ബസ്മതി അരിയുടെ തറവില കുറച്ച് കേന്ദ്രം; ടണ്ണിന് 950 ഡോളര്‍

  • ബസ്മതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവയും ചുമത്തി
  • ടണ്ണിന് 1200 ഡോളറില്‍ നിന്ന് 950 ഡോളറായാണ് കുറച്ചത്.

Update: 2023-10-27 10:33 GMT

വില വര്‍ധന കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ബസ്മതി അരി കയറ്റുമതിയുടെ തറവില കേന്ദ്രം വെട്ടിക്കുറച്ചു. ടണ്ണിന് 1200 ഡോളറില്‍ നിന്ന് 950 ഡോളറായാണ് കുറച്ചത്. ബസ്മതി അരി കയറ്റുമതി ചെയ്യുന്നതിനുള്ള കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വില പരിധി ടണ്ണിന് 950 ഡോളറായി കുറച്ചെന്നും, 950 ഡോളറും അതിനുമുകളിലും മൂല്യമുള്ള കരാറുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കയറ്റുമതി പ്രമോഷന്‍ ബോഡിയായ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി എപിഇഡിഎ പറഞ്ഞു.

പ്രീമിയം ബസുമതി അരിക്ക് സമാനമായി ബസുമതി ഇതര വെള്ള അരി കലര്‍ത്തിയുള്ള കയറ്റുമതി നിയന്ത്രിക്കുന്നതിനായി ടണ്ണിന് 1200 ഡോളറില്‍ താഴെയുള്ള ബസ്മതി അരിയുടെ കയറ്റുമതി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരിയുടെ മൊത്തം കയറ്റുമതി 2022-23 ല്‍ വിലയുടെ അടിസ്ഥാനത്തില്‍ 4.8 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. അതേസമയം അളവിന്റെ അടിസ്ഥാനത്തില്‍ ഇത് 45.6 ലക്ഷം ടണ്ണായി. പാകിസ്ഥാന്‍ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മത്സരം മൂലം ഇന്ത്യയ്ക്ക് കയറ്റുമതി വിപണി നഷ്ടമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അരി കയറ്റുമതി സംഘടനകള്‍ ഈ വില കുറയ്ക്കണമെന്ന് കഴിഞ്ഞ രണ്ട് മാസമായി ആവശ്യപ്പെടുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷമായി ഇന്ത്യയുടെ ശരാശരി കയറ്റുമതി ടണ്ണിന് 800-900 ഡോളറാണെന്നും സംഘടനകള്‍ പറയുന്നു. തറവില കുറയ്ക്കണമെന്ന വ്യവസായികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ഒക്ടോബര്‍ 15ന് ഭക്ഷ്യമന്ത്രാലയം അറിയിച്ചിരുന്നു. ഉയര്‍ന്ന എഫ്ഒബി (ഫ്രീ ഓണ്‍ ബോര്‍ഡ്- വിതരണ ശൃംഖലയില്‍ കൊണ്ടുപോകുന്ന ചരക്കുകള്‍ക്ക് ഒരു വാങ്ങുന്നയാളോ വില്‍പ്പനക്കാരനോ ബാധ്യസ്ഥനാകുന്നു) മൂല്യം ഇന്ത്യയില്‍ നിന്നുള്ള ബസ്മതി അരിയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന അസോസിയേഷന്റെ പരാതിയില്‍ ബസ്മതി അരി കയറ്റുമതിക്കാരുമായുള്ള കൂടിയാലോചന യോഗത്തില്‍ ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ പങ്കെടുത്തതായി ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ആഭ്യന്തര വിതരണം ശക്തിപ്പെടുത്തുന്നതിന് വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പൊടി  അരിയുടെ കയറ്റുമതി നിരോധിച്ചപ്പോള്‍ ഈ വര്‍ഷം ജൂലൈയില്‍ ബസ്മതി ഇതര വെള്ള അരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പാര്‍-ബോയില്‍ഡ് (പുഴുങ്ങിയ അരി) ബസ്മതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവയും ചുമത്തി. ഈ നിയന്ത്രണങ്ങളോടെ, ബസ്മതി ഇതര അരിയുടെ എല്ലാ ഇനങ്ങള്‍ക്കും ഇന്ത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

വിദേശ വ്യാപാര നയം അനുസരിച്ച്, ബസുമതി അരി കയറ്റുമതി ചെയ്യുന്നതിനുള്ള എല്ലാ കരാറുകളും രജിസ്റ്റര്‍ ചെയ്യാന്‍ എപിഇഡിഎ നിര്‍ബന്ധിതമാണ്. കൂടാതെ ബസ്മതി അരി കയറ്റുമതി ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍-കം-അലോക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

ഖാരിഫ് സീസണില്‍ കൃഷി ചെയ്യുന്ന ബസുമതി വിളകള്‍ വിപണിയില്‍ എത്തിത്തുടങ്ങിയതോടെ തറവില കുറയ്ക്കാനുള്ള തീരുമാനം കയറ്റുമതി കൂടാന്‍ ഇടയാക്കും. 2022-23ല്‍ 135.75 ദശലക്ഷം ടണ്‍ അരി ഉല്‍പ്പാദനം റെക്കോര്‍ഡ് ആയിരുന്നു. മുന്‍ വര്‍ഷം ഇത് 129.47 ദശലക്ഷം ടണ്ണായിരുന്നു. ബസ്മതി അരിയുടെ ശരാശരി കയറ്റുമതി വില 2021ലും 2022ലും ടണ്ണിന് 850-900 ഡോളറായിരുന്നു.

ഈ വര്‍ഷം, ടണ്ണിന് 1,200 ഡോളറില്‍ താഴെയുള്ള കരാറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഓഗസ്റ്റ് 25-ന് പ്രഖ്യാപിച്ചതിന് മുന്‍പ് മുമ്പ് വില ടണ്ണിന് 1,050 രൂപയായിരുന്നു. ഒരു ടണ്ണിന് 850-1,600 ഡോളര്‍ മുതല്‍ ഏകദേശം 40 ഇനം ബസ്മതി അരികള്‍ ഉണ്ട്. താഴ്ന്ന ഇനം ബസ്മതി അരിയാണ് കയറ്റുമതി വിപണിയുടെ 70 ശതമാനവും സംഭാവന ചെയ്യുന്നു.

Tags:    

Similar News