ഇന്ത്യ ഒരു വിശ്വസനീയ അര്‍ദ്ധചാലക പങ്കാളിയെന്ന് പ്രധാനമന്ത്രി
- അര്‍ദ്ധചാലക വ്യവസായം അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും അടിത്തറയാകുന്ന കാലം വിദൂരമല്ലെന്ന് മോദി
- അര്‍ദ്ധചാലക മേഖലയിലെ ആഗോള ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് മേഖലയില്‍ ഇന്ത്യയുടെ മുന്നേറ്റം
- ജനാധിപത്യവും സാങ്കേതികവിദ്യയും ഒരുമിച്ച് മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി
വൈവിധ്യമാര്‍ന്ന അര്‍ദ്ധചാലക വിതരണ ശൃംഖലയില്‍ വിശ്വസ്ത പങ്കാളിയാകാന്‍ ഇന്ത്യയ്ക്ക് കഴിവുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്തുടരുന്നത് സുസ്ഥിരമായ നയമാണ്. ലോക് കല്യാണ്‍ മാര്‍ഗിലെ 7ലെ വസതിയില്‍ നടന്ന സെമികണ്ടക്ടര്‍ എക്സിക്യൂട്ടീവുകളുടെ റൗണ്ട് ടേബിളില്‍ അധ്യക്ഷത വഹിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൂടിക്കാഴ്ചയില്‍, അവരുടെ ആശയങ്ങള്‍ അവരുടെ ബിസിനസ്സിനെ മാത്രമല്ല ഇന്ത്യയുടെ ഭാവിയെയും രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു, പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വരാനിരിക്കുന്ന കാലം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അര്‍ദ്ധചാലകമാണ് ഡിജിറ്റല്‍ യുഗത്തിന്റെ അടിസ്ഥാനം. അര്‍ദ്ധചാലക വ്യവസായം അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും അടിത്തറയാകുന്ന ദിവസം വിദൂരമല്ല. ജനാധിപത്യവും സാങ്കേതികവിദ്യയും ഒരുമിച്ച് മനുഷ്യരാശിയുടെ ക്ഷേമം ഉറപ്പാക്കുമെന്നും അര്‍ദ്ധചാലക മേഖലയിലെ ആഗോള ഉത്തരവാദിത്തം തിരിച്ചറിഞ്ഞാണ് ഇന്ത്യ ഈ പാതയില്‍ മുന്നോട്ട് പോകുന്നതെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
സാമൂഹിക, ഡിജിറ്റല്‍, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, വികസനത്തിന് ഉത്തേജനം നല്‍കുക, ഉല്‍പ്പാദനത്തിലും നൂതനത്വത്തിലും നിക്ഷേപം ആകര്‍ഷിക്കുക എന്നിവ ഉള്‍പ്പെടുന്ന വികസനത്തിന്റെ സ്തംഭങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, പ്രസ്താവനയില്‍ പറയുന്നു.
വ്യവസായത്തിന് പരിശീലനം ലഭിച്ച തൊഴിലാളികളെ രാജ്യത്ത് ലഭ്യമാണ്. ഇത് ഉറപ്പാക്കാന്‍ നൈപുണ്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.ആഗോളതലത്തില്‍ മത്സരക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
ഹൈടെക് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കുന്നതിനുള്ള മികച്ച വിപണിയാണ് ഇന്ത്യയെന്നും അര്‍ദ്ധചാലക മേഖലയിലെ നേതാക്കള്‍ പങ്കുവെക്കുന്ന ആവേശം ഈ മേഖലയ്ക്കായി കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നും മോദി പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഓരോ ഘട്ടത്തിലും വ്യവസായത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് തുടരും. അര്‍ദ്ധചാലക മേഖലയുടെ വളര്‍ച്ചയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ സിഇഒമാര്‍ അഭിനന്ദിക്കുകയും മുഴുവന്‍ അര്‍ദ്ധചാലക മേഖലയിലെയും നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത് അഭൂതപൂര്‍വമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അര്‍ദ്ധചാലക വ്യവസായത്തിന്റെ കേന്ദ്രം ഇന്ത്യയിലേക്ക് മാറാന്‍ തുടങ്ങിയെന്നും അര്‍ദ്ധചാലക മേഖലയില്‍ ഇന്ത്യയെ ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയ വ്യവസായത്തിന് അനുയോജ്യമായ അന്തരീക്ഷം രാജ്യത്തിന് ഇപ്പോള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.