ഇന്റർനെറ്റ് വേണ്ട, മൊബൈലിൽ ടിവി കാണാൻ ഇനി ഡി2എം സാങ്കേതികവിദ്യ
- ഇൻ്റർനെറ്റ് ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ വിഡിയോ സ്ട്രീം
- വരും വർഷങ്ങളിൽ പൊതുജനങ്ങൾക്ക് സാങ്കേതികവിദ്യ ലഭ്യമാകും.
- ഈ സാങ്കേതികവിദ്യയ്ക്കായി സർക്കാർ 470-582MHz സ്പെക്ട്രം റിസർവ് ചെയ്യും
മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് കണക്ഷനില്ലാതെ തത്സമയ ടെലിവിഷൻ കാണാൻ അനുവദിക്കുന്ന ഡയറക്‌ട്-ടു-മൊബൈൽ (D2M) സാങ്കേതികവിദ്യ ഇന്ത്യയിൽ ഉടൻ ലഭ്യമാകും. ഡി 2 എം എന്ന ഈ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൊബൈൽ ഫോണിൽ നേരിട്ട് ടിവി ചാനലുകളും ഓൺലൈൻ സ്ട്രീമിംഗും ആക്സസ് ചെയ്യാം. ഇന്ത്യയുടെ ഈ പുതിയ കണ്ടുപിടുത്തം തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ആണ് വാഗ്ദാനം ചെയ്യുന്നത്. സിം കാർഡോ, ഇൻ്റർനെറ്റ് കണക്ഷനോ ഉപയോഗിക്കാതെ തന്നെ മൊബൈൽ ഫോണിൽ വിഡിയോ സ്ട്രീം ചെയ്യാൻ അനുവധിക്കുന്ന ടെക്നോളജി ആണ് ഡി 2 എം സങ്കേതികവിദ്യ.
ഡി2എം സാങ്കേതികവിദ്യയിലൂടെ മൊബൈൽ ഫോണിൽ ടിവി ചാനൽ പരിപാടികൾ കൂടാതെ ഒ.ടി.ടി ഉള്ളടക്കം എന്നിവ ആസ്വദിക്കാം. ഡി 2 എം ഒരു വൈഫൈ റൗട്ടർ പോലെ പ്രവർത്തിക്കുന്ന ഒരു ഡോംഗിൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഈ ഡോംഗിൾ മൊബൈലിലോ ടാബ്ലറ്റിലോ ഘടിപ്പിച്ച് ഇന്റർനെറ്റ് കൂടാതെ തന്നെ തടസ്സമില്ലാത്ത ടിവി സംപ്രേക്ഷണം കാണാനും വിഡിയോ ഉള്ളടക്കം ആസ്വദിക്കാനും കഴിയും. ബാംഗ്ലൂർ ആസ്ഥാനമായ സാങ്ക്യ ലാബ്സും ഐഐടി കാൺപൂരും ചേർന്ന് നടത്തിയ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായി. ഇപ്പോൾ ഗ്രാമീണ മേഖലകൾ ഉൾപ്പെടെ രാജ്യത്തെമ്പാടും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാർത്താ പ്രക്ഷേപണ മന്ത്രാലയം. വരും വർഷങ്ങളിൽ പൊതുജനങ്ങൾക്ക് സാങ്കേതികവിദ്യ ലഭ്യമാകും.
ഡയറക്ട്-ടു-മൊബൈൽ ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ ഉടൻ 19 നഗരങ്ങളിൽ ആരംഭിച്ചേക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു. ഡി 2 എം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാതെ തന്നെ ലൈവ് ടിവി സ്പോർട്സ് പോലുള്ള മൾട്ടിമീഡിയ ഉള്ളടക്കം നേരിട്ട് സ്ട്രീം ചെയ്യാൻ കഴിയും എന്ന് അദ്ദേഹം പറഞ്ഞു. ഈ സാങ്കേതികവിദ്യയ്ക്കായി സർക്കാർ 470-582MHz സ്പെക്ട്രം റിസർവ് ചെയ്യും.
ഡി2എം ഒരു എഫ് എം റേഡിയോ പോലെ പ്രവർത്തിക്കുന്നു, ടെറസ്ട്രിയൽ ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ വഴിയും നിയുക്ത സ്പെക്ട്രം വഴിയും സ്മാർട്ട്ഫോണുകളിലേക്ക് സിഗ്നലുകൾ കൈമാറുന്നു.
ഇന്ത്യയിൽ വികസിപ്പിച്ചിട്ടുള്ള ഡി 2 എം വഴി ഡാറ്റാ നിരക്കുകളില്ലാതെ വീഡിയോ ഉള്ളടക്കം ആക്സസ് ചെയ്യാനുള്ള അവസരം ഈ സാങ്കേതികവിദ്യ ഉപയോക്താക്കൾക്ക് നൽകുന്നു. സാങ്കേതികവിദ്യ വിതരണം ചെയ്യുന്നതിനായി 10 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ സ്കെയിലിലെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, വിപണിയിൽ വൺ ബില്യണിലധികം ഡിവൈസുകളും, ഉപയോക്താക്കളും ഉള്ളതിനാൽ ഇത് സാധ്യമാണ്. സാംഖ്യ ലാബ്‌സിന്റെ സി ഇ ഒ പരാഗ് നായിക് പറഞ്ഞു.
എയർടെൽ, വോഡഫോൺ ഐഡിയ പോലുള്ള ടെലികോം ഭീമന്മാർ ഈ സാങ്കേതികവിദ്യയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഡി 2 എം സ്വീകരണത്തിനായി ചർച്ചകൾ നടത്തുന്നു.