സ്വന്തം ചാറ്റ്ബോട്ട് ഉപയോഗത്തിലും ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍

  • ബാര്‍ഡ് നല്‍കുന്ന പ്രോഗ്രാമുകള്‍ നേരിട്ട് ഉപയോഗിക്കരുത്
  • സാങ്കേതികവിദ്യയുടെ പരിമിതിയില്‍ സുതാര്യ സമീപനമെന്ന് ഗൂഗിള്‍
  • ചാറ്റ്‍ബോട്ടുകള്‍ ഡാറ്റ ചോര്‍ച്ചയ്ക്ക് വഴിവെക്കാമെന്നും മുന്നറിയിപ്പ്

Update: 2023-06-16 06:02 GMT

ചാറ്റ്ബോട്ടുകളുടെ ഉപയോഗത്തില്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍ ഉടമകളായ ആല്‍ഫബെറ്റ് ഇന്‍ക്. നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ചാറ്റ്ബോട്ടുകള്‍ വികസിപ്പിക്കുന്നതിന്‍റെയും അവയുടെ ഉപയോഗത്തിന്‍റെയും ശക്തമായ വക്താക്കളായി തുടരുന്നതിനിടെ ആണ് കമ്പനി സ്വന്തം ജീവനക്കാര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തങ്ങളുടെ സ്വന്തം ചാറ്റ്ബോട്ടായ ബാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഉള്‍പ്പടെ ജാഗ്രത വേണമെന്ന നിർദേശമാണ് കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

കമ്പനിയുമായോ ജോലിയുമായോ ബന്ധപ്പെട്ട രഹസ്യാത്മക സ്വഭാവമുള്ള വിവരങ്ങള്‍ ചാറ്റ്‌ബോട്ടുകളുമായി പങ്കുവെക്കരുതെന്ന് ആല്‍ഫബെറ്റ് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള കമ്പനിയുടെ ദീർഘകാല നയം അനുസരിച്ചുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 

ബാർഡും ചാറ്റ്‌ജിപിടിയും ഉൾപ്പടെയുള്ള ചാറ്റ്‌ബോട്ടുകൾ, ഉപയോക്താക്കളുമായി സംഭാഷണം നടത്താനും എണ്ണമറ്റ നിർദ്ദേശങ്ങൾക്ക് ഉത്തരം നൽകാനുമായി ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് വിളിക്കപ്പെടുന്ന മനുഷ്യ സമാനായ പ്രോഗ്രാമുകളാണ് പ്രയോജനപ്പെടുത്തുന്നുന്നത്.. മനുഷ്യരായ റിവ്യൂവർമാർക്ക് ഇതിലെ ചാറ്റുകൾ വായിക്കാനായേക്കാം, കൂടാതെ  പരിശീലന ഘട്ടത്തില്‍ ഒരു ചാറ്റ്ബോട്ട് സ്വായത്തമാക്കുന്ന ഡാറ്റ, സമാനമായ മറ്റൊരു  എഐ-ക്ക് പുനർനിർമ്മിക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. ഇത് നിര്‍ണായക വിവരങ്ങളുടെ ചോര്‍ച്ചയ്ക്ക് ഇടയാക്കിയേക്കാം എന്നാണ് മുന്നറിയിപ്പ്.

ചാറ്റ്ബോട്ടുകൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന കമ്പ്യൂട്ടർ കോഡുകള്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതിന് ആൽഫബെറ്റ് അതിന്റെ എഞ്ചിനീയർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ,  പ്രോഗ്രാമർമാരെ ബാർഡ് വളരേയേറെ സഹായിക്കുമെങ്കിലും ചില അനാവശ്യ കോഡ് നിര്‍ദേശങ്ങള്‍ നല്‍കാനും അതിന് സാധിക്കുമെന്ന് ഗൂഗിള്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ സാങ്കേതിക വിദ്യയുടെ പരിമിതികളെക്കുറിച്ച് സുതാര്യമായ സമീപനമാണ് ഉള്ളതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

ഓപ്പണ്‍എഐ അവതരിപ്പിച്ച ചാറ്റ്ജിപിടിക്ക് ബദലായി ആരംഭിച്ച തങ്ങളുടെ സോഫ്‌റ്റ്‌വെയറിൽ നിന്ന്, ബിസിനസ്സ് ദോഷകരമായി ബാധിക്കപ്പെടാതിരിക്കാന്‍ ഗൂഗിള്‍ പുലര്‍ത്തുന്ന ജാഗ്രത വ്യക്തമാക്കുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍. ഓപ്പണ്‍എഐ-ക്കും മൈക്രോസോഫ്റ്റിനും എതിരായ എഐ മത്സരത്തില്‍ വന്‍തോതിലുള്ള നിക്ഷേപമാണ് ഗൂഗിള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ എഐ പ്രോഗ്രാമുകളില്‍ നിന്നുള്ള പരസ്യ വരുമനത്തെ കുറിച്ചും ക്ലൌഡ് വരുമാനത്തെ കുറിച്ചും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, 

പൊതുവായി ലഭ്യമായ ചാറ്റ്ബോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ബിസിനസുകളും കോര്‍പ്പറേറ്റുകളും പുലര്‍ത്തേണ്ട പ്രവര്‍ത്തന മാനദണ്ഡങ്ങളെ കുറിച്ചു കൂടി ധാരണ നല്‍കുന്നതാണ് ഗൂഗിളിന്‍റെ നിര്‍ദേശങ്ങള്‍. ആഗോളതലത്തില്‍ ബിസിനസ്സുകൾ എഐ ചാറ്റ്ബോട്ടുകളുടെ ഉപയോഗത്തിന് ഇത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. സാംസങ്, ആമസോണ്‍, ഡ്യൂഷെ ബാങ്ക്, ആപ്പിള്‍ എന്നിവയെല്ലാം ചാറ്റ്ബോട്ടുകളുടെ ഉപയോഗത്തില്‍ ജാഗ്രതാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫിഷ്ബൗള്‍ എന്ന നെറ്റ്‌വർക്കിംഗ് സൈറ്റ് വിവിധ കമ്പനികളിലെ 12,000ഓളം ജീവനക്കാര്‍ക്കിടിയില്‍ നടത്തിയ ഒരു സർവേ പ്രകാരം 43% പ്രൊഫഷണലുകളും ചാറ്റ്ജിപിടി അല്ലെങ്കിൽ മറ്റ് എഐ ടൂളുകൾ ഉപയോഗിക്കുന്നു. പലപ്പോഴും തങ്ങളുടെ മേലധികാരികള്‍ അറിയാതെയാണ് ഈ ഉപയോഗമെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതായും ജനുവരിയില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Tags:    

Similar News