പലിശ നിരക്ക് കുറവല്ലേ;പിപിഎഫ് നിക്ഷേപം പിന്‍വലിക്കുന്നത് നല്ലതാണോ?

നികുതി ആനുകൂല്യം കൂടും വായ്പക്ക് പലിശ 1% ഉറപ്പുള്ള വരുമാനം

Update: 2023-04-05 09:30 GMT

2023-24 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പിപിഎഫ് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരുവിധം സ്‌കീമുകളുടെയും നിക്ഷേപങ്ങളുടെയുമൊക്കെ പലിശ നിരക്ക് ഉയര്‍ത്തിയ സാഹചര്യത്തില്‍ പിപിഎഫ് നിക്ഷേപങ്ങളോടുള്ള ഈ സമീപനത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ട് ഉടമകള്‍ നിരാശരാണ്. മറ്റെല്ലാ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കും 10-70 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പിപിഎഫ് നിക്ഷേപകര്‍ക്ക് മുമ്പത്തെ അതേ 7.1% പലിശയാണ് തുടര്‍ന്നും ലഭിക്കുന്നത്.

പിപിഎഫ് പലിശ നിരക്ക് ഇപ്പോള്‍ തുടര്‍ച്ചയായി 12 പാദങ്ങളില്‍ മാറ്റമില്ലാതെ തുടരുന്നു. ഈ സാഹചര്യത്തില്‍ പല നിക്ഷേപകര്‍ക്കും നിക്ഷേപം പലിശ നിരക്ക് കൂടുതലുള്ളവയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് തോന്നാം. എന്നാല്‍ നിക്ഷേപകര്‍ തങ്ങളുടെ സമ്പാദ്യം പിപിഎഫ് അക്കൗണ്ടില്‍ പാര്‍ക്ക് ചെയ്യുന്നത് തുടരുന്നതാണ് നല്ലത്. എന്തുകൊണ്ടെന്ന് ഇവിടെ പറയാം

നികുതി ആനുകൂല്യം

നിക്ഷേപകര്‍ പിപിഎഫില്‍ നിക്ഷേപം തുടരാനുള്ള ഏറ്റവും വലിയ കാരണം നികുതി ആനുകൂല്യമാണ്. നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, കെവിപി, 5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് അല്ലെങ്കില്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ചില ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7.1% പലിശ നിരക്ക് കുറവാണെന്ന് തോന്നുമെങ്കിലും പിപിഎഫിന്റെ നികുതി ആനുകൂല്യം അതിനെ മറ്റ് വിവിധ സേവിംഗ്‌സ് ഓപ്ഷനുകളേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നല്‍കുന്നു.

പിപിഎഫ് അക്കൗണ്ട് 'E-E-E' വിഭാഗത്തിലാണ് വരുന്നത്, അവിടെ ഒരു വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളും പലിശയും മെച്യൂരിറ്റി തുകയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, 31.2% നികുതി ബ്രാക്കറ്റിലുള്ള വ്യക്തികള്‍ക്ക് ഫലപ്രദമായ പിപിഎഫ് പലിശ 10.32% ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ദീര്‍ഘകാല നിക്ഷേപം

വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് 15 വര്‍ഷമോ അതിലധികമോ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന ഒരു പദ്ധതിയാണ് പിപിഎഫ്. 7.1% പലിശ കണക്കാക്കിയാല്‍ പോലും ഓരോ വര്‍ഷവും 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്നതിലൂടെ ഒരു നിക്ഷേപകന് 15 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷത്തിലധികം രൂപയും 20 വര്‍ഷത്തിനുള്ളില്‍ 66 ലക്ഷം രൂപയും നികുതി രഹിത കോര്‍പ്പസ് ശേഖരിക്കാന്‍ സാധിക്കും.

ഉറപ്പുള്ള വരുമാനം

വിവിധ മാര്‍ക്കറ്റ്-ലിങ്ക്ഡ് സ്‌കീമുകളില്‍ നിന്നുള്ള വരുമാനത്തെക്കുറിച്ച് നിക്ഷേപകര്‍ കൂടുതല്‍ ആശങ്കാകുലരാകുന്ന ഒരു സമയമാണിത. ഒരു പരമാധികാര ഗ്യാരണ്ടിയുടെ പിന്തുണയുള്ളതിനാല്‍ പിപിഎഫ് ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു. 

വായ്പാ സൗകര്യം

പ്രാരംഭ സബ്സ്‌ക്രിപ്ഷന്‍ നടത്തിയ സാമ്പത്തിക വര്‍ഷാവസാനം മുതല്‍ ഒരു വര്‍ഷം അവസാനിച്ചതിന് ശേഷം നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടിലെ തുകയ്ക്കെതിരെ (25% വരെ) വായ്പ എടുക്കാം. കൂടാതെ 36 മാസത്തിനുള്ളില്‍ വായ്പ തിരിച്ചടക്കുകയാണെങ്കില്‍ പ്രതിവര്‍ഷം 1% മാത്രമേ വായ്പാ പലിശ നിരക്ക് ബാധകമാകൂ.

 പലിശ നിരക്ക് ഉയര്‍ന്നേക്കാം

ഓരോ പാദത്തിലും സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനാല്‍ പിപിഎഫ് പലിശ ഇപ്പോഴുള്ള 7.1% ആയിരിക്കണമെന്നില്ല. മുന്‍കാലങ്ങളില്‍ സ്‌കീം ശരാശരി 8% പലിശ വാഗ്ദാനം ചെയ്തിരുന്നതിനാല്‍ ഭാവിയില്‍ നിരക്ക് ഉയര്‍ന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള പലിശ നിരക്കിലെ ചെറിയ ഇടിവ് നോക്കി കാര്യങ്ങള്‍ തീരുമാനിക്കാതിരിക്കാം. പിപിഎഫ് നിക്ഷേപത്തിനുള്ള മറ്റ് ഗുണങ്ങളൊക്കെ പരിഗണിച്ചാല്‍ ഫണ്ട് പിന്‍വലിക്കാതിരിക്കുന്നതാണ് ഉചിതം.

Tags:    

Similar News