സംസ്ഥാന ബജറ്റില്‍ ഭൂമി വില മുതല്‍ പിഴത്തുക വരെ വര്‍ധിച്ചേക്കും; റിപ്പോര്‍ട്ട്
- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കും.
തിരുവനന്തപുരം: ഭൂമിയുടെ ന്യായ വില മുതല്‍ ഫീസ്, പിഴത്തുക എന്നിവ വരെ സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. ഇത്തരത്തില്‍ തുക വര്‍ധിപ്പിച്ച് ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മോട്ടോര്‍ വാഹന നികുതിയിലും വര്‍ധനവുണ്ടായേക്കും. വസ്തു നികുതി മുതല്‍ ലൈസന്‍സ് ഫീസ് ഇനത്തില്‍ വരെ വര്‍ധന പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫീസുകളില്‍ 5 ശതമാനം വര്‍ധനയ്ക്കാണ് സാധ്യത. ഇക്കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തെ മദ്യത്തിന്റെ വില്പന നികുതി 251 ശതമാനമായി ഉയര്‍ത്തിയിരുന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കും.
കടമെടുപ്പ് തടയാന്‍ കേന്ദ്രം ശ്രമിക്കുന്നു ഗവര്‍ണര്‍
കേരള സംസ്ഥാനം കടക്കെണിയിലേക്ക് നീങ്ങുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന ഗവര്‍ണര്‍. ബജറ്റവതരണത്തിനു മുന്നോടിയായുള്ള പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ കേരളത്തിന്റെ കടമെടുപ്പിന് തടയിടുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതെന്ന് കുറ്റപ്പെടുത്തിയത്.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ച ഗവര്‍ണര്‍ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ കേരളത്തിന് ഏറെ നേട്ടം കൈവരിക്കാനായെന്നും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ച നേടിയെന്നും വ്യക്തമാക്കി. ശക്തമായ രാജ്യത്തിന് ശക്തമായ കേന്ദ്രവും, അധികാരശ്രേണികളും വേണമെന്നും അഭിപ്രായപ്പെട്ടു.