3000 എഞ്ചിനീയര്‍മാര്‍ക്ക് അവസരമൊരുക്കി എഎംഡിയുടെ ബെംഗളൂരു സെന്റർ

  • സെമികോണ്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ഇത്
  • ആഗോളതലത്തില്‍ എഎംഡിയുടെ 25ശതമാനം തൊഴിലാളികളും ഇന്ത്യയില്‍

Update: 2023-11-28 12:47 GMT

സെമികണ്ടക്റ്റര്‍ കമ്പനിയായ അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) ബെംഗളൂരുവില്‍ അതിന്റെ ഏറ്റവും വലിയ ആഗോള ഡിസൈന്‍ സെന്റര്‍ തുറന്നു. അര്‍ദ്ധചാലക സാങ്കേതികവിദ്യയുടെ രൂപകല്‍പ്പനയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനം വരും വര്‍ഷങ്ങളില്‍ ഏകദേശം 3000 എഞ്ചിനീയര്‍മാരെ ഉള്‍ക്കൊള്ളാന്‍ പദ്ധതിയിടുന്നു.

ഈ വര്‍ഷം ജൂലൈയില്‍ സെമികോണ്‍ ഇന്ത്യ 2023-ല്‍ പ്രഖ്യാപിച്ച കമ്പനിയുടെ 400 ദശലക്ഷം ഡോളര്‍ നിക്ഷേപ വിഹിതത്തിന്റെ ഭാഗമാണ് ഈ കേന്ദ്രം.

പുതിയ ഡിസൈന്‍ സെന്റര്‍, എഎംഡി പോര്‍ട്ട്ഫോളിയോയിലുടനീളം സാങ്കേതികവിദ്യയും ഉല്‍പ്പന്ന വികസനവും മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്‌നോളജി ഓഫീസറുമായ മാര്‍ക്ക് പേപ്പര്‍മാസ്റ്റര്‍ പറഞ്ഞു.

''പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അര്‍ദ്ധചാലക പദ്ധതി , അവയുടെ രൂപകല്‍പ്പനയും കഴിവും ഉള്ള ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് ഊന്നല്‍ നല്‍കുന്നു. എഎംഡി അതിന്റെ ഏറ്റവും വലിയ ഡിസൈന്‍ സെന്റര്‍ ബെംഗളൂരുവില്‍ സ്ഥാപിക്കുന്നത് ആഗോള കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള വിശ്വാസത്തിന്റെ തെളിവാണ്, '' റെയില്‍വേ, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഇന്ത്യ ഡിസൈന്‍ സെന്റര്‍ 2004-ല്‍ വിരലിലെണ്ണാവുന്ന ജീവനക്കാരുമായി ആരംഭിച്ചു. ഇന്ന്, എഎംഡിയുടെ ആഗോള തൊഴിലാളികളുടെ 25 ശതമാനവും ഇന്ത്യയിലാണ്. ഡാറ്റാ സെന്റര്‍, ഗെയിമിംഗ്, പിസി എന്നിവയ്ക്കായി ഉപഭോക്താക്കള്‍ എഎംഡി ഉല്‍പ്പന്നങ്ങളുടെ വികസനത്തെ പിന്തുണയ്ക്കുന്നു. അര്‍ദ്ധചാലകങ്ങളുടെ പുരോഗതിയില്‍ നിര്‍ണായക സംഭാവന നല്‍കുന്ന കമ്പനിയുടെ വളര്‍ച്ചാ യാത്രയിലെ അടുത്ത നാഴികക്കല്ലാണ് ഈ പുതിയ സൗകര്യം എന്ന് എഎംഡിയുടെ ഇന്ത്യാ കണ്‍ട്രി ഹെഡ് ജയ ജഗദീഷ് പറഞ്ഞു.

ഇന്ത്യയുടെ അര്‍ദ്ധചാലക വിപണി 2026-ഓടെ 6400 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2019-ല്‍ ഈ വിപണിയുടെ വലിപ്പം 2270 കോടി ഡോളറായിരുന്നു. ആഭ്യന്തര വിപണിയിലെ ആവശ്യകതയ്ക്ക് പുറമേ സെമികണ്ടക്റ്ററുകള്‍ കയറ്റുമതിചെയ്യാനും ഇന്ത്യക്ക് കഴിയും.

അര്‍ദ്ധചാലക വ്യവസായത്തിലെ മറ്റ് കമ്പനികളും ഇന്ത്യയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ്. സെപ്റ്റംബറില്‍, മൈക്രോണ്‍ ടെക്‌നോളജി ഗുജറാത്തിലെ സനദില്‍ 275 കോടി ഡോളറിന്റെ അര്‍ദ്ധചാലക ടെസ്റ്റിംഗ് ആന്‍ഡ് പാക്കേജിംഗ് പ്ലാന്റിന്റെ ആദ്യ ഘട്ട നിര്‍മ്മാണം ആരംഭിച്ചിരുന്നു.

Tags:    

Similar News