ലോകകപ്പ് ക്രിക്കറ്റ്: സമ്പദ്‌വ്യവസ്ഥയ്ക്ക് 13,500 കോടി രൂപയുടെ നേട്ടം

  • ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്
  • പത്ത് ടീമുകള്‍, പത്ത് വേദികള്‍, 48 മത്സരങ്ങള്‍

Update: 2023-10-04 09:25 GMT

ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍) ലോകകപ്പ് ക്രിക്കറ്റിന് നാളെ (ഒക്ടോബര്‍ 5) തുടക്കമാവുകയാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ  ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു വേദിയാവുന്നത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നവംബര്‍ 19ന് ഫൈനല്‍ നടക്കുന്നതും ഇവിടെ തന്നെയാണ്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടും റണ്ണര്‍ അപ്പായ ന്യൂസിലന്‍ഡുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

പത്ത് ടീമുകള്‍, പത്ത് വേദികള്‍, 48 മത്സരങ്ങള്‍ എന്നിങ്ങനെയാണു ടൂര്‍ണമെന്റിന്റെ ക്രമം. ഇന്ത്യയുടെ ആദ്യ മത്സരം ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയുമായിട്ടാണ്. ചിരവൈരികളായ പാകിസ്ഥാനുമായി ഒക്ടോബര്‍ 15-ന് ഇന്ത്യ ഏറ്റുമുട്ടും. മത്സരം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും മത്സരങ്ങള്‍ തത്സമയം സ്ട്രീം ചെയ്യും.

സമ്പദ്ഘടനയിലേക്ക് പ്രവഹിക്കുന്നത് 13,500 കോടി രൂപ

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു വേദിയാകുന്നതിലൂടെ 13,500 കോടി രൂപ ഇന്ത്യന്‍ സമ്പദ്ഘടനയിലേക്ക് പ്രവഹിക്കുമെന്നാണ് കണക്കാക്കുന്നത്. വ്യോമയാനം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കായിരിക്കും കൂടുതല്‍ നേട്ടം ലഭിക്കുക. മത്സരം നേരില്‍ കാണാന്‍ ലക്ഷക്കണക്കിനു വരുന്ന ക്രിക്കറ്റ് ആരാധകര്‍ ടൂര്‍ണമെന്റ് നടക്കുന്ന വേദികളിലേക്കു എത്തുമെന്നതിനാലാണിത്. വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നത് ഉറപ്പാണ്. അതോടൊപ്പം ഹോട്ടലുകളില്‍ റൂം ബുക്കിംഗിലും വര്‍ധന രേഖപ്പെടുത്തും. ഇന്ത്യ-പാകിസ്ഥാന്‍, ഇന്ത്യ-ഓസ്‌ട്രേലിയ, ഇന്ത്യ-ഇംഗ്ലണ്ട് മത്സരങ്ങള്‍ അരങ്ങേറുന്ന വേദികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളിലെ ഹോട്ടല്‍ മുറികള്‍ മാസങ്ങള്‍ക്കു മുന്‍പു തന്നെ ബുക്ക് ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ 22-ന് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം നടക്കുന്ന ധരംശാലയിലെ ഹോട്ടല്‍ റൂം റിസര്‍വേഷന്‍ പ്രതിദിന ശരാശരിയേക്കാള്‍ 605 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഐസിസിക്ക് നേട്ടം 120-150 ദശലക്ഷം ഡോളര്‍

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലൂടെ ഐസിസിക്ക് 150 ദശലക്ഷം ഡോളര്‍ (ഏകദേശം 1,248.30 കോടി രൂപ) ലഭിക്കുമെന്നാണു കണക്കാക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്നതാണ് ഈ വരുമാനം. ലോകകപ്പ് ക്രിക്കറ്റ് 2023-ന് ഐസിസിക്ക് 20 സ്‌പോണ്‍സര്‍മാരും പങ്കാളികളുമുണ്ട്.

8-10 ദശലക്ഷം ഡോളര്‍ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി നല്‍കുന്ന ആറ് ആഗോള പാര്‍ട്ണര്‍മാര്‍ ഉണ്ട്. എംആര്‍എഫ് ടയേഴ്‌സ്, ബുക്കിംഗ് ഡോട്ട് കോം, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാസ്റ്റര്‍ കാര്‍ഡ്, അരാംകോ, എമിരേറ്റ്‌സ് തുടങ്ങിയവരാണ് ആറ് ആഗോള പാര്‍ട്ണര്‍മാര്‍.

ഒഫീഷ്യല്‍ പാര്‍ട്ണര്‍മാര്‍ എട്ട് പേരുണ്ട്. ബിറ91, പോളിക്യാബ്, തംപ്‌സ് അപ്പ്, അപ്‌സ്റ്റോക്ക്, നിയം, ഒപ്പോ, ഡിപി വേള്‍ഡ്, നിസാന്‍ തുടങ്ങിയവരാണ് ഒഫീഷ്യല്‍ പാര്‍ട്ണര്‍മാര്‍. 6-8 ദശലക്ഷം ഡോളറാണ് ഇവര്‍ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി നല്‍കുന്നത്.

ഇതിനു പുറമെ റോയല്‍ സ്റ്റാഗ്, ഡ്രീം 11, ജേക്കബ്‌സ് ക്രീക്ക്, നിയര്‍ ഫൗണ്ടേഷന്‍, ഫാന്‍ ക്രേസ്, ടൈക്ക തുടങ്ങിയവര്‍ കാറ്റഗറി പാര്‍ട്ണര്‍മാരായി ഉണ്ട്. മൂന്ന് മുതല്‍ നാല് ദശലക്ഷം ഡോളര്‍ വരെയാണ് ഇവര്‍ സ്‌പോണ്‍സര്‍ഷിപ്പ് തുകയായി നല്‍കുന്നത്.

ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഉത്തേജനം

ലോകകപ്പ് ക്രിക്കറ്റ് പോലുള്ള പ്രധാന കായിക ഇനങ്ങള്‍ക്ക് വേദിയാകുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു വലിയ നേട്ടമുണ്ടാകുമെന്നത് മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ള കാര്യമാണ്. ഇപ്രാവിശ്യം ഐസിസി ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്നത് ഇന്ത്യയാണ്.

ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്ന ഒക്ടോബര്‍ അഞ്ച് മുതല്‍ ഫൈനല്‍ നടക്കുന്ന നവംബര്‍ 19 വരെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ താമസം, ഭക്ഷണം, യാത്ര, വിനോദം എന്നിവയ്ക്കായി പണം ചെലവഴിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. അന്താരാഷ്ട്ര വിനോദസഞ്ചാരികളെ വരെ ആകര്‍ഷിക്കാന്‍ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സാഹചര്യം ഒരുക്കും.

Tags:    

Similar News