ആഗോള വിപണികളിലെ ഡിമാന്‍ഡ്; ബസ്മതി അരിയുടെ വില കുതിക്കുന്നു

  • മൊത്തവിപണികളില്‍ വില 15 ശതമാനം വരെ വര്‍ധിച്ചു
  • കയറ്റുമതിയുടെ തറവില കുറച്ചത് കരാറുകളുടെ വര്‍ധനവിന് കാരണമായി
  • ബസ്മതി അരിയുടെ മൊത്തവില ടണ്ണിന് ഏകദേശം 50,000 രൂപയായി

Update: 2023-11-29 09:06 GMT

ലോകത്തെ മുന്‍നിര ഉപഭോക്താക്കളിൽ നിന്നുള്ള ശക്തമായ ഡിമാന്‍ഡ് കാരണം ഇന്ത്യയിലെ പുതിയ സീസണിലെ ബസ്മതി അരിയുടെ വില ഈ വര്‍ഷം കുതിച്ചുയര്‍ന്നു.

ഇത് മൊത്ത ധാന്യ വിപണികളില്‍നിന്ന് മൊത്തമായി വാങ്ങുന്നവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം മുതല്‍ 15 ശതമാനം വരെ വിലകൂടുതല്‍ നല്‍കേണ്ടി വന്നു. ബസ്മതി അരി കയറ്റുമതിയുടെ തറവില ടണ്ണിന് 1,200 ഡോളറില്‍ നിന്ന് 950 ഡോളറായി വെട്ടിക്കുറയ്ക്കാനുള്ള കഴിഞ്ഞ മാസത്തെ തീരുമാനം, കയറ്റുമതി കരാറുകളുടെ കുത്തൊഴുക്കിന് കാരണമായി.

കൂടുതല്‍ ധാന്യം ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ മിക്ക മൊത്തക്കച്ചവട വിപണികളിലും ഡിമാന്‍ഡ് വര്‍ധിക്കുകയും വില ഉയരുകയും ചെയ്തുവെന്ന് കര്‍ഷകര്‍ പറഞ്ഞു.

ഈ മാസം, ഇന്ത്യ ഏകദേശം 500,000 മെട്രിക് ടണ്‍ പുതിയ സീസണിലെ ബസ്മതി അരി കയറ്റുമതി ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രീമിയം ആരോമാറ്റിക് ഇനത്തിന്റെ അതിവേഗ വിദേശ വില്‍പ്പനയെ സൂചിപ്പിക്കുന്നു.

മൊത്തവില കുതിച്ചുയരുന്നു   

മുന്‍നിര ബസ്മതി അരിയുടെ മൊത്തവില ടണ്ണിന് ഏകദേശം 50,000 രൂപയായി കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ടണ്ണിന് 45,000 രൂപയായിരുന്നുവെന്ന് വടക്കന്‍ സംസ്ഥാനമായ ഹരിയാനയില്‍ നിന്നുള്ള ബസ്മതി അരി കര്‍ഷകര്‍ പറയുന്നു. മറ്റ് ചില ഇനങ്ങളുടെ വില കഴിഞ്ഞ വര്‍ഷത്തെ 40,000 രൂപയില്‍ നിന്ന് 46,000 രൂപയില്‍ എത്തിയതായും കര്‍ഷകര്‍ സൂചിപ്പിക്കുന്നു.

'അരി മില്ലുകാരും കയറ്റുമതിക്കാരും തങ്ങളുടെ കയറ്റുമതി ബാധ്യതകള്‍ നിറവേറ്റുന്നതിനായി ഞങ്ങളില്‍ നിന്ന് ബസ്മതി വാങ്ങാന്‍ മൊത്തക്കച്ചവട വിപണികളിലേക്ക് ഒഴുകുകയാണ്, ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നു' മറ്റൊരു കര്‍ഷകന്‍ വ്യക്തമാക്കുന്നു.

ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സിയായ ലോക്കല്‍ സര്‍ക്കിളിന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം കുടുംബങ്ങള്‍, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍, ബസ്മതി അരി ഉപഭോഗത്തിന് 20 ശതമാനം മുതല്‍ 40 ശതമാനം വരെ തുക അധികമായി ചെലവഴിക്കുന്നുണ്ട്.

ഇറാന്‍, ഇറാഖ്, യെമന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിവര്‍ഷം 4 ദശലക്ഷം ടണ്ണിലധികം ബസ്മതി കയറ്റുമതി ചെയ്യുന്നുണ്ട്.

അരിയുടെ മറ്റൊരു വലിയ വിപണിയാണ് യൂറോപ്പ്.

ആഭ്യന്തര വില സ്ഥിരപ്പെടുത്തുന്നതിനായി ജൂലൈയില്‍ ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുകയും പിന്നീട് ബസ്മതി അരി കയറ്റുമതിക്ക് തറവില നിശ്ചയിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News