വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ വിസ, യുകെ 'സ്‌കില്‍ഡ് വര്‍ക്കര്‍ വിസ' ചട്ടത്തില്‍ ഇളവ്

  • പഠിക്കുമ്പോള്‍ തന്നെ തൊഴില്‍ അവസരം ലഭിച്ചവര്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് അപേക്ഷിക്കാം.
  • വിസ ലഭിക്കാനുള്ള മറ്റ് യോഗ്യതകളും ഉണ്ടോ എന്നും പരിശോധിക്കണം.
  • യുകെ ഹോം ഓഫീസ് അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നുമായിരിക്കണം തൊഴിലവസരം ലഭിച്ചിരിക്കുന്നത്.

Update: 2022-12-06 07:38 GMT

തൊഴില്‍മികവ് തെളിയിച്ച ജീവനക്കാര്‍ക്കുള്ള വിസ (സ്‌കില്‍ഡ് വര്‍ക്കര്‍ വിസ) ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി യുകെ സര്‍ക്കാര്‍. മറ്റ് രാജ്യങ്ങളില്‍ നിന്നും യുകെയിലെത്തി പഠനം നടത്തുന്നവര്‍ക്ക് ഗുണകരമാകുന്നതാണ് പുതിയ നീക്കം. സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നതിന് ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം എന്ന് നിര്‍ബന്ധം ഇല്ല. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തൊഴില്‍ ലഭിച്ചാല്‍ സ്റ്റുഡന്റ് വിസയില്‍ നിന്നും സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാനുള്ള അപേക്ഷ നല്‍കാം.

യുകെ ഹോം ഓഫീസ് അംഗീകരിച്ച തൊഴില്‍ദാതാക്കളില്‍ നിന്നും ജോലി ഓഫര്‍ ലഭിച്ചവര്‍ക്കാണ് ഇത്തരത്തില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാന്‍ സാധിക്കുക എന്നും സര്‍ക്കാര്‍ അറിയിപ്പിലുണ്ട്. മുന്‍പ് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം മാത്രമായിരുന്നു സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിച്ചിരുന്നത്. യുകെ സര്‍ക്കാരിന്റെ പുതിയ നീക്കം നിലവില്‍ രാജ്യത്ത് പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ യുകെയില്‍ തുടരുന്നതിന് സഹായിക്കും.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിന് 625 മുതല്‍ 1,423 പൗണ്ട് വരെയാണ് ആപ്ലിക്കേഷന്‍ ഫീസായി നല്‍കേണ്ടത് (നിലവില്‍ ഇത് ഏകദേശം 62,619.46 രൂപ മുതല്‍ 1,42,571.99 രൂപ വരെ വരും). പ്രതിവര്‍ഷം 624 പൗണ്ട് വരെ അടയ്ക്കണം (ഏകദേശം 62,519.27 രൂപ).

യുകെയില്‍ താമസിച്ചുകൊണ്ട് വിസയ്ക്ക് അപേക്ഷിക്കുമ്പോഴും സ്വന്തം നാട്ടില്‍ നിന്നും ചെയ്യുമ്പോഴും അപേക്ഷാ ഫീസ് വ്യത്യാസപ്പെട്ടിരിക്കും. മൂന്നു വര്‍ഷം വരെ കാലയളവിലേക്ക് നിങ്ങള്‍ യുകെയില്‍ തുടരാനാണ് വിസയ്ക്ക് അപേക്ഷ നല്‍കുന്നതെങ്കില്‍ 719 പൗണ്ടും, മൂന്നു വര്‍ഷത്തിലധികം തുടരാനാണെങ്കില്‍ 1,423 പൗണ്ടും ഫീസ് അടയ്‌ക്കേണ്ടി വരും.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കാനുള്ള യോഗ്യതകള്‍

യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തൊഴില്‍ദാതാവില്‍ നിന്നും ഓഫര്‍ ലഭിക്കണം. ആ സ്ഥാപനം യുകെ ഹോം ഓഫീസ് അംഗീകരിച്ചതായിരിക്കണം. തൊഴില്‍ദാതാവില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും, നിയമനം ലഭിച്ചിരിക്കുന്ന തസ്തിക സംബന്ധിച്ച വിശദാംശങ്ങളും രേഖയായി കരസ്ഥമാക്കണം.

വിദേശത്ത് നിന്നുള്ളവര്‍ക്ക് ചെയ്യാന്‍ അനുമതിയുള്ള ജോലിയിലായിരിക്കണം നിയമനം നടന്നിരിക്കുന്നത് എന്ന് വ്യക്തമാക്കണം. തൊഴിലിന് അനുസൃതമായിട്ടുള്ള മിനിമം വേതനം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കണം.

ആര്‍ക്കൊക്കെ ലഭിക്കില്ല ?

വിസിറ്റിംഗ് വിസ, ഹ്രസ്വകാല സ്റ്റുഡന്റ് വിസ, പേരന്റ് ഓഫ് എ ചൈല്‍ഡ് സ്റ്റുഡന്റ് വിസ (സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കുന്ന വിസ), സീസണല്‍ വര്‍ക്കര്‍ വിസ, പ്രൈവറ്റ് ഹൗസ് ഹോള്‍ഡ് വിസ, ഇമിഗ്രേഷന്‍ ബെയില്‍ തുടങ്ങിയവയില്‍ യുകെയില്‍ താമസിക്കുന്നവര്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യതയില്ല.

Tags:    

Similar News