കൂടുതൽ വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ രാജ്യത്തിനാവശ്യം: നിതിൻ ഗഡ്കരി
- നിലിവില്‍ 85 വാഹനം പൊളിക്കൽ കേന്ദ്രങ്ങൾക്കാണ് അംഗീകാരം നല്‍കിയത്.
- 800ലധികം സര്‍ട്ടിഫിക്കറ്റുകളുടെ വ്യാപാരം സുഗമമാക്കി
- 2022 ഏപ്രില്‍ ഒന്നു മുതലാണ് വാഹന പൊളിക്കൽ നയം നിലവില്‍ വന്നത്
രാജ്യത്ത് 1,000 വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ് സെന്ററുകളും 400 ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്ററുകളും ആവശ്യമാണെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തുടനീളം 85 വാഹനങ്ങള്‍ സ്‌ക്രാപ്പിംഗ് സൗകര്യങ്ങള്‍ക്ക് റോഡ് മന്ത്രാലയം ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജി ഇഎല്‍വി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡ് ഓഫ് ലൈഫ് വെഹിക്കിള്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റിനായുള്ള ഒരു ട്രേഡിംഗ് പ്ലാറ്റ്ഫോമാണ് ഡിജിഇഎല്‍വി. ഡിപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റ് (സിഡി) കൈവശമുള്ള ആര്‍ക്കും വാഹനങ്ങള്‍ പ്ലാറ്റ്ഫോം വഴി വില്‍ക്കാം. രജിസ്റ്റര്‍ ചെയ്ത വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയില്‍ (ആര്‍വിഎസ്എഫ്) ഒരു ഉപയോക്താവ് സ്‌ക്രാപ്പിംഗിനായി വാഹനം സമര്‍പ്പിക്കുമ്പോള്‍ ഒരു സിഡി ഇഷ്യൂ ചെയ്യുന്നു.
നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി എല്ലാ പങ്കാളികള്‍ക്കും വിജയകരമാണെന്ന് സൂചിപ്പിച്ച മന്ത്രി, ദക്ഷിണേഷ്യയില്‍ ഇന്ത്യയെ ഒരു സ്‌ക്രാപ്പിംഗ് ഹബ്ബാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ദേശീയ വാഹന സ്‌ക്രാപ്പേജ് പോളിസിക്ക് തുടക്കം കുറിച്ചത്. കാലപ്പഴക്കം ചെന്നതും കേടുപാടുകള്‍ സംഭവിച്ചതുമായ വാഹനങ്ങളെ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ ഇത് സഹായിക്കും.
പുതിയ നയമനുസരിച്ച്, പഴയ വാഹനങ്ങള്‍ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങള്‍ക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയില്‍ 25 ശതമാനം വരെ നികുതി ഇളവ് നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 2022 ഏപ്രില്‍ 1 മുതല്‍ വാഹന സ്‌ക്രാപ്പേജ് നയം പ്രാബല്യത്തില്‍ വന്നു.
വ്യക്തിഗത വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിന് ശേഷം ഫിറ്റ്‌നസ് ടെസ്റ്റുകള്‍ നടത്തുന്നതിന് 2021-22 ലെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ച നയം വ്യവസ്ഥ ചെയ്യുന്നു. വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷമാണ് കാലപരിധി.