പുതിയ ഐഫോണ്‍ മോഡലുകള്‍; നിര്‍മ്മാണം ഇന്ത്യയിലും ആരംഭിച്ചു
- ഇതാദ്യമായാണ് ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ അതിവേഗത്തില്‍ കയറ്റുമതിക്കായി ഒരുങ്ങുന്നത്
- ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള തന്ത്രമാണ് ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനം
- ആപ്പിള്‍ അതിന്റെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കുന്നു
ഉല്‍പ്പാദന തന്ത്രത്തില്‍ കാര്യമായ മാറ്റങ്ങളോടെ ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് ആഗോളതലത്തില്‍ ഇന്ന് അവതരിപ്പിക്കും. പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ലോഞ്ച് കഴിഞ്ഞ് ഉടന്‍ തന്നെ ലോകമെമ്പാടും വിതരണം ചെയ്യുമെന്നും ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഇതാദ്യമായാണ് ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ ഇത്ര വേഗത്തില്‍ ആഗോളതലത്തില്‍ കയറ്റുമതി ചെയ്യുന്നത്.
ഇന്ന് ആപ്പിളിന്റെ 'ഗ്ലോടൈം' ഇവന്റില്‍ പുറത്തിറക്കുന്ന ഐഫോണ്‍ 16 സീരീസ്, ലോഞ്ച് ചെയ്ത് 10 മുതല്‍ 12 ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റോറുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഐഫോണ്‍ 16 മോഡലുകളുടെ നിര്‍മ്മാണം ഇതിനകം ഇന്ത്യയില്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണുകള്‍ ഇപ്പോള്‍ ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ തന്നെ ലഭ്യമാകുമെന്നതിനാല്‍ ഇത് ആപ്പിളിന് ഒരു സുപ്രധാന ചുവടുവെപ്പാണ്.
ഉല്‍പ്പാദനത്തിനായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള തന്ത്രമാണ് ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനം. ഇന്ത്യയിലേക്ക് ഉല്‍പ്പാദനം വ്യാപിപ്പിക്കുന്നതിലൂടെ, ആപ്പിള്‍ അതിന്റെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കുക മാത്രമല്ല, ലോകത്തിലെ അതിവേഗം വളരുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണികളിലൊന്നില്‍ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഐഫോണ്‍ 16 സീരീസ് വലിയ സ്‌ക്രീനുകള്‍, മെച്ചപ്പെടുത്തിയ എഐ പവര്‍ ഫീച്ചറുകള്‍, മെച്ചപ്പെട്ട ക്യാമറകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന അപ്ഗ്രേഡുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്, പ്രോ മോഡലുകളില്‍, ഐഫോണ്‍ 16 പ്രോയ്ക്ക് 6.3 ഇഞ്ചും പ്രോ മാക്സിന് 6.9 ഇഞ്ചും-കൂടുതല്‍ സ്‌ക്രീന്‍ സ്പെയ്സിനായി കനം കുറഞ്ഞ ബെസലുകളോട് കൂടിയ വലിയ ഡിസ്പ്ലേകള്‍ ഉണ്ടായിരിക്കും. കൂടാതെ, എല്ലാ പുതിയ മോഡലുകളിലും പുതിയ എ18 ചിപ്പ് നല്‍കുന്നതാണ്, ഇത് വേഗതയേറിയ പ്രകടനവും മികച്ച ഊര്‍ജ്ജ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക്, മെച്ചപ്പെട്ട സൂമിനായി 5ഃ ടെലിഫോട്ടോ ലെന്‍സ് പ്രോ മോഡലുകളില്‍ ഉള്‍പ്പെടുത്തും.
ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകളുടെ ആഗോള ലഭ്യത ഇന്ത്യയുടെ സാങ്കേതിക നിര്‍മ്മാണ വ്യവസായത്തിന് ഒരു പ്രധാന നാഴികക്കല്ലാണ്. ഈ നീക്കം ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിപ്പിക്കുമെന്നും ആപ്പിളിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ശ്രമങ്ങള്‍ക്ക് ഒരു സുപ്രധാന നേട്ടം കുറിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.