ജിഎസ്ടി കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാവുന്നതെങ്ങനെ?
- സംസ്ഥാനത്തെ പ്രമുഖ കയറ്റുമതിക്കാര്‍ കൊച്ചി തുറമുഖത്തെ ഒഴിവാക്കി തൂത്തുക്കുടി, നവി മുംബൈ തുറമുഖങ്ങളെ ആശ്രയിക്കാന്‍ കാരണമെന്ത്?
1.46 ലക്ഷം കോടി രൂപയാണ് നവംബറില്‍ ഇന്ത്യയുടെ ജിഎസ്ടി വരുമാനം. കഴിഞ്ഞ മാസമായി ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടിക്ക് മുകളിലാണ്. മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് ചരക്കു-സേവന നികുതി വരുമാനത്തിലുണ്ടായിരുന്നത്. നവംബറില്‍ ലഭിച്ച അറ്റ വരുമാനമായ 1,45,867 കോടി രൂപയില്‍ 25,681 കോടി സിജിഎസ്ടിയും 32,651 കോടി എസ്ജിഎസ്ടിയുമാണ്.
ഈ വര്‍ഷം ഏപ്രിലില്‍ രാജ്യത്തിന്റെ ജിഎസ്ടി വരുമാനം 1.67 ലക്ഷം കോടി രൂപയിലെത്തി റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. ഒക്ടോബറിലിത് 1.52 ലക്ഷം കോടിയിലെത്തിയിരുന്നു. രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായി ലോകബാങ്ക് ഉയര്‍ത്തിയിരിക്കുന്നു. ഇതും ശുഭ സൂചനയാണ്.
സമീപകാലത്ത് ഒരു അന്താരാഷ്ട്ര ഏജന്‍സി ഇന്ത്യയുടെ വളര്‍ച്ചാ അനുപാതം ഉയര്‍ത്തുന്നത് ആദ്യമായാണ്. ലോകബാങ്കിന്റെ ഒക്ടോബറിലെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുപാതം 7.5 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി കുറച്ചിരുന്നു. രണ്ടാം പാദത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വളര്‍ച്ച നേടിയതും ആഗോള സാമ്പത്തികാഘാതങ്ങളെ അതിജീവിക്കാനുള്ള ശേഷി പ്രകടിപ്പിക്കുന്നതുമാണ് വളര്‍ച്ചാ അനുപാതം ഉയര്‍ത്താന്‍ കാരണം.
ഇന്ത്യയുടെ ഉയര്‍ന്ന വിദേശനാണ്യ കരുതല്‍ ശേഖരം കറന്റ് അക്കൗണ്ട് കമ്മി മറികടക്കാന്‍ പോന്നതാണെന്നാണ് ലോകബാങ്കിലെ സീനിയര്‍ എക്കണോമിസ്റ്റ് ധ്രുവ് ശര്‍മ ചൂണ്ടിക്കാട്ടുന്നത്. ജിഎസ്ടി രാജ്യത്തിന്റെ വികgസന കുതിപ്പിന് ഇടവരുത്തുന്നുവെന്നത് ആഹ്ലാദകരമാണ്. എന്നാല്‍ കയറ്റുമതിക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് കയറ്റുമതിയെ പ്രോത്സാഹിപ്പിച്ച് വിദേശ നാണ്യം കൂടുതല്‍ നേടാന്‍ ശ്രമിക്കുമ്പോഴാണിത്. മറ്റൊരു രാജ്യത്തും ഇല്ലാത്ത രീതിയില്‍ വ്യോമമാര്‍ഗമുള്ള കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ഒക്ടോബറിലാണ്.
വിദേശനാണ്യ വരുമാനത്തില്‍ വന്‍ ഇടിവാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ആര്‍ബിഐ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 25ലെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 55,01,40 ദശലക്ഷം യു എസ് ഡോളറാണ്. മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഇത് കൂടുതലാണെങ്കിലും സമീപകാലത്ത് നമ്മുടെ വിദേശനാണ്യ ശേഖരം കുറഞ്ഞുവരുകയാണ്.
