ബജറ്റില്‍ 35 ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കും

  • വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് തീരുവ ഉയര്‍ത്തുന്ന ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

Update: 2023-01-10 04:39 GMT

ഡെല്‍ഹി: ഇറക്കുമതി കുറയ്ക്കുക, പ്രാദേശികമായ ഉത്പാദനം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് പുതിയ ബജറ്റില്‍ 35 ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയേക്കും. പ്രൈവറ്റ് ജെറ്റ്, ഹെലികോപ്റ്റര്‍, ഉയര്‍ന്ന ശ്രേണിയിലുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ജ്വല്ലറി, ഹൈ ഗ്ലോസ് പേപ്പര്‍, വിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള 35 ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയേക്കുമെന്നാണ് സൂചന.

വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് തീരുവ ഉയര്‍ത്തുന്ന ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ഡിസംബറില്‍ മന്ത്രാലയങ്ങളോട് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് അത്യാവശ്യമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കാനായി പട്ടിക തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി ജൂണിലവസാനിച്ച പാദത്തിലെ 2.2 ശതമാനത്തില്‍ നിന്നും സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപിയുടെ 4.4 ശതമാനമായി ഉയര്‍ന്നിരുന്നു. ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളുടെ വില കുറഞ്ഞത് കറന്റ് അക്കൗണ്ട് കമ്മിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ഇളവ് വരുത്തിയേക്കുമെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രതയിലാണ്. വരുന്ന സാമ്പത്തിക വര്‍ഷം കയറ്റുമതി രംഗം സമ്മര്‍ദ്ദം നേരിടുമെന്നും, കറന്റ് അക്കൗണ്ട് കമ്മി 3.2-3.4 ശതമാനത്തിലായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News