വിലക്കുറവിൽ കുതിച്ചുയര്‍ന്ന് ഭക്ഷ്യ എണ്ണ ഇറക്കുമതി

ഡെല്‍ഹി: ജൂൺ മുതലുള്ള ആഗോള വിലയിടിവിനെ തുടര്‍ന്ന് ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി ജൂലൈ മാസം 31 ശതമാനം ഉയര്‍ന്ന് 12.05 ലക്ഷം ടണ്ണായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 9.17 ലക്ഷം ടൺ ഭക്ഷ്യ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഈ വര്‍ഷം ജൂലൈയില്‍ ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ സസ്യ എണ്ണകളുടെ ഇറക്കുമതി 24 ശതമാനം ഉയര്‍ന്ന് 1,214,353 ടണ്ണായി ഉയര്‍ന്നതായി സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പറഞ്ഞു. നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് എണ്ണ വിപണന […]

Update: 2022-08-15 05:00 GMT

ഡെല്‍ഹി: ജൂൺ മുതലുള്ള ആഗോള വിലയിടിവിനെ തുടര്‍ന്ന് ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി ജൂലൈ മാസം 31 ശതമാനം ഉയര്‍ന്ന് 12.05 ലക്ഷം ടണ്ണായി.

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 9.17 ലക്ഷം ടൺ ഭക്ഷ്യ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

ഈ വര്‍ഷം ജൂലൈയില്‍ ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ സസ്യ എണ്ണകളുടെ ഇറക്കുമതി 24 ശതമാനം ഉയര്‍ന്ന് 1,214,353 ടണ്ണായി ഉയര്‍ന്നതായി സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പറഞ്ഞു.

നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് എണ്ണ വിപണന വര്‍ഷം. 2021 നവംബര്‍ മുതല്‍ 2022 ജൂലൈ വരെയുള്ള കാലയളവില്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 93,70,147 ടണ്ണില്‍ നിന്ന് 96,95,305 ടണ്ണായി ഉയര്‍ന്നു.

മൊത്തം ഇറക്കുമതിയില്‍, റിഫൈന്‍ഡ് പാമോയിലിന്റെ അളവ് 11,44,496 ടണ്‍, ക്രൂഡ് പാം ഓയില്‍ 36,59,699 ടണ്‍, ക്രൂഡ് സോയാബീന്‍ ഓയില്‍ 33,30,556 ടണ്‍, ക്രൂഡ് സണ്‍ഫ്‌ലവര്‍ ഓയില്‍ 15,03,627 ടണ്‍ എന്നിങ്ങനെയാണ്.

2021-22 എണ്ണ വിപണന വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍, ശുദ്ധീകരിച്ച പാമോയിലിന്റെ ഇറക്കുമതി മുന്‍വര്‍ഷത്തെ 43,271 ടണ്ണില്‍ നിന്ന് 11,44,496 ടണ്ണായി ഉയര്‍ന്നു.

ഭക്ഷ്യ എണ്ണയുടെ ആഗോള വില കഴിഞ്ഞ രണ്ടു മാസത്തിൽ കുത്തനെ ഇടിഞ്ഞു. പാം ഓയിലിന് ഒരു ടണ്ണിന് 625 ഡോളറും സോയാബീൻ ഓയിലിന് ഒരു ടണ്ണിന് 370 ഡോളറും സാൻ ഫ്‌ളവർ ഓയിലിന് ഒരു ടണ്ണിന് 450 ഡോളറുമാണ് ഇക്കാലയളവിൽ കുറഞ്ഞത്.

എങ്കിലും രൂപയുടെ മാർച്ച് മാസം മുതലുള്ള മൂല്യ ശോഷണവും കൂടിയ ചരക്കു കൂലിയും എല്ലാ ഇളവുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് തടസ്സമായതായി അസോസിയേഷൻ പറഞ്ഞു.

ഇന്തോനേഷ്യയും മലേഷ്യയുമാണ് ഇന്ത്യക്ക് പ്രധാനമായും പാമോയിൽ നൽകുന്നത്. റഷ്യ, യുക്രൈൻ, അർജന്റീന എന്നിവിടങ്ങളിൽ നിന്നും സൺഫ്ലവർ ഓയിൽ ലഭിക്കുമ്പോൾ സോയാബീൻ ഓയിൽ വരുന്നത് ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽ നിന്നാണ്.

Tags:    

Similar News