ഇബി-5 വിസ ചട്ടങ്ങളില്‍ ഇളവുമായി യുഎസ്: വിദ്യാര്‍ത്ഥികള്‍ക്കും, നിക്ഷേപകര്‍ക്കും ഗുണകരം

ഇന്ത്യയിലുള്‍പ്പടെ ഏറെ പ്രചാരം നേടിയ ഇബി-5 വിസ സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ യുഎസില്‍ വന്‍ നിക്ഷേപം നടത്തുന്നവര്‍ക്കടക്കം ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കുമെന്നും യുഎസ്‌സിഐഎസ് അധികൃതര്‍ വ്യക്തമാക്കി.

Update: 2022-11-25 06:34 GMT

eb 5 visa 

വാഷിങ്ടണ്‍: വിദേശ നിക്ഷേപകര്‍ക്കുള്‍പ്പടെ യുഎസിലേക്ക് കുടിയേറാന്‍ ആവശ്യമായ ഇബി-5 വിസയുമായി (എംപ്ലോയ്‌മെന്റ് ബേസ്ഡ് 5 വിസ) ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്). ഇത് സംബന്ധിച്ച  ഇബി-5 റിഫോം ആന്‍ഡ് ഇന്റഗ്രിറ്റി ആക്ട്  2022 ഈ വര്‍ഷം ആദ്യം യുഎസ് കോണ്‍ഗ്രസ് പാസാക്കിയിരുന്നു.

ഇന്ത്യയിലുള്‍പ്പടെ ഏറെ പ്രചാരം നേടിയ ഇബി-5 വിസ സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ യുഎസില്‍ വന്‍ നിക്ഷേപം നടത്തുന്നവര്‍ക്കടക്കം ഏറെ പ്രയോജനം ചെയ്യുന്നതായിരിക്കുമെന്നും യുഎസ്‌സിഐഎസ് അധികൃതര്‍ വ്യക്തമാക്കി.

ഇബി-5 വിസയുള്ളവര്‍ക്ക് യുഎസില്‍ സ്ഥിര താമസത്തിന് (പെര്‍മനെന്റ് റെസിഡന്‍സ്) അനുമതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡിനും അപേക്ഷിക്കാന്‍ സാധിക്കും. യുഎസില്‍ തങ്ങുന്ന വിദേശികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാതെ തന്നെ റസിഡന്റ് സ്റ്റാറ്റസ് മാറുന്നതിനുള്ള സംവിധാനവും പുതിയ ചട്ടപ്രകാരം നടപ്പിലാക്കും

നിക്ഷേപത്തിന് സുരക്ഷ

ഇബി-5 പ്രോജക്ടുകളിലേക്ക് എത്തുന്ന നിക്ഷേപത്തിനുള്ള സുരക്ഷ ഉറപ്പാക്കുകയും ഇത്തരം പ്രോജക്ടുകളിലെ ഫണ്ട് മാനേജര്‍മാര്‍, ഫോറിന്‍ ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന നിയന്ത്രണ ചട്ടങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇതോടെ ഇബി പ്രോജക്ടുകള്‍ക്ക് കൂടുതല്‍ സുതാര്യത ലഭിക്കുകയും മുന്‍പുണ്ടായിരുന്നതിനേക്കാള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്യും.

യുഎസിലെ ഗ്രാമീണ മേഖലകളിലേക്ക് നിക്ഷേപം എത്തിച്ച് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് ഇത്തരം ഇബി 5 പ്രോജക്ടുകള്‍. ഇപ്പോള്‍ വരുത്തിയ പരിഷ്‌ക്കാരങ്ങളനുസരിച്ച് ഇബി പ്രോജക്ടുകളിലേക്ക് നടത്താവുന്ന നിക്ഷേപത്തിന്റെ കുറഞ്ഞ പരിധി അഞ്ച് ലക്ഷം യുഎസ് ഡോളറില്‍ നിന്നും എട്ട് ലക്ഷം യുഎസ് ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്.

സാധാരണയായി പ്രോജക്ടുകളുമായി ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രങ്ങളിലേക്കോ അല്ലെങ്കില്‍ ഏതെങ്കിലും ബിസിനസിലേക്കോ ആണ് ഇത്തരത്തില്‍ നിക്ഷേപം നടത്തുക. ഇബി-5 ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമിന് കീഴിലുള്ള ഏതൊരു അപേക്ഷകനും പുതിയ ചട്ടങ്ങള്‍ ബാധകമായിരിക്കുമെന്നും യുഎസ്‌സിഐഎസിന്റെ അറിയിപ്പിലുണ്ട്. ഇബി-5 വിസയുള്ളവര്‍ക്ക് കുടുംബാംഗങ്ങളെ യുഎസിലേക്ക് കൊണ്ടുവരുന്നതുള്ള ചട്ടങ്ങളിലും ഇളവ് വന്നേക്കുമെന്നാണ് സൂചന.

വിസ മാറ്റാന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ട

നിയമാനുസൃതമായ വിസയുമായി യുഎസില്‍ തുടരുന്നവര്‍ക്ക് അവരുടെ റസിഡന്റ് സ്റ്റാറ്റസ് (വിസയുടെ തല്‍സ്ഥിതി) മാറ്റുന്നതിന് അപേക്ഷ നല്‍കാന്‍ നേരത്തെ യുഎസില്‍ നിന്നും സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു. അതായത് സ്വന്തം രാജ്യത്ത് വന്ന ശേഷം അപേക്ഷ നല്‍കണം. എന്നാല്‍ റിഫോം ആന്‍ഡ് ഇന്റഗ്രിറ്റി ആക്ട് 2022 പ്രകാരം കണ്‍കറണ്ട് ഫയലിംഗ് സേവനം വഴി ഇനിമുതല്‍ യുഎസില്‍ താമസിച്ചുകൊണ്ട് തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ഇബി 5 വിസയുള്ളവര്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ മറ്റ് ഇമിഗ്രേഷന്‍ വിസയുള്ളവര്‍ക്ക് കണ്‍കറണ്ട് ഫയലിംഗ് ബാധകമാണോ എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

പുതിയ നീക്കം ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇബി 5 വിസയില്‍ യുഎസിലെത്തിയിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ജോലി ചെയ്യുന്നവര്‍ക്കും പ്രയോജനകരമാകും. ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും പുതിയ ചട്ടം ബാധകമാണ്. യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്നതിനായി 1990ല്‍ ആരംഭിച്ചതാണ് ഇബി വിസ. കുറഞ്ഞത് 10 വര്‍ഷക്കാലാവധിയുള്ളതാണിത്. ഇത്തരം വിസയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പിന്റെ ആവശ്യവുമില്ല.

അപേക്ഷ സമര്‍പ്പിച്ച് പരമാവധി ആറ് മാസത്തിനകം ഇബി വിസ ഇഷ്യു ചെയ്യാറുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് മാത്രമാണ് വിസ അപേക്ഷകള്‍ തീര്‍പ്പാകാതെ കിടന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇബി വിസ ഇഷ്യു നടപടികള്‍ പൂര്‍വ്വ സ്ഥിതി പ്രാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Tags:    

Similar News