ഒരേ ടിക്കറ്റില്‍ രണ്ടു വിമാനങ്ങളില്‍ യാത്ര; ഇത്തിഹാദും എമിറേറ്റ്‌സും കൈ കോര്‍ത്തു

  • യുഎഇയിലെത്തുന്ന യാത്രികര്‍ക്കാണ് ഈ സൗകര്യം
  • ഇന്റര്‍ലൈന്‍ സേവനം വ്യാപകമാക്കുക ലക്‌ഷ്യം

Update: 2023-05-07 06:22 GMT

ഇനി ഒരേ ടിക്കറ്റില്‍ രണ്ടു വിമാനങ്ങളില്‍ പറക്കാം. യുഎഇയിലേക്ക് യാത്ര നടത്തി മടങ്ങുന്നവര്‍ക്കാണ് ഇനി ഒരേ ടിക്കറ്റില്‍ ഇത്തിഹാദ് എയര്‍വേസിലും എമിറേറ്റ്‌സിലും പറക്കാനാവുക. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ഒപ്പിട്ടു കഴിഞ്ഞു. ഇതുപ്രകാരം യുഎഇയില്‍ എത്തുന്നവര്‍ക്ക് ഒറ്റ ടിക്കറ്റില്‍ അബൂദബിയില്‍ നിന്നോ ദുബൈയില്‍ നിന്നോ ഈ കമ്പനികളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യാനാവും. ഇതോടെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വിമാനാത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന് അതേ ടിക്കറ്റില്‍ അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ തിരിച്ചു പോകാന്‍ കഴിയും.

ഇന്റര്‍ലൈന്‍ സേവനം വ്യാപകമാക്കാനാണ് ദുബൈയുടെ എമിറേറ്റ്‌സും അബൂദബിയുടെ ഇത്തിഹാദും ധാരണയിലായത്. ഇത്തിഹാദ് വിമാനത്തില്‍ അബൂദബിയിലേക്ക് വരുന്നവര്‍ക്കും അതേ ടിക്കറ്റില്‍ ദുബൈ വിമാനത്താവളം വഴി എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര തുടരാം. ഈ വേനല്‍ക്കാല ഷെഡ്യൂളില്‍ തന്നെ ഈ രീതിയില്‍ ടിക്കറ്റെടുക്കാന്‍ സൗകര്യമുണ്ടാവും. ദുബൈയിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്‌സ് സി സി ഒ അദ്‌നാന്‍ കാസിം, ഇത്തിഹാദ് സി ഒ ഒ മുഹമ്മദ് അന്‍ ബുലൂക്കി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കാണ് ഇന്റര്‍ലൈന്‍ സേവനം ഊര്‍ജിതക്കുക. ഇത്തിഹാദും എമിറേറ്റ്‌സും സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്കുള്ള മള്‍ട്ടിസിറ്റി യാത്രയും ഇതേ മാതൃകയില്‍ സാധ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Tags:    

Similar News