2017 ജൂലൈ മുതല്‍ ചരക്കു-സേവന നികുതി (ജി.എസ്.ടി) നിലവില്‍വന്നെങ്കിലും അതില്‍ നിന്ന് കയറ്റുമതി മേഖലയെ ഒഴിവാക്കിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നു മുതലാണ് കേന്ദ്രം കയറ്റുമതി നിരക്കിനു മേല്‍ 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
എയര്‍ കാര്‍ഗോ കയറ്റുമതി കുറഞ്ഞത് ഒരു മാസം കൊണ്ട് 598 ടണ്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള കയറ്റുമതി സിയാല്‍ കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ 2,480.648 മെട്രിക് ടണ്‍ ആയിരുന്നു. (ഇതില്‍ 915.963 ടണ്‍ പച്ചക്കറിയിനങ്ങള്‍ മാത്രമായിരുന്നു.) ഇത് നവംബറില്‍ 1882.995 ടണ്‍ ആയി കുറഞ്ഞു. ഒക്ടോബറില്‍ 1348.925 ടണ്‍ ആയിരുന്നു പഴം-പച്ചക്കറി കയറ്റുമതി.
ഇത് ഒറ്റമാസം കൊണ്ട് 678.702 ടണ്‍ ആയാണ് കുറഞ്ഞത്. ഒക്ടോബറില്‍ 49.1 ടണ്‍ ശീതീകരിച്ച മത്സ്യം കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം കയറ്റി അയച്ചത് നവംബറില്‍ നാലു ടണ്ണായി ചുരുങ്ങി. പൂവ്യാപാരം 50 ടണ്ണെന്നത് ഒരു ടണ്‍ പോലും കയറ്റിയയക്കാതായി. പഴവര്‍ഗങ്ങളില്‍ പ്രധാനമായും കയറ്റുമതി ചെയ്യുന്ന പൈനാപ്പിള്‍ ഒക്ടോബറില്‍ 19 ടണ്‍ പോയ സ്ഥാനത്ത് നവംബറില്‍ കയറ്റിയയച്ചത് നാലു ടണ്‍ മാത്രം. മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള കയറ്റുമതിയിലും സമാനമായ ഇടിവുണ്ടായി.
18 ശതമാനം ജിഎസ്.ടി വന്നതോടെ സംസ്ഥാനത്തുനിന്ന് വിമാനമാര്‍ഗമുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞു. പഴം-പച്ചക്കറി കയറ്റുമതിയെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കയറ്റുമതിയില്‍ മുന്നിലുള്ളത് പഴവര്‍ഗങ്ങളും പച്ചക്കറിയിനങ്ങളുമാണെന്നതാണ് കാരണം. ഇവ പ്രധാനമായും കയറ്റിയയക്കുന്നത് മലബാറില്‍ നിന്നാണ്. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ വര്‍ധിപ്പിച്ച വിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉത്പന്നം വില്‍ക്കേണ്ട അവസ്ഥ വന്നു.
ഇതുമൂലം കുറഞ്ഞ വിലയുള്ള വിദേശ ഉല്‍പന്നങ്ങളോട് നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് മത്സരിക്കാനാകാതെ വന്നു. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതായതിനാല്‍ ലോകത്തൊരിടത്തും ഇന്ത്യയിലെ പോലെ കയറ്റുമതിക്ക് ജിഎസ്ടി ഇല്ലെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തു നിന്ന് കൂടുതലായും പഴം-പച്ചക്കറി കയറ്റുമതി നടക്കുന്നത് ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കാണ്.
ചൈന പോലുള്ള രാജ്യങ്ങള്‍ കയറ്റുമതിക്കാര്‍ക്ക് ഇന്‍സെന്റീവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംഇഐഎസ് (മര്‍ച്ചന്റ് എക്‌സ്‌പോര്‍ട്ട് ഇന്‍സെന്റീവ് സ്‌കീം), എസ്ഇഐഎസ്(സര്‍വിസ് എക്‌സ്‌പോര്‍ട്ട് ഇന്‍സെന്റീവ് സ്‌കീം) എന്നീ പേരുകളില്‍ ഇന്ത്യയിലും ഇതുണ്ടായിരുന്നെങ്കിലും 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദേശനയത്തിന്റെ ഭാഗമായി ഇത് എടുത്തുകളയുകയായിരുന്നു. നിരക്കുവര്‍ധന മൂലം സംസ്ഥാനത്തുനിന്ന് കപ്പല്‍ മാര്‍ഗമുള്ള കയറ്റുമതിയും കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യോമമാര്‍ഗമുള്ള കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണ്. അഞ്ചു ശതമാനമാണ് കപ്പല്‍ മാര്‍ഗം കണ്ടെയ്‌നറുകളില്‍ ചരക്കുകള്‍ അയക്കുന്നതിനുള്ള ജി.എസ്.ടി.
