ഇപിഎഫ് പലിശ പോരാ, ഏപ്രിൽ മാസത്തിൽ നിരക്ക് കൂട്ടുമോ?

കഴിഞ്ഞ സാമ്പത്തിക വർഷം 8.1 ശതമാനമായിരുന്നു പലിശ നിരക്ക്

Update: 2023-03-27 09:56 GMT

നടപ്പു സമ്പത്തിക വർഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചൊവ്വാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നാലു പതിറ്റാണ്ടിലെ കുറഞ്ഞ നിരക്കായ 8.1 ശതമാനമായി നിരക്ക് കുറച്ചിരുന്നു. തൊട്ടു മുൻപുള്ള സാമ്പത്തിക വർഷത്തിൽ 8.5 ശതമാനമായിരുന്നു.

1977-78 സാമ്പത്തിക വർഷത്തിലാണ് ഇതിന് മുൻപ് കുറഞ്ഞ നിരക്കായ 8 ശതമാനമായിരുന്നത്. ഇന്ന് ആരംഭിക്കുന്ന യോഗത്തിൽ നിരക്ക് ഉയർത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ. 

എംപ്ലോയീസ് പെൻഷൻ സ്കീം വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിന് നാല് മാസത്തെ സമയം നൽകുന്നതിന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. അതിനാൽ സുപ്രീം കോടതി ഉത്തരവിന്മേൽ ഇപിഎഫ്ഒ സ്വീകരിച്ച നടപടിയെക്കുറിച്ചും ചർച്ച ചെയ്യും.

2019 -20 സാമ്പത്തിക വർഷത്തിൽ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു. 2018 -19 വർഷത്തിൽ 8.65 ശതമാനവും, 2016 -17 വർഷത്തിൽ 8.65 ശതമാനവും, 2017 -18 ൽ 8.55 ശതമാനവും ആയിരുന്നു നിരക്ക്.

2015 -16 ൽ 8.8 ശതമാനവും, 2013 -14 ൽ 8.75 ശതമാനവും ആയിരുന്നു നിരക്ക്.

നിലവിലെ പിഎഫ് പലിശ നിരക്ക് താരതമ്യേന കുറവാണ്. കഴിഞ്ഞ മേയ് മാസം മുതൽ റിപ്പോ തുടർച്ചയായി കൂട്ടിയിരുന്നു. ഇക്കാലയളവിൽ നിരക്ക് രണ്ടര ശതമാനമാണ് കൂട്ടിയത്. ഇതനുസരിച്ച് ബാങ്കുകളും വായ്പാ-നിക്ഷേപ പലിശ നിരക്കുകൾ കൂട്ടി. എന്നാൽ ഇതിനനുസരിച്ചുള്ള വർധന പിഎഫ് നോ അല്ലെങ്കിൽ മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്കോ ധനമന്ത്രാലയം നടപ്പിൽ വരുത്തിയിട്ടില്ല. ഇൌ സാഹചര്യത്തിൽ ഇന്നാരംഭിക്കുന്ന ഇപിഎഫ് ഒ യോഗത്തിലാണ് സർവ പ്രതീക്ഷകളും. ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്കുള്ള നിരക്കാവും പ്രഖ്യാപിക്കുക. 


Tags:    

Similar News