ഇ വി ഇറക്കുമതി: ടെസ്‍ലയുമായുള്ള കരാര്‍ അന്തിമമാക്കാന്‍ ഒരുങ്ങി ഇന്ത്യ
- വൈബ്രന്‍റ് ഗുജറാത്ത് സമ്മേളനത്തിനിടെ പ്രഖ്യാപനത്തിന് സാധ്യത
- ചില ബാറ്ററികളുടെ ഉല്‍പ്പാദനവും ഇന്ത്യയില്‍ നടത്തിയേക്കും
ഇലക്ട്രോണിക് വാഹന ഇറക്കുമതിക്ക് ടെസ്‌ല ഇൻകോർപ്പറേഷനുമായി കരാറില്‍ എത്തുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. അടുത്ത വർഷം മുതൽ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകൾ കയറ്റി അയയ്‌ക്കാനും രണ്ട് വർഷത്തിനുള്ളിൽ ഒരു ഫാക്ടറി സ്ഥാപിക്കാനും യുഎസ് വാഹന നിർമ്മാതാവിനെ അനുവദിക്കുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
ജനുവരിയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കിടെ ടെസ്‍ലയുമായുള്ള കരാറില്‍ പ്രഖ്യാപനം നടത്താനുള്ള സാധ്യതകളും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം എന്ന നിലയില്‍ ടെസ്‍ല പ്ലാന്‍റിന്‍റെ കടന്നുവരവിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഗുജറാത്തിനാണ്. ഇതിനകം തന്നെ വൈദ്യുത വാഹനങ്ങൾക്കും കയറ്റുമതിക്കുമായി നല്ലൊരു സാഹചര്യം കെട്ടിപ്പടുത്തിട്ടുള്ള മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും പരിഗണനയിലുണ്ട്.
ഏത് പ്ലാന്റിലും ടെസ്‌ല തുടക്കത്തില്‍ നടത്തുന്ന ചുരുങ്ങിയ നിക്ഷേപം ഏകദേശം 2 ബില്യൺ ഡോളറിന്‍റേതാണ്. കൂടാതെ രാജ്യത്ത് നിന്ന് 15 ബില്യൺ ഡോളര്‍ വരെ ചെലവിട്ട് വാഹന ഭാഗങ്ങൾ വാങ്ങുന്നതിനും ടെസ്‍ല ശ്രമം നടത്തും. ചിലവ് കുറയ്ക്കാൻ ചില ബാറ്ററികൾ ഇന്ത്യയിൽ നിർമ്മിക്കാനും യുഎസ് വാഹന നിർമ്മാതാവ് ശ്രമിക്കുമെന്നാണ് സൂചന.
ടെസ്‌ല ഇന്ത്യയിൽ "പ്രധാനപ്പെട്ട നിക്ഷേപം" നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും 2024 ൽ ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ടെസ്‌ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് ജൂണിൽ പറഞ്ഞു. നിക്ഷേപ പദ്ധതികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പദ്ധതികളിൽ മാറ്റം വരാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.