ടൂറിസത്തിന് 'ആഘോഷ ബജറ്റ്', 362.15 കോടി വകയിരുത്തി
- പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 135.65 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കും ഇക്കുറി ബജറ്റില്‍ മികച്ച പ്രഖ്യാപനങ്ങളാണുള്ളത്. 362.15 കോടി രൂപയാണ് ടൂറിസം മേഖലയ്ക്കായി അനുവദിച്ചിരിക്കുന്നത്. കോവളം, ബേപ്പൂര്‍, ബേക്കല്‍, മൂന്നാര്‍, ആലപ്പുഴ, കുമരകം, കുട്ടനാട്, കൊല്ലം അഷ്ടമുടി, തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എക്‌സ്പീരിയന്‍ഷ്യല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റുന്നതിനും ഇവയെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനും ശ്രദ്ധ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനുമുണ്ട്.
തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയപാത ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ ടൂറിസം ഇടനാഴി, റെയില്‍വേ ഇടനാഴി എന്നിങ്ങനെ കേരളത്തിലെ ഏഴുതരം ടൂറിസ്റ്റ് ഇടനാഴികളുമായി ബന്ധപ്പെട്ടായിരിക്കും ഇവ നടപ്പാക്കുന്നത്.
50 കോടി രൂപയാണ് ഇടനാഴികളുടെ വികസനത്തിനായി അനുവദിച്ചത്. കേരളത്തിലുടനീളം എയര്‍സ്ട്രിപ്പുകള്‍ നടപ്പാക്കുന്നതിനായി ഒരു കമ്പനി പിപിപി മാതൃകയില്‍ സ്ഥാപിക്കും. ഇതിനായി സര്‍ക്കാരിന്റെ ഇക്വിറ്റി പിന്തുണയുടെ രൂപത്തില്‍ 20 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഏഴ് കോടി രൂപയാണ് ഇക്കോ ടൂറിസം പദ്ധതിയ്ക്കായി അനുവദിച്ചിരിക്കുന്നത്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ സ്റ്റഡീസ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ക്ക് 19.3 കോടി രൂപയും അന്തര്‍ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി രൂപയും അനുവദിച്ചു.
തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പൈതൃക ഉത്സവങ്ങള്‍ക്കും പ്രാദേശിക സാംസ്‌കാരിക പരിപാടികള്‍ക്കുമായി 8 കോടി രൂപയും 2024 ലെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നതിന് 7 കോടി രൂപയും മുസിരിസ് ബിനാലെയ്ക്ക് രണ്ടുകോടി രൂപയും വകയിരുത്തിട്ടുണ്ട്.
ഹെറിറ്റേജ് ആന്‍ഡ് സ്‌പൈസ് റൂട്ട് പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി, മുസിരിസ്, ആലപ്പുഴ, തലശ്ശേരി ഹെറിറ്റേജ് പ്രോജക്റ്റുകള്‍ക്കായി 17 കോടി രൂപയും ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 12 കോടി രൂപയും വകയിരുത്തിയെന്നും പ്രഖ്യാപനത്തിലുണ്ട്. കോഴിക്കോട് കാപ്പാടില്‍ ഒരു ചരിത്രമ്യൂസിയം സ്ഥാപിക്കുന്നതിനായി പ്രാഥമികമായി 10 കോടി രൂപയാണ് വകയിരുത്തും എന്ന് മന്ത്രി അറിയിച്ചു.
പൗരാണിക വ്യാപാരചരിത്രം ആഘോഷിക്കുന്ന ഒരു മ്യൂസിയവും ഓഷ്യനേറിയവും കൊല്ലത്ത് സ്ഥാപിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഓഷ്യനേറിയം സ്ഥാപിക്കുക. ഉത്തരവാദിത്ത ടൂറിസത്തിനായി 9.5 കോടി രൂപയും വകയിരുത്തി.
ടൂറിസം മേഖലയില്‍ വൈദ്യുതി സബ്‌സിഡിക്ക് 10 കോടിയും കാരവന്‍ ടൂറിസത്തിന് 3.7 കോടിയും റിവോള്‍വിങ് ഫണ്ട് പദ്ധതി തുടരുന്നതിനായി 3 കോടിയും അനുവദിച്ചു. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി 135.65 കോടി രൂപ വകയിരുത്തി. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകളെ ആകര്‍ഷിക്കുന്നതിനായി 'വര്‍ക്ക് ഫ്രം ഹോളിഡേ ഹോം' എന്ന പേരിലുള്ള പദ്ധതി നടപ്പാക്കും. 10 കോടി രൂപയാണ് ഇതിന് അനുവദിച്ചിരിക്കുന്നത്.