വിദേശത്തു നിന്നുള്ള ഓര്‍ഡര്‍ കുറഞ്ഞു
വില കൂടിയതിനാല്‍ അന്താരാഷ്ട്ര ഇറക്കുമതിക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത് കുറഞ്ഞതായി അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (എപിഇസി) ചെയര്‍മാന്‍ നരേന്‍ ഗോയങ്ക പറഞ്ഞു. വ്യോമമാര്‍ഗമുള്ള കാര്‍ഗോയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയ നടപടി സര്‍ക്കാര്‍ തുടരണമെന്നും നികുതിഭാരം കയറ്റുമതിയുടെ ഒഴുക്കിനെ സാരമായി ബാധിച്ചതായും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് എ ശക്തിവേല്‍ ചൂണ്ടിക്കാട്ടുന്നു.
ജിഎസ്ടിക്കു പുറമെ വിമാനയാത്രാ നിരക്ക് കൊവിഡിനു ശേഷം വന്‍തോതില്‍ വര്‍ധിച്ചതും കയറ്റുമതി കുറയാനിടയാക്കിയതായി കേരള എകസ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി പറയുന്നു. കൊവിഡിന് ശേഷം വിമാനക്കമ്പനികള്‍ വര്‍ധിപ്പിച്ച ചാര്‍ജ് യഥാക്രമം കോഴിക്കോട്-ദുബൈ 55 രൂപ (പഴയ നിരക്ക് 38), ദോഹയിലേക്ക് 100(68), ജിദ്ദ 85 (35), റിയാദ് 85 (35), ദമ്മാം 90(40), മസ്‌കറ്റ് 75(40), കുവൈത്ത് 102(38), ബഹ്‌റൈന്‍ 90(40) എന്നിങ്ങനെയാണ്.
വിമാനമാര്‍ഗമുള്ള ചരക്കുകൂലി കുത്തനെ കൂടുകയും കേന്ദ്രം 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടും ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് സംസ്ഥാനത്തു നിന്ന് ഖത്തറിലേക്കുള്ള കയറ്റുമതി വര്‍ധിച്ചിരുന്നു. പഴം-പച്ചക്കറി വ്യാപാരത്തിനു പുറമെ വിവിധ രാജ്യങ്ങളുടെ ജഴ്‌സി, ടി-ഷര്‍ട്ടുകള്‍, ട്രാക്‌സ്യൂട്ടുകള്‍, തൊപ്പികള്‍ എന്നിവയുടെ കയറ്റുമതിയാണ് വര്‍ധിച്ചത്. എന്നാലിത് താല്‍ക്കാലികമാണെന്ന് ഈ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.
ചരക്കുകൂലിയിലെ വര്‍ധനയും ജിഎസ്ടി ഏര്‍പ്പെടുത്തിയതും മൂലം മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഇടിവുണ്ടായതായി കൊച്ചി വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുണിത്തരങ്ങള്‍ക്കു പുറമെ പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും വന്‍തോതിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ദോഹയിലേക്ക് കയറ്റിയയക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങളില്ലാത്തതിനാല്‍ കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗവും കപ്പലിലുമാണ് കയറ്റുമതിയെന്ന് കോഴിക്കോട്ടെ ഒരു പ്രമുഖ വ്യവസായി പറഞ്ഞു. പ്രധാനമായും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നുമുള്ള തുണിത്തരങ്ങളാണ് കയറ്റിയയക്കുന്നത്.
നിലവില്‍ കരിപ്പൂരില്‍ നിന്ന് ചരക്കുവിമാന സര്‍വിസ് ഇല്ലാത്തതിനാലും വിമാനനിരക്കിനുമേല്‍ അധിക നികുതിയായി 18 ശതമാനം ജിഎസ്ടി വന്നതുകൊണ്ടും മലബാറില്‍ നിന്നുമുള്ള ചരക്കുഗതാഗതം പൊതുവെ മന്ദീഭവിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ്, കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം, കേരള വെജിറ്റബിള്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകള്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനെ കണ്ടു നിവേദനം നല്‍കിയിട്ടുണ്ട്.
