ജനുവരി-ജൂണ്‍: സ്വകാര്യ ഇക്വിറ്റി വരവില്‍ 61% ഇടിവ്

Update: 2023-07-11 06:18 GMT

2023ന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയിലേക്കുള്ള സ്വകാര്യ ഇക്വിറ്റി(പിഇ) നിക്ഷേപത്തില്‍ ഗണ്യമായ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. ജനുവരി-ജൂണ്‍ കാലയളവില്‍ പിഇ നിക്ഷേപം  61 ശതമാനം കുറഞ്ഞ് 6.1 ബില്യൺ ഡോളറിലെത്തി എന്നാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്‍റെ ഉപകമ്പനിയായ  റിഫിനിറ്റിവ് സംയോജിപ്പിച്ച് പുറത്തിറക്കിയ ഡാറ്റ കാണിക്കുന്നത്. സാമ്പത്തിക വിപണികളെ സംബന്ധിച്ച ഡാറ്റയും ഉള്‍ക്കാഴ്ചകളും പ്രദാനം ചെയ്യുന്നതില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ സ്ഥാപനങ്ങളിലൊന്നാണ് ഇത്. 2020ന് ശേഷം ഒരു വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന പിഇ മൂല്യമാണ് ഇത്. 

ആഗോള തലത്തില്‍ സൂക്ഷ്മ സാമ്പത്തിക സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്ന  അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കടുപ്പമേറിയ വായ്പാ അന്തരീക്ഷവുമാണ് സ്വകാര്യ ഇക്വിറ്റി വരവിനെ ബാധിച്ച പ്രധാന ഘടകങ്ങള്‍. ഫണ്ടിംഗുകളുടെ കാര്യത്തില്‍ ക്ഷാമം നേരിടുകയാണെങ്കിലും  ഇന്ത്യയിലേക്കുള്ള പിഇ മൂലധനത്തിന്റെ  വരവില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നവരായി സ്റ്റാർട്ടപ്പുകൾ തുടരുകയാണ്. എങ്കിലും സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപ വരവ് മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച്   69 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ആദ്യ പാദത്തില്‍ നിന്ന് രണ്ടാം പാദത്തില്‍ എത്തുമ്പോള്‍  പിഇ ഡീലുകളുടെ എണ്ണം  53 ശതമാനം ഉയർന്ന് ഏകദേശം 300 ഇടപാടുകളിലേക്ക് എത്തി. ഇടപാടുകളുടെ മൂല്യം പാദാടിസ്ഥാനത്തില്‍ 0.8 ശതമാനം വർധിച്ച് 2.6 ബില്യൺ ഡോളറില്‍ എത്തുകയും ചെയ്തു. 2022-ൽ ഇന്ത്യ ആസ്ഥാനമായുള്ള PE ഫണ്ടുകൾക്ക് 13.7 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് തുക സമാഹരിക്കാന്‍ സാധിച്ചിരുന്നു. ഇത് കണക്കിലെടുക്കുമ്പോൾ, ഗണ്യമായ മൂലധനം ഇപ്പോഴും വിന്യസിക്കപ്പെടാന്‍ കാത്തിരിക്കുകയാണ്. 

കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയറും യൂട്ടിലിറ്റികളും ഉൾപ്പെടെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികളിലാണ് ജനുവരി-മാര്‍ച്ച് കാലയളവിൽ ഏറ്റവുമധികം പിഇ നിക്ഷേപം എത്തിയത്, 2.04 ബില്യൺ ഡോളര്‍. ഓൺലൈൻ സ്‌പെയ്‌സിലേക്കുള്ള നിക്ഷേപങ്ങളുടെ വരവ് മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 68.8 ശതമാനം കുറഞ്ഞപ്പോൾ, ഡീലുകളുടെ എണ്ണം ഒരു വർഷം മുമ്പത്തെ 262 ൽ നിന്ന് 188 ആയി കുറഞ്ഞു.  കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ വിഭാഗത്തിൽ വാര്‍ഷിക അടിസ്ഥാനത്തില്‍ 80.8 ശതമാനം ഇടിവുണ്ടായി.

ട്രാന്‍സ്‍പോര്‍ട്ടേഷന്‍ വിഭാഗത്തിലെ പിഇ നിക്ഷേപങ്ങളി‍ല്‍ 48.3 ശതമാനം കുറവ് രേഖപ്പെടുത്തി. ധനകാര്യ സേവനങ്ങൾ 83.2 ശതമാനത്തിന്‍റെ വളരെ ഉയർന്ന ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഉപഭോക്തൃ അധിഷ്ഠിത കമ്പനികളില്‍ 80.7 ശതമാനത്തിന്‍റെ ഇടിവ് ഉണ്ടായി. എന്നിരുന്നാലും, വ്യാവസായിക/ഊർജ്ജ മേഖലയിലേക്കുള്ള പിഇ നിക്ഷേപ ഒഴുക്ക് 354 ശതമാനം ഉയർന്നു.

അതേസമയം, ആഭ്യന്തര ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് 2.7 ശതമാനം കുറഞ്ഞ് 2.63 ബില്യൺ ഡോളറിലെത്തി. ഇത് വര്‍ഷത്തിന്‍റെ ആദ്യ പകുതിയിൽ പിഇ ധനസമാഹരണ പ്രവർത്തനത്തെ 5.3 ബില്യൺ ഡോളറിലേക്ക് എത്തിക്കുന്നു, മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 26.8 ശതമാനം കുറവാണിത്. 

അവാദ വെഞ്ച്വേഴ്സ് (1 ബില്യൺ ഡോളര്‍), ലെൻസ്കാർട്ട് സൊല്യൂഷൻസ് ( 600 ദശലക്ഷം ഡോളര്‍), ഒല ഇലക്ട്രിക് മൊബിലിറ്റി ( 300 ദശലക്ഷം ഡോളര്‍), സെറന്റിക്ക റിന്യൂവബിൾസ് ( 250 ദശലക്ഷം ഡോളര്‍), ഗിര്‍നര്‍ ഇന്‍ഷുറന്‍സ് ബ്രോക്കേര്‍സ്, സോന പ്രെസിഷന്‍ ഫോർജിംഗ്സ് (149.6 ദശലക്ഷം ഡോളര്‍ വീതം), ബയോകോൺ (129.2 ദശലക്ഷം ഡോളര്‍), മിന്‍റിഫി (110 ദശലക്ഷം ഡോളര്‍), ഫ്രെഷ് ടു ഹോം ഫുഡ്സ് (USD 104 ദശലക്ഷം), ഫിന്നൊവേഷന്‍ ടെക് സൊലൂഷന്‍സ്, ഫോണ്‍പേ, സെറ്റ്‍‍വെര്‍ക്ക് മാനുഫാക്ചറിംഗ് ബിസിനസസ് (USD 100 ദശലക്ഷം വീതം) എന്നിവയാണ് 2023 ആദ്യ പകുതിയില്‍ പിഇ നിക്ഷേപത്തില്‍ മുന്നിലെത്തിയ സ്ഥാപനങ്ങള്‍.

Tags:    

Similar News