ്, ആഭരണങ്ങള്‍, സലൂണ്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്ക് ഒറ്റദിവസത്തെ വന്‍ വില്‍പ്പന നേട്ടമാണ് നല്‍കുന്നത്. 30,000 രൂപ മുതല്‍ മൂന്ന് ലക്ഷം വരെയുള്ള പാക്കേജുകളാണ് ഹൈ എന്‍ഡ് സലൂണുകളില്‍ ഉത്സവകാലത്ത് ഈടാക്കുന്നത്.

അതേസമയം സ്വര്‍ണവില 10 ഗ്രാമിന് 61,000 രൂപ കടന്നിട്ടും രാജ്യത്തുടനീളമുള്ള ആഭരണ വ്യാപാരികള്‍ക്ക് കര്‍വ്വ ചൗത്ത് ഒരു ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. കര്‍വ്വ ചൗത്തിനോടടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വില്‍പ്പന 20 മുതല്‍ 25ശതമാനം വരെ ഉയര്‍ന്നു, ഇത് ഈ മാസം 10, 12 തിയതികളില്‍ വരുന്ന ധന്‍തേരസ്, ദീപാവലി വില്‍പ്പനയ്ക്ക് കരുത്തു പകരുന്നതായാണ് വിലയിരുത്തല്‍.

മംഗല്യസൂത്ര മുതല്‍ കമ്മലുകള്‍, വളകള്‍ എന്നിവയ്ക്ക് വലിയ ഡിമാന്റാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കര്‍വ ചൗത്തിനെ അപേക്ഷിച്ച് സ്വര്‍ണ്ണാഭരണങ്ങളുടെയും കനംകുറഞ്ഞ വജ്രാഭരണങ്ങളുടെയും വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഒരു സാധാരണ ദിവസത്തെ അപേക്ഷിച്ച് കര്‍വ്വ ചൗത്തിലെ വില്‍പ്പന 50 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

700 രൂപയിലധികം വിലയുള്ള ലിപ്സ്റ്റിക്കു കളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതെന്ന് ലോട്ടസ് ഹെര്‍ബല്‍സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കര്‍വ്വ ചൗത്ത് ആഘോഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധനയാണ് ലോട്ടസിന് ഇത്തവണ.

ഈ വര്‍ഷം വിവാഹത്തിന്‍റെ എണ്ണത്തിലും   വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. മൂന്നര ദശലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 4.25 ലക്ഷം കോടി രൂപയുടെ ബിസിനസ്സാണ് ഇതുവഴി ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) റിപ്പോര്‍ട്ട് പറയുന്നു.


Tags:    

Similar News