ലാഭമുണ്ടാക്കി വിദേശ രാജ്യങ്ങള്‍
അധിക നികുതിയായി 18 ശതമാനം ജി.എസ്.ടി ഭാരം ചുമത്തിയത് സംസ്ഥാനത്തെ കയറ്റുമതിയുടെ നട്ടെല്ലൊടിക്കുന്ന സ്ഥിതിയാണുള്ളത്. ഇത് സംസ്ഥാനത്തു നിന്ന് മധ്യേഷ്യയിലേക്കു പോകുന്ന കയറ്റുമതി ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് വഴിമാറാനും അതുവഴി രാജ്യത്തിന് ലഭിക്കേണ്ട വിദേശനാണയത്തില്‍ ഇടിവുണ്ടാകാനും ഇടയാക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ തുറന്ന ആകാശനയത്തിന്റെ ഭാഗമായി ചരക്കുവിമാനങ്ങള്‍ ആറു മെട്രോ വിമാനത്താവളങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ കേരളത്തില്‍ നിന്നുള്ള കയറ്റുമതിയിലെ 60 ശതമാനം ചരക്കുകളും മലബാര്‍ ജില്ലകളായ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നിവിടെ നിന്നാണ്. ഇതു കൂടാതെ അയല്‍സംസ്ഥാനങ്ങളിലെ നഞ്ചങ്കോട്, ഊട്ടി, ചിത്രകൂടം, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതിയും വഴിമാറിപ്പോവുകയാണ് ചെയ്യുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാത്തതാണ് കോഴിക്കോട്ടു നിന്നുള്ള കയറ്റുമതിക്ക് വിഘാതമാകുന്നത്. വലിയ വിമാനങ്ങളില്‍ 26 ടണ്‍ വരെ ചരക്കുകള്‍ കയറ്റിയയക്കാമെങ്കില്‍ ചെറുവിമാനങ്ങളില്‍ നാലു ടണ്‍ വരെയേ അയക്കാനാവൂ. പഴം, പച്ചക്കറി തുടങ്ങിയവയാണ് കൂടുതലായി മലബാറില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത്. വലിയ വിമാനങ്ങളില്ലാത്തതിനാല്‍ കയറ്റുമതിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് വ്യാപാരികള്‍.
മുമ്പ് ആഴ്ചയില്‍ കോഴിക്കോട്ടു നിന്ന് 4,000 കിലോ ഹലുവ വരെ ഗള്‍ഫിലേക്ക് പോയിരുന്നത് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കു മാറിയതായി മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി പറയുന്നു. പൂക്കള്‍, പച്ചക്കറികള്‍, പഴങ്ങള്‍, ദന്ത ചികിത്സാ ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, യന്ത്രഭാഗങ്ങള്‍, ശീതീകരിച്ച മത്സ്യം, ഏലം തുടങ്ങിയവയാണ് സംസ്ഥാനത്തുനിന്നും കയറ്റുമതി ചെയ്യുന്നത്. ഇതില്‍ 90 ശതമാനവും പഴം-പച്ചക്കറി ഇനങ്ങളാണ്.
കയറ്റുമതിക്കാര്‍ കൊച്ചി തുറമുഖത്തെ കൈയൊഴിയുന്നു
കപ്പല്‍ ചരക്കുകൂലിയിലെ വര്‍ധനയും കാലതാമസവും മൂലം സംസ്ഥാനത്തെ പ്രമുഖ കയറ്റുമതിക്കാര്‍ കൊച്ചി തുറമുഖത്തെ ഒഴിവാക്കി തൂത്തുക്കുടി, നവി മുംബൈ തുറമുഖങ്ങളെ ആശ്രയിക്കാനൊരുങ്ങുകയാണ്. ഉയര്‍ന്ന ചരക്കുകൂലിക്കു പുറമെ കേന്ദ്ര ഏജന്‍സികളുടെ ശല്യവും കൊച്ചിയെ അപ്രിയമാക്കുന്നു. ഇക്കാരണങ്ങളാല്‍ കൊച്ചിയെ കൈയൊഴിയാന്‍ പ്രമുഖ കയറ്റുമതിക്കാര്‍ തീരുമാനിച്ചതായി 180 അംഗങ്ങളുള്ള കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം(കെഇഎഫ്) പറയുന്നു.
ഉയര്‍ന്ന ചരക്കുകൂലിയും ജി.എസ്.ടിയും മൂലം കഴിഞ്ഞ നവംബര്‍ 25 മുതല്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കൊച്ചി തുറമുഖത്തുനിന്നുമുള്ള കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിദിനം 250 ടണ്‍ പഴം-പച്ചക്കറികള്‍ വിമാനമാര്‍ഗവും 375 കണ്ടെയിനര്‍ ചരക്ക് പ്രതിമാസം കടല്‍മാര്‍ഗവും സംസ്ഥാനത്തുനിന്ന് കയറ്റിയയക്കുന്നുണ്ട്. കൊച്ചിയില്‍ നിന്ന് ദുബൈയിലെ ജബല്‍ അലി തുറമുഖത്തേക്ക് 40 അടി കണ്ടെയിനര്‍ ലോഡ് അയക്കാനുള്ള നിരക്ക് 1,545 ഡോളറാണ്. അതേസമയം നവി മുംബൈയില്‍ നിന്ന് ഇത്രയും ചരക്കയക്കാന്‍ വേണ്ടത് 533 ഡോളര്‍ മാത്രമാണ്.
