ബസ്മതി അരിയുടെ കയറ്റുമതിവില താങ്ങുവിലക്ക് താഴെയെത്തി
- 800-850 ഡോളര്‍ എന്ന നിലക്കാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്
- അരി വാങ്ങുന്ന രാജ്യങ്ങള്‍ നേരത്തെ സംഭരണം നടത്തിയത് തിരിച്ചടി
- ബസ്മതി അരി പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഇനമാണ്
ബസ്മതി അരിയുടെ കയറ്റുമതിവില താങ്ങുവിലക്ക് താഴെയെത്തി. ആഗോളതലത്തില്‍ വാങ്ങുന്നവര്‍ കുറവായി. സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില 950 ഡോളറാണ്. ഇപ്പോള്‍ 800-850 ഡോളര്‍ എന്ന നിലക്കാണ് വില്‍പ്പന നടക്കുന്നത്. കയറ്റുമതി കുറഞ്ഞതിനാല്‍ ആഭ്യന്തര വിലയും കിലോയ്ക്ക് 75 രൂപയില്‍ നിന്ന് 65 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റില്‍ എംഇപി ഒരിക്കല്‍ ടണ്ണിന് 1200 ഡോളറായും ഒക്ടോബറില്‍ ടണ്ണിന് 950 ഡോളറായും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യയിലെ അരിവിപണിലെ അനിശ്ചിതത്വം മുന്നില്‍ക്കണ്ട് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് നല്ല അളവില്‍ ബസ്മതി അരി വാങ്ങിയിരുന്നു.
ബസ്മതി അരിയുടെ കയറ്റുമതി പോലും സര്‍ക്കാര്‍ നിര്‍ത്തിയേക്കുമെന്ന ആശങ്കയാണ് വാങ്ങുന്നവരെ സംഭരിക്കാന്‍ പ്രേരിപ്പിച്ചത്. കൂടാതെ, എംഇപിയെച്ചൊല്ലി സര്‍ക്കാര്‍ സൃഷ്ടിച്ച അനിശ്ചിതത്വം കാരണം അവര്‍ ബസ്മതി നിര്‍മ്മാതാക്കളായ പാക്കിസ്ഥാനില്‍ നിന്ന് വന്‍തോതില്‍ അരി വാങ്ങുകയും ചെയ്തു.
ബസ്മതി അരി ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല. ഇത് പ്രധാനമായും കയറ്റുമതി ചെയ്യുന്നു. സാധാരണയായി, ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 6.5 ദശലക്ഷം ടണ്‍ ബസ്മതി ഉത്പാദിപ്പിക്കുന്നു. ഇതില്‍ ഏകദേശം 5 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്യുകയും 0.5 ദശലക്ഷം ടണ്‍ ആഭ്യന്തരമായി ഉപയോഗിക്കുകയും ചെയ്യുന്നു. താങ്ങുവിലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ബസ്മതി വ്യാപാരത്തെ അത് ബാധിക്കും. ഒപ്പം ആഗോള വിപണിയിലെ നമ്മുടെ പ്രധാന എതിരാളിയായ പാക്കിസ്ഥാന്‍ ഈ വ്യാപാരത്തില്‍ മുന്‍തൂക്കം നേടുകയും ചെയ്യും. ആഭ്യന്തര വിപണിയില്‍ അരിയുടെ വില ഇതിനകം 10-15% കുറഞ്ഞു.നല്ല മണ്‍സൂണ്‍ ബസ്മതി വിളവെടുപ്പിന് കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. ഉയര്‍ന്ന ക്യാരി ഓവര്‍ സ്റ്റോക്കും ബമ്പര്‍ ബസ്മതി അരി ഉല്‍പ്പാദനവും ഉണ്ടായാല്‍ ബസ്മതി വില വീണ്ടും സമ്മര്‍ത്തിലാകുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പുനല്‍കുന്നു.