മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ട നികുതിയിളവിന് ഇക്കാര്യങ്ങള്‍ ഇപ്പഴേ ചെയ്യാം

  • ചില കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഈ ടെന്‍ഷന്‍ ഒഴിവാക്കാം
  • നിക്ഷേപത്തിനായി മികച്ച ഒരു ഉപകരണം കണ്ടെത്തുക
  • ലക്ഷ്യങ്ങള്‍ക്കനുസരിച്ച് വേണം നിക്ഷേപം നടത്താന്‍

Update: 2024-03-15 10:07 GMT

ആദായ നികുതി അടയ്ക്കാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ടല്ലോ. പയ്യേ ചെയ്യാം പലപ്പോഴും നികുതിദായകരുടെ മനോഭാവം ഇതാണ്. നാളെ നാളെ എന്നുള്ളത് നീണ്ട് നീണ്ട് മാര്‍ച്ചില്‍ എത്തും. പിന്നെ വേഗത്തില്‍ എന്തൊക്കെയോ അങ്ങ് ചെയ്യും. പലതും അബദ്ധമാവുകയും ചെയ്യും. അതുകൊണ്ട് ചില കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഈ ടെന്‍ഷന്‍ ഒഴിവാക്കാം.

നിലവിലുള്ള 80 സി നിക്ഷേപങ്ങള്‍ പരിശോധിക്കാം

നികുതിയിളവിനായി നിക്ഷേപങ്ങള്‍ കണ്ടെത്തും മുമ്പ് നിലവിലുള്ള നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പിന്റെ സെ്ക്ഷന്‍ 80 സി പ്രകാരം നികുതിയിളവുള്ളവയാണോ അല്ലയോയെന്ന് ഉറപ്പാക്കുക. ഇപിഎഫ്, കുട്ടികളുടെ ട്യൂഷന്‍ ഫീസ് തുടങ്ങിയവയ്ക്ക് നികുതിയിളവ് ലഭിക്കുമെന്നോര്‍ക്കുക.

നിക്ഷേപിക്കാന്‍ മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ട

പലരും നിക്ഷേപം നടത്താന്‍ മാര്‍ച്ച് വരെ കാത്തിരിക്കും. അവസാനം ഒരു തരത്തിലുള്ള ആലോചനയോ, ആവശ്യങ്ങള്‍ മനസിലാക്കിയോ നിക്ഷേപം നടത്തില്ല. ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടോ, എവിടെയങ്കിലുമെന്നും കേട്ട അറിവു വെച്ചോ പലരും ചില നിക്ഷേപ ഉപകരണങ്ങളില്‍ നിക്ഷേപിക്കും. അതില്‍ പലതും ആവശ്യമില്ലാത്തതോ, നിലവില്‍ നിക്ഷേപം ഉള്ളതോ ഒക്കെയാവും. അതുകൊണ്ട് നേരത്തെ പ്ലാന്‍ ചെയ്ത് നിക്ഷേപങ്ങള്‍ നടത്താം.

ലോക്ക് ഇന്‍ പിരീഡ് ശ്രദ്ധിക്കാം

ആദായ നികുതി വകുപ്പിന്റെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ ഓപ്ഷനുകള്‍ക്കെല്ലാം തന്നെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. ദീര്‍ഘകാല ലോക്ക് ഇന്‍ പിരീഡുള്ളവയാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) ന് 15 വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്, സുകന്യ സമൃദ്ധിയാണെങ്കില്‍ കുട്ടിക്ക് 18 വയസാകണം. എന്‍പിഎസിന് നിക്ഷേപിക്കുന്നയാള്‍ക്ക് 60 വയസാകണം. ടാക്‌സ് സേവിംഗ് എഫ്ഡിയാണെങ്കില്‍ അഞ്ച് വര്‍ഷമാണ് കാലാവധി. ദീര്‍ഘകാലത്തിലും, ഹൃസ്വ കാലത്തിലും നേടിയെടുക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. ആ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് വേണം നിക്ഷേപം നടത്താന്‍. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎല്‍എസ്എസ്) നിക്ഷേപത്തിനാണ് കുറഞ്ഞ ലോക്ക് ഇന്‍ പിരീഡുള്ളത്. മൂന്ന് വര്‍ഷമാണ് ഇതിന്റെ കാലാവധി. പക്ഷേ, വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ ഓപ്ഷനായതിനാല്‍ റിസ്‌കുണ്ട്.

ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങാന്‍ തിടുക്കം വേണ്ട

ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിക്ഷേപവും ഇന്‍ഷുറന്‍സും ചേര്‍ന്നു വരുന്ന പോളിസികള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ നികുതി ലാഭിക്കാന്‍ മാത്രമല്ല സുരക്ഷിതത്വത്തിനു കൂടി വേണ്ടിയാണ്. അതുകൊണ്ട് സുരക്ഷിതത്വത്തിനായി ഒരു പോളിസി എടുക്കുക. നിക്ഷേപത്തിനായി മികച്ച ഒരു ഉപകരണം കണ്ടെത്തുക.

ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ആരോഗ്യ ഇന്‍ഷുറന്‍സ് കുടുംബത്തിന് സുരക്ഷിതത്വം നല്‍കും. അതോടൊപ്പം ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 ഡി അനുസരിച്ച് 25,000 രൂപ വരെയുള്ള പ്രീമിയത്തിന് നികുതിയിളവ് ലഭ്യമാണ്. മാതാപിതാക്കള്‍ക്കു കൂടി ആരോഗ്യ ഇന്‍ഷുറന്‍സുണ്ടെങ്കില്‍ അതിനുള്ള പ്രീമിയത്തിനും 25000 രൂപവരെ ഇളവ് ലഭിക്കും. മാതാപിതാക്കള്‍ മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള നികുതിയിളവ് 50000 രൂപ വരെയാണ്.

Tags:    

Similar News