പ്രതിമാസം 125-150 കണ്ടെയിനര്‍ പാദരക്ഷകള്‍ കയറ്റുമതി ചെയ്യുന്ന വി.കെ.സി ഗ്രൂപ്പ് ഇതിനകം കയറ്റുമതി നവി മുംബൈയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ 1,29,437.05 ടണ്‍ ചരക്കാണ് കൊച്ചി തുറമുഖത്തുനിന്ന് കയറ്റിയയച്ചത്. സെപ്റ്റംബറിലിത് 1,04,557.6 ടണ്ണായി. കൊച്ചി അടുത്തുള്ള തുറമുഖമാണെങ്കിലും നിരക്കു കുറവുള്ള നവി മുംബൈ വഴിയാകുന്നതാണ് ഇറക്കുമതിക്കാര്‍ക്കിഷ്ടമെന്ന് കെ.ഇ.എഫിലെ ഒരു പ്രമുഖ വ്യവസായി പറഞ്ഞു.
നവി മുംബൈ വഴിയാകുമ്പോള്‍ കടുത്ത മത്സരം നടക്കുന്ന കമ്പോളത്തില്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ചരക്ക് വിറ്റഴിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവ കുറഞ്ഞ നിരക്കില്‍ വിദേശത്ത് പച്ചക്കറികള്‍ എത്തിക്കുന്നതും കേരള കയറ്റുമതിക്കാര്‍ക്ക് ഭീഷണിയാണ്.
ഒമാനിലെ സൊഹാര്‍ തുറമുഖത്തേക്ക് കൊച്ചിയില്‍ നിന്നുള്ള ചരക്കുകൂലി 2,550 ഡോളറാണ്(2,07,624 രൂപ). എന്നാലിത് തൂത്തുക്കുടിയില്‍ നിന്നാകുമ്പോള്‍ 1,800 ഡോളറും(1,46,558 രൂപ) നവി മുംബൈയില്‍ നിന്നാണെങ്കില്‍ 969 ഡോളറുമാണ് (77,269 രൂപ). ഖത്തര്‍, ബഹ്‌റൈന്‍, ജിദ്ദ തുറമുഖങ്ങളിലേക്ക് യഥാക്രമം കൊച്ചി, തൂത്തുക്കുടി, നവി മുംബൈ തുറമുഖങ്ങളില്‍ നിന്നുള്ള ചരക്കുകൂലി ഇപ്രകാരമാണ്: 3100,1900,972; 2825,1650,914; 2900,1713,1275.
കൊച്ചിയില്‍ നിന്ന് പഴം-പച്ചക്കറികള്‍ വിദേശത്തെത്തിക്കുന്നതിന് കൂടുതല്‍ ദിവസമെടുക്കുന്നത് ബിസിനസ് നഷ്ടത്തിനിടയാക്കുന്നതായി വ്യാപാരികള്‍ പറയുന്നു. കൊച്ചിയില്‍ നിന്ന് ജബല്‍അലിയിലേക്ക് 14 ദിവസമെടുക്കും.ഖത്തറിലേക്ക് 18 ദിവസം വേണം. ജിദ്ദയിലേക്കാകട്ടെ 22 ദിവസവും. എന്നാല്‍ ഇതേ ജി.സി.സി രാജ്യങ്ങളിലേക്ക് അഞ്ചുദിവസം കൊണ്ട് നവി മുംബൈയില്‍ നിന്ന് ചരക്കെത്തിക്കാനാകും.
കൊച്ചിയില്‍ നിന്ന് കപ്പലുകള്‍ കൊളംബോ വഴി പോകുന്നതാണ് സമയനഷ്ടത്തിനിടയാക്കുന്നത്. എന്നാല്‍ കൊച്ചിയില്‍ നിന്ന് കൂടുതല്‍ കണ്ടെയിനറുകളില്ലാത്തതിനാല്‍ മറ്റു തുറമുഖങ്ങളില്‍ ചെന്ന് കൂടുതല്‍ ചരക്ക് കൊണ്ടുപോകേണ്ടിവരുന്നതാണ് യഥാര്‍ഥ കാരണമെന്നു കേരള സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനു ശേഷം വിമാനക്കമ്പനികള്‍ ചരക്കുകൂലി വര്‍ധിപ്പിച്ചതും കേന്ദ്ര സര്‍ക്കാര്‍ 18 ശതമാനം ജി.എസ്.ടി വര്‍ധിപ്പിച്ചതുമാണ് ചരക്കുകടത്തിന് കപ്പലിനെ കൂടുതലായി ആശ്രയിക്കാന്‍ കാരണം.