image

3 Dec 2022 10:32 AM GMT

Stock Market Updates

മണപ്പുറം ഫിനാന്‍സില്‍ നിന്ന് ഉടന്‍ ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്: എം.ഡി വി.പി നന്ദകുമാറുമായുള്ള അഭിമുഖം

Bureau

മണപ്പുറം ഫിനാന്‍സില്‍ നിന്ന് ഉടന്‍ ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്: എം.ഡി വി.പി നന്ദകുമാറുമായുള്ള അഭിമുഖം
X

Summary

  • 2015 ല്‍ മണപ്പുറം ഏറ്റെടുത്ത കമ്പനിയുടെ നിലവിലെ എയുഎം 7,118 കോടി
  • കമ്പനിയില്‍ മണപ്പുറം ഫിനാന്‍സിന് 98 ശതമാനം പങ്കാളിത്തം



കൊച്ചി: രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ഗ്രൂപ്പില്‍ നിന്ന് ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്. മണപ്പുറം ഫിനാന്‍സിന്റെ എംഡിയും സിഇഒയുമായ വി പി നന്ദകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൈഫിന്‍ പോയ്ന്റിന്റെ 'കോര്‍പറേറ്റ് ലെജണ്ട്‌സ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് മൈക്രോഫിനാന്‍സാണ് ഓഹരി വിപണിയില്‍ ലിസ്റ്റിംഗിനൊരുങ്ങുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോഫിനാന്‍സ് കമ്പനിയായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സില്‍ മണപ്പുറം ഫിനാന്‍സിന് 98 ശതമാനം പങ്കാളിത്തമാണുള്ളത്.

'രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോഫിനാന്‍സിന്റെ ഓഹരി പ്രവേശനം അടുത്ത് തന്നെ ഉണ്ടായേക്കും. എന്നാല്‍ എപ്പോഴായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പനയെന്ന് നിശ്ചയിച്ചിട്ടില്ല. ഒരുപാട് ഘടകങ്ങള്‍ക്കനുസരിച്ചായിരിക്കും ഐപിഒ സമയം തീരുമാനിക്കുക. നിലവില്‍ ഐപിഒയ്ക്ക് മുന്നോടിയായി ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്'' വിപി നന്ദകുമാര്‍ മൈഫിന്‍ പോയ്ന്റിനോട് പറഞ്ഞു.

ദീര്‍ഘവീക്ഷണത്തോടെയുള്ള ഏറ്റെടുക്കല്‍

2008ലാണ് ചെന്നൈ കേന്ദ്രീകരിച്ച് എസ്വി വൈദ്യനാഥന്‍ ആശിര്‍വാദ് മൈക്രോഫിനാന്‍സിന് തുടക്കമിട്ടത്. പിന്നീട് 2015 ഫെബ്രുവരിയില്‍ മണപ്പുറം ഫിനാന്‍സ് 48.63 കോടി രൂപയ്ക്ക് ആശിര്‍വാദിനെ ഏറ്റെടുത്തു. 300 കോടി രൂപയുടെ ലോണ്‍ബുക്കും 115 ശാഖകളുമായിരുന്നു അന്ന് ആശിര്‍വാദ് മൈക്രോഫിനാന്‍സിനുണ്ടായിരുന്നത്. ആദ്യം 71 ശതമാനം ഓഹരികളായിരുന്നു മണപ്പുറം ഫിനാന്‍സ് സ്വന്തമാക്കിയത്. ഇപ്പോള്‍ 98 ശതമാനം ഓഹരികളും മണപ്പുറത്തിന്റെ കൈവശമാണ്. ഈ ഏറ്റെടുക്കലിന് പിന്നാലെ ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ വളര്‍ച്ചയും ത്വരിതഗതിയിലായി.

2019 ല്‍ ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ എയുഎം അയ്യായിരം കോടി കടക്കുകയും ചെയ്തു. ഏറ്റെടുക്കലിന് മുമ്പ് തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായിരുന്നു ആശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ സാന്നിധ്യമെങ്കില്‍ മണപ്പുറത്തിന് കീഴില്‍ അത് രാജ്യത്തുടനീളമായി വളര്‍ന്നു.

മുന്നേറ്റ നാളുകള്‍

ആശിര്‍വാദ് ഫിനാന്‍സിന്റെ യാത്രയില്‍ മുന്നേറ്റമുണ്ടാക്കിയ വര്‍ഷമായിരുന്നു 2021-22 സാമ്പത്തികവര്‍ഷം. നടപ്പ് സാമ്പത്തികവര്‍ഷം രണ്ടാംപാദഫലമനുസരിച്ച് 7,118 കോടി രൂപയാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തി. ആദ്യപാദത്തെ അപേക്ഷിച്ച് 8.74 ശതമാനവും മുന്‍വര്‍ഷത്തെ ഇതേപാദത്തെ അപേക്ഷിച്ച് (7029 കോടി രൂപ) 1.25 ശതമാനവുമാണ് ആസ്തി വളര്‍ച്ച.