അക്കൗണ്ട്, പാസ്‍വേഡ് പങ്കിടല്‍ നിയന്ത്രണങ്ങളുമായി നെറ്റ്ഫ്‌ളിക്‌സ്
- ഈ വര്‍ഷം ആദ്യംതന്നെ യുഎസില്‍ നെറ്റ്ഫ്‌ളിക്‌സ് സമാന നടപടികള്‍ സ്വീകരിച്ചിരുന്നു
- വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി
- ഇനി ഒരു കുടുംബത്തില്‍ അല്ലാത്തവരുടെ ഗ്രൂപ്പുകളിലേക്ക് പങ്കിടല്‍ സാധ്യമാകില്ല
ജൂലൈ 20 മുതല്‍ ഇന്ത്യയില്‍ അക്കൗണ്ടും പാസ്‌വേഡും പങ്കിടുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായി നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചു. അക്കൗണ്ടും പാസ്‌വേഡും പങ്കിടുന്നത് സാധ്യതയുള്ള വരുമാനത്തിന്റെ നഷ്ടമാണെന്ന് ദീര്‍ഘകാലമായി സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്‌ളിക്‌സ് ഉറച്ചുവിശ്വസിച്ചിരുന്നു.
മെയ് മാസത്തില്‍ 100-ലധികം രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങള്‍ വ്യാപിപ്പിക്കുന്നതിന് മുമ്പ്, 2023 ന്റെ തുടക്കത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഹോം മാര്‍ക്കറ്റില്‍ സമാനമായ നടപടികള്‍ അവര്‍ സ്വീകരിച്ചിരുന്നു.
വിവിധ വീടുകളില്‍ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഉപയോഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്ന ഒരു ഇമെയില്‍ തുടക്കത്തില്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നെറ്റ്ഫ്‌ളിക്‌സ് പാസ്‍വേഡ് പങ്കിടല്‍ സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങളുടെ പ്രഖ്യാപനം നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് വന്നത്. പ്രത്യേകിച്ചും സേവനത്തിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളത്.
അപ്ഡേറ്റ് അനുസരിച്ച്, ഒരു കുടുംബത്തിന് പുറത്ത് ഒരേ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ളിക്‌സ് തുടക്കത്തില്‍ ഒരൊറ്റ അക്കൗണ്ട് എന്നത് ഒരു കുടുംബത്തിന് മാത്രമായി ഉപയോഗിക്കാനുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഇമെയിലുകള്‍ അയയ്ക്കും. പ്രാഥമിക അംഗത്തിന്റെ വീടിന് പുറത്തുള്ള ഉപയോക്താക്കളോട് അവരുടെ പ്രൊഫൈല്‍ പുതിയ അക്കൗണ്ടിലേക്കും സബ്സ്‌ക്രിപ്ഷനിലേക്കും മാറ്റാനും കമ്പനി ആവശ്യപ്പെടും. നേരത്തെ ഇന്ത്യയില്‍ ഒന്നിലധികം വീടുകളിലും ഉപയോക്താക്കളിലും ഒരൊറ്റ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉപയോഗിക്കാന്‍ ഉപയോക്താക്കളെ കമ്പനി അനുവദിച്ചിരുന്നു. ഒരേ കുടുംബത്തിനുള്ളില്‍ അല്ലാത്ത ഒരു ഗ്രൂപ്പിലുടനീളം സബ്സ്‌ക്രിപ്ഷന്‍ ഫീസ് വിഭജിക്കാന്‍ ഇത് സഹായിച്ചിരുന്നു.
ഈ പുതിയ നിയന്ത്രണങ്ങള്‍ ആ ഉപയോക്താക്കള്‍ക്ക് ഉപയോഗം തുടരുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കും. അക്കൗണ്ടിലും പാസ്‍വേഡ് പങ്കിടലിലും നെറ്റ്ഫ്‌ളിക്‌സ് അതിന്റെ നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പിലാക്കുമെന്ന് അവര്‍ വിശദീകരിച്ചിട്ടുണ്ട്. ഏഴ് ദിവസം വരെ ആക്സസിനായി സ്ഥിരീകരണ കോഡുകള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയോ അല്ലെങ്കില്‍ 31 ദിവസത്തിലൊരിക്കലെങ്കിലും അവരുടെ പ്രാഥമിക ലൊക്കേഷനിലെ ഒരു വൈഫൈ നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്യേണ്ടതിന്റെയോ ആവശ്യകത ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
യാത്ര ചെയ്യുമ്പോള്‍ നെറ്റ്ഫ്‌ളിക്‌സ് സേവനം ഉപയോഗിക്കാനാകും. വീട്ടില്‍ നിന്ന് അകലെ നെറ്റ്ഫളിക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന പ്രാഥമിക ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അതിനനുവദിക്കുന്നതിനുള്ള സൗകര്യവും കമ്പനി നല്‍കും.
നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്തിരിക്കുന്ന ഉപകരണങ്ങളില്‍ നിന്നുള്ള ഐപി വിലാസങ്ങള്‍, ഉപകരണ ഐഡികള്‍, അക്കൗണ്ട് ആക്റ്റിവിറ്റി എന്നിവ ട്രാക്ക് ചെയ്ത് ഒരു വീട്ടിലെ ഉപകരണങ്ങള്‍ കമ്പനിക്ക് പരിശോധിക്കാനാകും. പണമടച്ചുള്ള പങ്കിടലുമായി ബന്ധപ്പെട്ട ഏതെങ്കിലും നിര്‍ദ്ദിഷ്ട പുതിയ ഓപ്ഷനുകള്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തതയില്ല.
ഇന്ത്യയില്‍ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ആരംഭിക്കുന്നത് 149 രൂപ മുതലാണ്. പോര്‍ട്ടബിള്‍ ഉപകരണങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പ്ലാനിന് പ്രതിമാസം 149 രൂപ. മൊബൈല്‍, ടെലിവിഷനുകള്‍, കമ്പ്യൂട്ടറുകള്‍, സ്ട്രീമിംഗ് ഉപകരണങ്ങള്‍ എന്നിവയിലുടനീളം ഒരേ സമയം നാല് ഉപകരണങ്ങളില്‍ വരെ അള്‍ട്രാ-എച്ച്ഡി ഉള്ളടക്കത്തിലേക്ക് ആക്സസ് വാഗ്ദാനം ചെയ്യുന്ന പ്രീമിയം പ്ലാനിന് പ്രതിമാസം 649. കൂടാതെ ഒരേസമയം നെറ്റ്ഫ്‌ളിക്‌സ് കാണുന്ന ഉപകരണങ്ങളുടെ അളവില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍.