ഗൂഗിൾ ഇന്ത്യയിൽ ഭൂകമ്പ മുന്നറിയിപ്പ് അവതരിപ്പിക്കുന്നു

  • ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ ഭൂകമ്പ അലർട്ട് സംവിധാനം
  • ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്റ്റിവിറ്റി, പ്രവർത്തനക്ഷമമാക്കിയ ലൊക്കേഷൻ സേവനങ്ങൾ എന്നിവ വേണം
  • ഫോൺ ലോക്ക് ചെയ്‌തിരുന്നാൽ പോലും അലർട്ടുകൾ ലഭിക്കും

Update: 2023-09-28 10:06 GMT

 ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി  ഗൂഗിൾ ഭൂകമ്പ അലർട്ട് സംവിധാനം അവതരിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എൻ ഡി എം എ), ദേശീയ സിസ്‌മോളജി സെന്‍റർ (എൻ  എസ് സി ) യുമായി സഹകരിച്ചാണ് ഗൂഗിൾ ഈ സംവിധാനം പുറത്തിറക്കിയത്. ഭൂകമ്പത്തിന്റെ ആദ്യകാല പ്രകമ്പനങ്ങൾ കണ്ടെത്തുന്നതിനും ഭൂകമ്പത്തിന്റെ തീവ്രത, കേന്ദ്രം തുടങ്ങിയവയെ കുറിച്ച് പഠിക്കുന്നതിനും ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലെ ആക്‌സിലറോമീറ്ററുകൾ ഉപയോഗിക്കുന്നു. ഭൂകമ്പം കണ്ടെത്തുമ്പോൾ, ഗൂഗിളിന്റെ സെർവറുകൾ ഈ വിവരങ്ങൾ ഉപയോഗിച്ച് ഭൂകമ്പ ബാധിത പ്രദേശത്ത് ഉള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അലർട്ടുകൾ അയയ്ക്കുന്നു.

ഫോണിലെ ആക്സിലെറോമീറ്റർ ഒരു സീസ്മോഗ്രാഫ് ആയി ഉപയോഗിച്ച് ഭുകമ്പം മനസിലാക്കുന്ന  സംവിധാനമാണിതെന്ന്  ഗൂഗിൾ പറയുന്നു. ചാർജ് ചെയ്യുന്ന ഒരു ആൻഡ്രോയിഡ് ഫോൺ ഭൂകമ്പത്തിന്റെ ആദ്യകാല പ്രകമ്പനങ്ങൾ കണ്ടെത്തുന്നു.  സെൻട്രൽ സെർവറിലേക്ക്  ഈ ഡാറ്റ അയയ്ക്കുന്നു. ഒരേ പ്രദേശത്തുള്ള ഒന്നിലധികം ഫോണുകൾക്ക് സമാനമായ പ്രകമ്പനം കണ്ടെത്താനാകുമെങ്കിൽ, സെർവറിന് ഭൂകമ്പത്തിന്റെ സ്വഭാവസവിശേഷതകൾ, അതിന്റെ  പ്രഭവകേന്ദ്രം, തീവ്രത എന്നിവ വിശകലനം ചെയ്യാൻ കഴിയും. തുടർന്ന്, അത് സമീപത്തുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് വേഗത്തിൽ  മുന്നറിയിപ്പുകള്‍ അയയ്ക്കുന്നു. തീവ്ര കമ്പനങ്ങള്‍ തുടർന്നുണ്ടാകുന്നതിനു മുമ്പേ ഈ മുന്നറിയിപ്പുകള്‍ അതിവേഗത്തില്‍ ഉപഭോക്താക്കളിലെത്തുന്നു. 

ഭൂകമ്പ അലർട്ടുകൾ ലഭിക്കുന്നതിന്, ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇവ ഉണ്ടായിരിക്കണം. ആൻഡ്രോയിഡ് അഞ്ചോ അതിനു  അതിനുമുകളിലോ ഉള്ള വകഭേദങ്ങളില്‍ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്റ്റിവിറ്റി, പ്രവർത്തനക്ഷമമാക്കിയ ലൊക്കേഷൻ സേവനങ്ങൾ എന്നിവയും ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ, ഭുകമ്പ മുന്നറിയിപ്പുകള്‍ ലഭിക്കുകയുള്ളു. കൂടാതെ  ഭൂകമ്പ അലർട്ട് ഓപ്ഷൻ  പ്രവർത്തനക്ഷമമാക്കിയിരിക്കണം.

ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇപ്പോഴും വികസനത്തിലാണെങ്കിലും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഈ സംവിധാനം വിന്യസിച്ചിട്ടുണ്ട്. തുടരെത്തുടരെ ചെറുതും വലുതുമായ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് യോജ്യമായ സംവിധാനമായിരിക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലുണ്ടാകുന്ന ഭുകമ്പങ്ങള്‍ വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായി തീരാറുണ്ട്. ഭൂകമ്പ സമയത്ത് ആളുകൾക്ക് സ്വയം സംരക്ഷിക്കുന്നതിനും പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ എടുക്കാൻ മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനം സഹായിക്കും. ആളുകൾക്ക് പെട്ടെന്നു കെട്ടിടങ്ങളിൽ നിന്നും മറ്റും സുരക്ഷിതമായ സ്ഥലത്തേക്ക് നീങ്ങാം.

എല്ലാ ഇന്ത്യൻ ഭാഷകളിലും  മുന്നറിയിപ്പുകള്‍ ലഭ്യമാകും എന്ന് ഗൂഗിൾ പറയുന്നു. രണ്ടു തരത്തിലുളള മുന്നറിയിപ്പുകളാണ് നൽകുന്നത്. ഒന്ന് ബി അവെയർ ആൻഡ് ടേക്ക് ആക്ഷൻ.  ഇത് ചെറിയ തീവ്രത കുറഞ്ഞ ഭൂകമ്പങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്.  തീവ്രത കൂടിയ ഭൂകമ്പങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുവാന്‍ ടേക്ക് ആക്ഷൻ അലർട്ട്  അയക്കുന്നു. ഫോൺ ലോക്ക് ചെയ്‌തിരുന്നാൽ പോലും അലർട്ടുകൾ ലഭിക്കുന്ന സംവിധാനമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഭൂകമ്പ അലർട്ടുകൾ പ്രവർത്തനക്ഷമമാക്കാൻ നിങ്ങളുടെ മൊബൈൽ സെറ്റിംഗ്സ് ലേക്ക് പോകുക. സേഫ്റ്റി ആൻഡ് എമർജൻസി ടാപ്പ് ചെയ്ത ശേഷം, എർത്ത്ക്വാക് അലർട്ട് ഓൺ ചെയ്യുക. അഥവാ നിങ്ങളുടെ ലൊക്കേഷൻ ടാപ്പ് ചെയ്ത ശേഷം അഡ്വാൻസ്ഡ് ലേക്ക് പോകുക അവിടെ എർത്ത്ക്വാക് അലർട്ട് സജീവമാക്കുക. 



Tags:    

Similar News