ഇതാണ് വിപ്രോയുടെ പുതിയ സാരഥി

  • ശ്രീനിവാസിന്റെ നിയമനം അഞ്ച് വര്‍ഷത്തേയ്ക്കാണ്
  • ശ്രീനിവാസ് പാലിയ 1992-ല്‍ പ്രൊഡക്ട് മാനേജരായിട്ടാണ് വിപ്രോയില്‍ ജോലിയില്‍ പ്രവേശിച്ചത്
  • 2024 ഏപ്രില്‍ 7 നാണ് ചുമതലയേറ്റത്

Update: 2024-04-08 07:03 GMT

ഐടി ഭീമനായ വിപ്രോയെ ഇനി ശ്രീനിവാസ് പാലിയ നയിക്കും. കഴിഞ്ഞ ദിവസം തിയറി ഡിലാപോര്‍ട്ട് രാജിവച്ചതിനെ തുടര്‍ന്ന് പുതിയ സിഇഒയായി ശ്രീനിവാസ് പാലിയയെ നിയമിക്കുകയായിരുന്നു. മാനേജിംഗ് ഡയറക്ടര്‍ സ്ഥാനവും പാലിയയ്ക്ക് നല്‍കിയിട്ടുണ്ട്.

2024 ഏപ്രില്‍ 7 ന് ചുമതലയേറ്റ ശ്രീനിവാസിന്റെ നിയമനം അഞ്ച് വര്‍ഷത്തേയ്ക്കാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മുഴുവനും, നാലാം പാദത്തിലെയും ഫലങ്ങള്‍ ഏപ്രില്‍ 19ന് വിപ്രോ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ പ്രൊഫഷണല്‍ ശൃംഖലയായ ലിങ്ക്ഡിനില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം, ശ്രീനിവാസ് പാലിയ 1992-ല്‍ പ്രൊഡക്ട് മാനേജരായിട്ടാണ് വിപ്രോയില്‍ ജോലിയില്‍ പ്രവേശിച്ചത്.

മാര്‍ക്കറ്റിംഗ് & ബ്രാന്‍ഡ് മാനേജര്‍, യുഎസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍, യുഎസ്എയിലെ എന്റര്‍െ്രെപസ് ബിസിനസ് വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ റോളുകള്‍ അദ്ദേഹം വിപ്രോയില്‍ വഹിച്ചിട്ടുണ്ട്.

സീനിയര്‍ വൈസ് പ്രസിഡന്റായും, ബിസിനസ് ആപ്ലിക്കേഷന്‍ സര്‍വീസസിന്റെ ഗ്ലോബല്‍ ഹെഡ് ആയും പ്രവര്‍ത്തിച്ച പാലിയ പിന്നീട് വിപ്രോയുടെ ആര്‍സിടിജി ബിസിനസ് യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായി. ഇപ്പോള്‍ സിഇഒ ആകുന്നതിന് മുമ്പ് കണ്‍സ്യൂമര്‍ ബിസിനസ് യൂണിറ്റിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1992-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ടെക്‌നോളജി ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ ലീഡിംഗ് ഗ്ലോബല്‍ ബിസിനസ്സ് എക്‌സിക്യൂട്ടീവ് പ്രോഗ്രാമില്‍ നിന്നും മക്ഗില്‍ എക്‌സിക്യൂട്ടീവ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അഡ്വാന്‍സ്ഡ് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ നിന്നും ബിരുദം നേടി.

ഫ്രഞ്ച് വംശജനായിരുന്നു 56-കാരനും വിപ്രോയുടെ സിഇഒയുമായിരുന്ന ഡിലാപോര്‍ട്ട്. 2020 ജുലൈയിലാണ് വിപ്രോയുടെ സിഇഒ, എംഡി സ്ഥാനത്തേയ്ക്ക് നിയമിതനായത്.

82 കോടി രൂപയോളമായിരുന്ന ഡിലാപോര്‍ട്ടിന്റെ വിപ്രോയിലെ വാര്‍ഷിക ശമ്പളം. ഒരുപക്ഷേ ഇന്ത്യന്‍ ഐടി രംഗത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന സിഇഒയും ഡിലാപോര്‍ട്ടായിരിക്കും.

അദ്ദേഹം വിപ്രോയെ നയിച്ചപ്പോള്‍ വിപ്രോയുടെ ഓഹരി മൂല്യത്തില്‍ 116 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2024 ഏപ്രില്‍ 6-നാണ് ഡിലാപോര്‍ട്ട് രാജിവയ്ക്കുന്നതായി അറിയിച്ചത്.

Tags:    

Similar News