ഉയര്‍ന്ന പലിശനിരക്ക് എംഎസ്എംഇ കയറ്റുമതിയെ ബാധിക്കുന്നു
- ഉയര്‍ന്ന കൊളാറ്ററല്‍ ഡിമാന്‍ഡ് എംഎസ്എംഇകള്‍ക്ക് തടസം
- ഇന്ത്യയിലെ ഉയര്‍ന്ന റിപ്പോനിരക്ക് മറ്റൊരു കാരണമാണ്
- പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഇത് 2.5 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയിലാണ്
രാജ്യത്തെ ഉയര്‍ന്ന പലിശനിരക്ക് കയറ്റുമതി സമൂഹത്തിന് വലിയ തടസ്സമെന്ന് ഉദ്യോഗസ്ഥര്‍. ഈ രംഗത്ത് അവരെ സഹായിക്കാന്‍ വാണിജ്യ മന്ത്രാലയം ധനകാര്യ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പലിശ തുല്യതാ പദ്ധതിയുടെ (ഐഇഎസ്) പ്രസക്തിയെക്കുറിച്ചും അത് ഉല്‍പ്പാദന മത്സരക്ഷമത എത്രത്തോളം നിലനിര്‍ത്തുന്നുവെന്നും ധനമന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ വാണിജ്യ വകുപ്പ് ശ്രമിക്കുകയാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് സന്തോഷ് കുമാര്‍ സാരംഗി പറഞ്ഞു.
ധനകാര്യ സ്ഥാപനങ്ങളുടെ ഉയര്‍ന്ന കൊളാറ്ററല്‍ ഡിമാന്‍ഡ് എംഎസ്എംഇകള്‍ക്ക് സ്ഥാപനപരമായ ധനസഹായം ലഭിക്കുന്നതിന് വലിയ തടസ്സമാണ്. അത് കയറ്റുമതി വിപണിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വ്യാപാരികളെ തടയുന്നതായും സാരംഗി പറഞ്ഞു.
ഇന്ത്യയിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്, അതേസമയം പല തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഇത് 2.5 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയിലാണ്.
'നമ്മുടെ കയറ്റുമതിക്കാര്‍ അഭിമുഖീകരിക്കുന്ന 'വളരെ' ഉയര്‍ന്ന പലിശനിരക്ക് ഭാഗികമായി നിര്‍വീര്യമാക്കാന്‍ ഐഇഎസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ ഡിസംബര്‍ 31 വരെയാണ് പദ്ധതി.
'ഇത് യഥാര്‍ത്ഥത്തില്‍ എംഎസ്എംഇകള്‍ക്കുള്ള ഒരു വലിയ ഇടപെടലാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ധനമന്ത്രാലയവുമായുള്ള ചര്‍ച്ചകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല ഇത് വിപണിയില്‍ സജീവമായിരിക്കാനും അവരെ സഹായിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുത്ത മേഖലകളില്‍ നിന്നുള്ള കയറ്റുമതിക്കാരെയും എല്ലാ എംഎസ്എംഇ നിര്‍മ്മാതാക്കളെയും കയറ്റുമതി ചെയ്യുന്നവരെയും മത്സര നിരക്കില്‍ രൂപയുടെ കയറ്റുമതി ക്രെഡിറ്റ് നേടാന്‍ ഈ പദ്ധതി സഹായിക്കുന്നു.
കയറ്റുമതിക്കാര്‍ക്ക് കയറ്റുമതിക്ക് മുമ്പും ശേഷവും രൂപയുടെ കയറ്റുമതി ക്രെഡിറ്റിനായി പലിശ തുല്യതാ പദ്ധതിക്ക് കീഴില്‍ സബ്സിഡികള്‍ ലഭിക്കും.