മോട്ടോര്‍ വാഹന നികുതി കൂട്ടി: വൈദ്യുതി വാഹനങ്ങളുടെ നികുതി 5% ആക്കി
- ഫാന്‍സി നമ്പര്‍ സെറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതി കൂട്ടി. മോട്ടോര്‍ വാഹന നികുതിയില്‍ 2% വര്‍ദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ നികുതി സാധാരണ വാഹനങ്ങളെ പോലെ 5 ശതമാനമായി കുറച്ചു. ഫാന്‍സി നമ്പര്‍ സെറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ട്രാക്റ്റ് സ്‌റ്റേജ് കാരിയര്‍ വാഹനങ്ങളുടെ നികുതി 10% ആയി കുറച്ചു. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2 ശതമാനം അധികനികുതി. വാഹന സെസിലും വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് 1 ശതമാനം നികുതി. അഞ്ചു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയുള്ള കാറുകള്‍ക്ക് 2 ശതമാനം കൂട്ടും. 15 ലക്ഷത്തിന് മേല്‍ ഒരു ശതമാനം കൂട്ടും.
വാഹന നിരക്കിലെ മാറ്റം
5 ലക്ഷം രൂപ വരെ - 1% വര്‍ധന
5-15 ലക്ഷം വരെ - 2 % വര്‍ധന
15-20 ലക്ഷം വരെ - 1 % വര്‍ധന
20-30 ലക്ഷം വരെ 1% വര്‍ധന
30 ലക്ഷത്തിന് മുകളില്‍ -- 1% വര്‍ധന
340 കോടി രൂപ അധിക വരുമാനം ഇതുവഴി പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അടയ്ക്കുന്ന ഒറ്റത്തവണ സെസ്സിലും മാറ്റമുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് 50 രൂപയില്‍ നിന്നും 100 രൂപയാക്കി. എല്‍എംവികള്‍ക്ക് (ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക്) 100 രൂപയില്‍ നിന്നും 200 രൂപയാക്കി. എംഎംവികള്‍ക്ക് (മീഡിയം മോട്ടോര്‍ വെഹിക്കിളുകള്‍ക്ക്) 150 രൂപയില്‍ നിന്നും 300 രൂപയാക്കി. എച്ച്എംവികള്‍ക്ക് (ഹെവി മോട്ടോര്‍ വെഹിക്കിള്‍) 250 രൂപയില്‍ നിന്നും 500 രൂപയാക്കി.