ദക്ഷിണേന്ത്യക്ക് പുറത്ത് ദീപാവലിക്ക് മുമ്പ് 20 ഷോറൂം തുറക്കാനൊരുങ്ങി കല്യാണ്‍
- മിഡില്‍ ഈസ്റ്റിലെ ആദ്യ ഫോകോ ഷോറൂം ഉടന്‍
- ഈ വര്‍ഷം ലക്ഷ്യമിടുന്നത് മൊത്തം 52 പുതിയ ഷോറൂമുകള്‍ക്ക്
- ഓണക്കാലം മുതല്‍ പുതിയ കളക്ഷനുകളും ക്യാംപെയ്നുകളും
ദീപാവലിക്ക് മുമ്പ് ദക്ഷിണേന്ത്യക്ക് പുറത്ത് 20 പുതിയ ഷോറൂമുകൾ തുറക്കാൻ പദ്ധതിയിടുന്നതായി കല്യാൺ ജൂവലേഴ്‌സ് തങ്ങളുടെ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്തമായി 52 ഷോറൂമുകൾ കൂട്ടിച്ചേർക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മേയില്‍ മൈഫിന്‍ പോയിന്‍റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023 -24 ന്‍റെ ആദ്യപാദത്തില്‍ തെക്കേ ഇന്ത്യക്ക് പുറത്ത് ആകെ 12 സ്റ്റോറുകൾ തുറന്നിട്ടുണ്ട്.
രണ്ടാം പാദത്തിൽ മിഡിൽ ഈസ്റ്റിൽ തങ്ങളുടെ ആദ്യ ഫോകോ (ഫ്രാഞ്ചൈസി ഓണ്‍ഡ് കമ്പനി ഓപ്പറേറ്റഡ്) ഷോറൂം ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഭാവിയില്‍ കമ്പനി മിഡില്‍ ഈസ്റ്റില്‍ വലിയ വിപൂലീകരണ ശ്രമങ്ങള്‍ നടത്തും. കൂടാതെ, കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ഓൺലൈൻ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാൻഡറെ(Candere)യുടെ ബ്രാന്‍ഡ് നാമത്തില്‍ 20 ഫിസിക്കൽ ഷോറൂമുകൾ ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
"വരാനിരിക്കുന്ന പുതിയ ഷോറൂം ലോഞ്ചുകളെക്കുറിച്ച് ഞങ്ങൾ ഉത്സാഹഭരിതരാണ്, ഓണം മുതൽ നടപ്പ് പാദത്തിന്റെ അവസാനത്തോടെ രാജ്യത്തുടനീളം വരാനിരിക്കുന്ന ഉത്സവ, വിവാഹ സീസണുകൾക്കെല്ലാമായി പുതിയ കളക്ഷനുകളും കാമ്പെയ്‌നുകളും ഒരുങ്ങുകയാണ്,” കമ്പനി അറിയിച്ചു. 2023 ജൂൺ 30ലെ കണക്കുപ്രകാരം, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള മൊത്തം കല്യാണ്‍ ഷോറൂമുകളുടെ എണ്ണം 194 ആണ്. വിവാഹ വാങ്ങലുകളുമായി ബന്ധപ്പെട്ട ഉപഭോക്തൃ ആവശ്യകതയില്‍ ശക്തമായ ആക്കമുണ്ടാകുമെന്നാണ് കമ്പനി കണക്കാക്കുന്നത്.
2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കല്യാൺ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 3.11 ശതമാനം ഇടിഞ്ഞ് 697.99 കോടി രൂപയായിരുന്നു. നാലാം പാദത്തിൽ കമ്പനിയുടെ മൊത്തവരുമാനം മുന്‍ വർഷം നാലാം പാദത്തിലെ 2,868.52 കോടി രൂപയിൽ നിന്ന് 3,396.42 കോടി രൂപയായി ഉയർന്നു. എന്നാൽ ചെലവ്. 2021 -22 നാലാം പാദത്തിലെ 2,772.64 കോടി രൂപയിൽ നിന്ന് 3,268.47 കോടി രൂപയായി ഉയര്‍ന്നതാണ് അറ്റാദായം ഇടിയാന്‍ ഇടയാക്കിയത്. 2022-23 സാമ്പത്തിക വർഷത്തില്‍ മൊത്തമായി, കമ്പനിയുടെ ഏകീകൃത ലാഭം ഏകദേശം ഇരട്ടിച്ച് 431.93 കോടി രൂപയിലെത്തി. ഇത് മുൻ സാമ്പത്തിക വർഷത്തില്‍ 224.03 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുൻ വർഷത്തെ 10,856.22 കോടി രൂപയിൽ നിന്ന് 14,109.33 കോടിയായി ഉയർന്നു.
മാർച്ച് അവസാനം വരെയുള്ള കണക്ക് പ്രകാരം കമ്പനിക്ക് 3,503 കോടി രൂപയുടെ ഏകീകൃത പ്രവർത്തന മൂലധന വായ്പയുണ്ട്. ഇതിൽ, ഗോൾഡ് മെറ്റൽ ലോൺ (ജിഎംഎൽ) 1,853 കോടി രൂപയും ബാക്കിയുള്ള നോൺ-ജിഎംഎൽ 1,650 കോടി രൂപയുമാണ്. വായ്പകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും ഡിവിഡന്‍റ് വിതരണത്തിനുമായി വാര്‍ഷിക ലാഭത്തിന്‍റെ പകുതിയോളം നീക്കിവെക്കുന്നതിനാണ് നിലനില്‍ കമ്പനി ആലോചിക്കുന്നത്.
ഉയർന്ന ചിലവുള്ള നോൺ-ജിഎംഎൽ കടം തീര്‍ത്തുകൊണ്ട് വായ്പാഭാരം പ്രതിവര്‍ഷം 15 ശതമാനം കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതായത് ഈ വർഷം ഏകദേശം 450 കോടി രൂപയുടെ കടം കുറയ്ക്കുന്നതിന് സാധ്യതയുണ്ട്. പ്രവർത്തന മൂലധന വായ്പകൾക്കായി ബാങ്കുകളിൽ പണയം വച്ചിട്ടുള്ള വിമാനങ്ങളും ഭൂസ്വത്തുക്കളും ഉൾപ്പെടുന്ന കമ്പനിയുടെ അപ്രധാനമായ ചില ആസ്തികൾ വിറ്റഴിക്കുന്നതിലൂടെ ഇപ്പോൾ തന്നെ കടം കുറക്കുന്നതിന് കമ്പനിക്ക് സാധ്യമാകും.
വില്‍ക്കാനകുന്ന ഭൂസ്വത്തിന് ഏകദേശം 500 കോടി രൂപയാണ് കമ്പനി കണക്കാക്കുന്നത്. രണ്ട് വിമാനങ്ങൾക്കും കൂടി 134 കോടി രൂപയും ശേഷിക്കുന്ന ഹെലികോപ്റ്ററിന് 30 കോടി രൂപയുമാണ് വില കണക്കാക്കിയിരിക്കുന്നത്.