ന്യൂസ് കണ്ടന്റ് ഉപയോഗിക്കല്‍: ഓപ്പണ്‍ എഐയും ന്യൂസ് കോര്‍പ്പും തമ്മില്‍ കരാര്‍

  • ന്യൂസ് കോര്‍പ്പുമായുള്ള കരാര്‍ മാധ്യമപ്രവര്‍ത്തനത്തിനും സാങ്കേതികവിദ്യയ്ക്കും അഭിമാനകരമായ നിമിഷമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍
  • കരാര്‍ തുകയെ കുറിച്ചുള്ള വിവരം ഓപ്പണ്‍ എഐയോ, ന്യൂസ് കോര്‍പ്പോ ഇതുവരെ പുറത്തുവിട്ടിട്ടില്ല
  • കരാര്‍പ്രകാരം വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് പോസ്റ്റ്, ബാരണ്‍സ്, ദ ഡെയ്‌ലി ടെലഗ്രാഫ് തുടങ്ങിയ വാര്‍ത്താ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിലേക്ക് ഓപ്പണ്‍ എഐക്ക് ആക്‌സസ് ഉണ്ടായിരിക്കും

Update: 2024-05-24 12:48 GMT

പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂസ് കോര്‍പ്പും എഐ കമ്പനിയായ ഓപ്പണ്‍ എഐയും ന്യൂസ് കണ്ടന്റിലേക്ക് ആക്‌സസ് നേടാനുള്ള കരാറില്‍ ഒപ്പുവച്ചു.

കരാര്‍ തുകയെ കുറിച്ചുള്ള വിവരം ഓപ്പണ്‍ എഐയോ, ന്യൂസ് കോര്‍പ്പോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഞ്ച് വര്‍ഷത്തേക്കായിരിക്കും കരാറെന്നും 250 ദശലക്ഷം ഡോളറിന്റേതായിരിക്കും ഇടപാടുമെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കരാര്‍പ്രകാരം വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് പോസ്റ്റ്, ബാരണ്‍സ്, ദ ഡെയ്‌ലി ടെലഗ്രാഫ് തുടങ്ങിയ വാര്‍ത്താ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിലേക്ക് ഓപ്പണ്‍ എഐക്ക് ആക്‌സസ് ഉണ്ടായിരിക്കും.

യൂസര്‍മാരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ന്യൂസ് കോര്‍പ്പിന്റെ പ്രധാന പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പുതിയതും ആര്‍ക്കൈവ് ചെയ്തതുമായ കണ്ടന്റ് പ്രദര്‍ശിപ്പിക്കാന്‍ ഓപ്പണ്‍ എഐക്ക് അനുവാദമുണ്ടായിരിക്കും.

ന്യൂസ് കോര്‍പ്പിന്റെ ഉടമസ്ഥതയിലുള്ളവയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് പോസ്റ്റ്, ബാരണ്‍സ്, ദ ഡെയ്‌ലി ടെലഗ്രാഫ്, ദ സണ്‍ഡേ ടൈംസ്, ദ സണ്‍, ഹെറാള്‍ഡ് സണ്‍ തുടങ്ങിയവ.

ന്യൂസ് കോര്‍പ്പുമായുള്ള കരാര്‍ മാധ്യമപ്രവര്‍ത്തനത്തിനും സാങ്കേതികവിദ്യയ്ക്കും അഭിമാനകരമായ നിമിഷമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞു.

Tags:    

Similar News