കുത്തരിയുടെ കയറ്റുമതി തീരുവ അടുത്തവര്‍ഷത്തേക്ക് നീട്ടി

  • വിളവെടുപ്പിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം
  • ഇപ്പോള്‍ നല്‍കുന്ന ഇളവ് വിലക്കയറ്റത്തിന് കാരണമാകും
  • മറ്റ് ധാന്യങ്ങള്‍ വില വില ഉയര്‍ന്നാല്‍ പകരം കുത്തരി ഉപയോഗിക്കാനുള്ള കരുതലാണിത്

Update: 2023-10-14 06:19 GMT

കുത്തരിയുടെ കയറ്റുമതി തീരുവ ഇന്ത്യ 2024 മാര്‍ച്ച് 31 വരെ നീട്ടി. 20ശതമാനം നികുതിയാണ് ഇതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. 2023-2024 സാമ്പത്തിക വര്‍ഷാവസാനം വരെ പാരബോയില്‍ഡ് അരിയുടെ കയറ്റുമതി തീരുവ കേന്ദ്രം നീട്ടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

വ്യാപാരികൾ  വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. അത് പിന്‍വലിക്കാനുള്ള ഏത് തീരുമാനവും വരാനിരിക്കുന്ന വിളവെടുപ്പിനെ ആശ്രയിച്ചിരിക്കും.. ഇപ്പോള്‍ എന്തെങ്കിലും ഇളവ് നല്‍കിയാല്‍ വില ഉയര്‍ന്നേക്കാമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

ഈ നടപടി കയറ്റുമതി പരിമിതപ്പെടുത്തുന്നതിനോടൊപ്പം കഴിയുന്നത്ര അരിസംഭരിക്കാനും സര്‍ക്കാരിനെ സഹായിക്കും.

2022 സെപ്റ്റംബറില്‍ ബ്രോക്കണ്‍ റൈസിന്റെയും ജൂലൈയില്‍ ബസുമതി ഇതര വെള്ള അരിയുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 25നാണ് പാരാബോയില്‍ഡ് അരിക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. ഇത് ഒക്ടോബര്‍ 15ന് അവസാനിക്കേണ്ടതായിരുന്നു.

ഇന്ത്യയില്‍ കുത്തരിയുടെ വാര്‍ഷിക ഉപഭോഗം വെറും 2 ദശലക്ഷം ടണ്‍ മാത്രമാണ്. ഇത് പൊതുവിതരണ സംവിധാനത്തിന്റെ ഭാഗമല്ല. 2022-ല്‍ 7.4 ദശലക്ഷം ടണ്‍ കുത്തരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

'' കുത്തരിക്ക് കയറ്റുമതി തീരുവ ചുമത്തി പുറത്തേയ്ക്കുള്ള ഒഴുക്ക് നിയന്ത്രിച്ചത്  മറ്റ് ധാന്യങ്ങള്‍ക്ക് വില ഉയരുകയോ സ്‌റ്റോക്ക് കുറയുകയോ ചെയ്താല്‍ പകരമായി ഉപയോഗിക്കാനാണ്'', ലെവിക്ക് പിന്നിലെ യുക്തി വിശദീകരിച്ചുകൊണ്ട്, രാജ്യത്തുടനീളം ഗോതമ്പിനും അരിക്കുമായി 3,000-ലധികം സംഭരണ വെയര്‍ഹൗസുകള്‍ നടത്തുന്ന Arya.orgന്റെ സഹസ്ഥാപകന്‍ ആനന്ദ് ചന്ദ്ര പറഞ്ഞു.

പണപ്പെരുപ്പം ഈ വര്‍ഷം ജൂലെയില്‍ ഉയര്‍ന്നപ്പോള്‍ അരിയുടെ ചില്ലറ വില നിയന്ത്രിക്കാന്‍ ഇന്ത്യ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നിരുന്നാലും, കയറ്റുമതി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും, പ്രാദേശിക വിപണിയില്‍ അരി വില ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 13 ശതമാനം കൂടുതലാണ്, സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഒക്ടോബര്‍ 15ന് ശേഷം സര്‍ക്കാര്‍ വീണ്ടും ഡ്യൂട്ടി ഫ്രീ കയറ്റുമതി അനുവദിക്കുമെന്ന പ്രതീക്ഷയില്‍ വിദേശ ബയർമാർ  അടുത്ത ദിവസങ്ങളില്‍ പര്‍ച്ചേസ് നടത്തിയിരുന്നില്ലെന്ന് റൈസ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ (ആര്‍ഇഎ) പ്രസിഡന്റ് ബി വി കൃഷ്ണ റാവു റോയിട്ടേഴ്സിനോട് പറഞ്ഞു.

20 ശതമാനം തീരുവ അടച്ചാലും, തായ്ലന്‍ഡില്‍ നിന്നുള്ള വിതരണത്തേക്കാള്‍ വിലകുറഞ്ഞതാണ് ഇന്ത്യന്‍ കുത്തരി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News