ഏപ്രില്‍-ജൂണ്‍: സ്‍മാര്‍ട്ട്ഫോണ്‍ ചരക്കുനീക്കത്തില്‍ 1% ഇടിവ്
- മുന്‍ പാദത്തെ അപേക്ഷിച്ച് ചരക്കുനീക്കത്തില്‍ 18% വര്‍ധന
- അടുത്ത 6 മാസത്തില്‍ ആവശ്യകതയില്‍ വളര്‍ച്ച പ്രകടമാകുമെന്ന് നിരീക്ഷണം
- ഓഫ്‍ലൈന്‍ ഷോപ്പുകളിലെ ആവശ്യകത ശക്തം
ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ വിപണിയിലുണ്ടായത് 36.1 ദശലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കം. മുന്‍ വര്‍ഷം സമാന കാലയളിനെ അപേക്ഷിച്ച് 1 ശതമാനം വര്‍ധനയാണിത്. എന്നാല്‍ മുന്‍ പാദവുമായുള്ള താരതമ്യത്തില്‍ 18 ശതമാനം വര്‍ധനയാണ് ഏപ്രില്‍-ജൂണ്‍ കാലയളവിലെ ചരക്കുനീക്കത്തില്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ച്ചയായ മൂന്നു പാദങ്ങളിലെ ഇടിവിനു ശേഷം സ്‍മാര്‍ട്ട് ഫോണ്‍ വിപണി വീണ്ടെടുക്കലിന്‍റെ സൂചന പ്രകടമാക്കുന്നുവെന്നാണ് കനാലിസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുമ്പ്, പുതിയ മോഡലുകൾ വിപണിയില്‍ അവതരിപ്പിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ നിലവിലെ ചരക്കുകള്‍ വിറ്റഴിക്കുന്നതിനായി സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളും വില്‍പ്പന ശൃംഖലകളും ചേര്‍ന്നു പ്രവര്‍ത്തിച്ചു." ഓഫ്‌ലൈൻ ഷോപ്പുകളിലൂടെ സ്‍മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നത് വര്‍ധിക്കുന്ന ഉപഭോക്തൃ പ്രവണത കണക്കിലെടുത്ത് ഫലപ്രദമായ ഓഫ്‌ലൈൻ തന്ത്രങ്ങൾ കമ്പനികള്‍ ആവിഷ്കരിക്കുന്നു," കനാലിസിലെ അനലിസ്റ്റ് സന്യം ചൗരസ്യ പറഞ്ഞു. ഏപ്രിലിൽ ആപ്പിള്‍ ഇന്ത്യയിൽ രണ്ട് മുൻനിര റീട്ടെയിൽ സ്റ്റോറുകൾ തുറന്നു. കഴിഞ്ഞപാദത്തില്‍ സാംസംഗും വിവിധ സ്റ്റോറുകള്‍ തുറന്നു. തങ്ങളുടെ പോപ്-അപ് സ്റ്റോറുകളിലൂടെ വണ്‍പ്ലസ് കൂടുതല്‍ ഒന്നാം നിര, രണ്ടാംനിര നഗരങ്ങളിലേക്കെത്തി.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓഫ്‌ലൈൻ ഷോപ്പുകളില്‍ സ്‍മാര്‍ട്ട്ഫോണുകള്‍ക്കുള്ള ഉപഭോക്തൃ ആവശ്യകത വർധിച്ചതായി കനാലിസ് പറഞ്ഞു അതേസമയം ഓൺലൈൻ ചാനലുകളിലെ ആവശ്യകത സ്ഥിരതയില്ലാത്തതായിരുന്നു. പ്ലാറ്റ്‍ഫോമുകളിലെ പ്രത്യേക വില്‍പ്പനയും നഗര ഉപഭോക്താക്കളും ചേര്‍ന്നാണ് ഓണ്‍ലൈനിലെ സ്‍മാര്‍ട്ട്ഫോണ്‍ വില്‍പ്പനയെ നയിച്ചത്. തൽഫലമായി, ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകളുടെ ഒരു മികച്ച ബാലൻസ് നേടാൻ ബ്രാൻഡുകൾ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ട്രാൻഷനിന്‍റെ ഇന്‍ഫിനിക്സ് പോലുള്ള സബ്-ബ്രാൻഡുകൾ ഇ-കൊമേഴ്‌സ് ചാനലുകളില്‍ ഉയര്‍ന്ന വില്‍പ്പന നേടിയപ്പോള്‍ ടെക്നോ, ഐടെല്‍ എന്നിവ ചെറുകിട നഗരങ്ങളിലെ ഷോപ്പുകളില്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പ്പന നേടിയത്.
6.6 ദശലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കം നടത്തി, 18 ശതമാനം വിപണി വിഹിതം കൈക്കലാക്കിയ സാംസങ് വിപണിയില്‍ കഴിഞ്ഞ പാദത്തിലും ആദ്യ സ്ഥാനത്ത് തുടരുന്നു. വിവോ 6.4 ദശലക്ഷം യൂണിറ്റിന്‍റെ ഷിപ്പിംഗ് നടത്തി തൊട്ടുപിന്നിലുണ്ട്. ഷഓമി 5.4 ദശലക്ഷം യൂണിറ്റുകളുടെ ചരക്കുനീക്കത്തിലൂടെ മൂന്നാം സ്ഥാനത്തെത്തി, 22 ശതമാനം വാർഷിക ഇടിവാണ് ഷഓമിയുടെ ചരക്കുനീക്കത്തില്‍ ഉണ്ടായത്. തൊട്ടു മുന്‍പാദത്തിലെ 38 ശതമാനം ഇടിവിനെ അപേക്ഷിച്ച് ഇത് കുറവാണ്.
റിയൽമി 4.3 ദശലക്ഷം .യൂണിറ്റുകളുടെയും ഓപ്പോ (വൺപ്ലസ് ഒഴികെ) 3.7 ദശലക്ഷം യൂണിറ്റുകളുടെയും ഷിപ്പിംഗ് നടത്തി ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി. ചെറിയ നഗരങ്ങളിലേക്കുള്ള കൂടുതല്‍ കടന്നുകയറ്റത്തിന്‍റെ ഫലമായി വണ്‍പ്ലസ് ബ്രാന്‍ഡാണ് കഴിഞ്ഞ പാദത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കരസ്ഥമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഭോക്തൃ ചെലവിടല്‍ വര്‍ധിക്കുന്നതിന്‍റെ ഫലമായി 2023 ന്റെ രണ്ടാം പകുതിയിൽ കൂടുതൽ അനുകൂലമായ ഡിമാൻഡ് അന്തരീക്ഷം സ്‍മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഉണ്ടാകുമെന്നാണ് കനാലിസ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറിൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനാൽ, ടെലികോം ഓപ്പറേറ്റർമാർ 5G സേവനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിനും താങ്ങാവുന്ന വിലയിലുള്ള 5G സ്‍മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന വിപുലീകരിക്കുന്നതിനുമുള്ള അവസരമായി കമ്പനികള്‍ ലോകക്കപ്പ് പ്രയോജനപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.