ലുബ്രിസോള്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ 150 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

  • ലോകത്തിലെ ഏറ്റവും വലിയ സിപിവിസി റെസിന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിനാകും നിക്ഷേപം
  • ഗതാഗത, വ്യാവസായിക, ഉപഭോക്തൃ വിപണികള്‍ക്ക് പ്രത്യേക രാസവസ്തുക്കള്‍ നല്‍കുന്ന കമ്പനിയാണ് ലുബ്രിസോള്‍
  • 1966 മുതല്‍ ലുബ്രിസോള്‍ രാജ്യത്തുള്ള കമ്പനിയാണിത്

Update: 2023-06-19 12:20 GMT

യുഎസ് ആസ്ഥാനമായുള്ള കെമിക്കല്‍ കമ്പനിയായ ലുബ്രിസോള്‍ കോര്‍പ്പറേഷന്‍ ഇന്ത്യയിലെ നിരവധി പ്രോജക്ടുകളിലായി 150 മില്യണ്‍ ഡോളറിന്റെ നിക്ഷേപ പ്രതിബദ്ധത പ്രഖ്യാപിച്ചു.

നിര്‍ദിഷ്ട നിക്ഷേപം ഗുജറാത്തിലെ വിലായത്തില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ സിപിവിസി റെസിന്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതിലേക്കായിരിക്കും.ദഹേജ് ഗുജറാത്ത് പ്ലാന്റിലെ സിപിവിസി ശേഷി ഇരട്ടിയാക്കി 1.4 ലക്ഷം ടണ്ണായി ഉയര്‍ത്തും. നവി മുംബൈയില്‍ രണ്ടാമത്തെ ഗ്രീസ് ലാബ് തുറന്നതായും ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ ഉടമസ്ഥതയിലുള്ള കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

പിവിസിയുടെ കൂടുതല്‍ പരിഷ്‌ക്കരിച്ച പതിപ്പായ സിപിവിസി കൂടുതല്‍ സ്ഥിരതയുള്ള പോളിമറാണ്. 1928-ല്‍ സ്ഥാപിതമായ ലുബ്രിസോള്‍ കോര്‍പ്പറേഷന്‍ ഗതാഗത, വ്യാവസായിക, ഉപഭോക്തൃ വിപണികള്‍ക്ക് പ്രത്യേക രാസവസ്തുക്കള്‍ നല്‍കുന്ന കമ്പനിയാണ്. എഞ്ചിന്‍ ഓയിലുകള്‍ക്കും ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് ഉല്‍പ്പന്നങ്ങള്‍, വ്യാവസായിക ലൂബ്രിക്കന്റുകള്‍ക്കുള്ള അഡിറ്റീവുകള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്കുള്ള അഡിറ്റീവുകള്‍ എന്നിവ കമ്പനി ഉല്‍പ്പാദിപ്പിക്കുന്നു.

കമ്പനി പിന്തുണ നല്‍കുന്ന പല വ്യവസായങ്ങളും ഉള്‍പ്പെട്ട മേഖലകളില്‍ ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമാണെന്ന് കമ്പനി പറയുന്നു. ഇവിടെ ബിസിനസ് നിക്ഷേപത്തിന് അനുകൂലമായ കാലാവസ്ഥയാണ് ഉള്ളതെന്നും നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ട് ലുബ്രിസോള്‍ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ റെബേക്ക ലിബര്‍ട്ട് പറഞ്ഞു.

ഉല്‍പ്പാദനം, ലാബ്, ഗവേഷണ-വികസന സൈറ്റുകള്‍ എന്നിവ ചേര്‍ത്തും, രാജ്യത്തിനുള്ളിലെ നവീകരണത്തെ പിന്തുണച്ചും ഇവിടെ വിജയം കെട്ടിപ്പടുക്കുമെന്ന് കമ്പനി പറയുന്നു. ഈ രാജ്യത്ത് വികസിച്ചു കൊണ്ടിരിക്കുന്ന തൊഴില്‍ ശക്തിയും കമ്പനി ഉപയോഗപ്പെടുത്തും. ഇവിടെ നിന്നുള്ള കൂടുതല്‍ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നു.

നേരിട്ടും അല്ലാതെയും കൂടുതല്‍ തൊഴിലവസരങ്ങളും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഏതാണ്ട് നാലായിരം തൊഴിലവസരങ്ങളാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

1966 മുതല്‍ ലുബ്രിസോള്‍ രാജ്യത്തുണ്ട്. ഗ്രാസിം ഇന്‍ഡസ്ട്രീസിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ സിപിവിസി റെസിന്‍ ഉല്‍പ്പാദന കേന്ദ്രം ലുബ്രിസോളിന് സ്വന്തമാക്കാന്‍ പുതിയ നിക്ഷേപം സഹായിക്കും.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പായ ലുബ്രിസോളും ഗ്രാസിമും ഈ വര്‍ഷം അവസാനം വിലായത്തിലെ സൈറ്റില്‍ ഒരു ലക്ഷം ടണ്‍ സിപിവിസി റെസിന്‍ പ്ലാന്റിന്റെ ആദ്യഘട്ടം ആരംഭിക്കുമെന്നാണ് വിവരം.കൂടാതെ വടക്കേ അമേരിക്കയ്ക്ക് ശേഷം അതിന്റെ രണ്ടാമത്തെ ആഗോള ഗവേഷണ-വികസന കേന്ദ്രമായ ഒരു പ്രാദേശിക ഗവേഷണ-വികസന കേന്ദ്രം സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.


Tags:    

Similar News