ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധന; സൗദി തുറമുഖങ്ങളില്‍ കപ്പല്‍ ഗതാഗതവും കുതിച്ചുയര്‍ന്നു

  • ഈ വര്‍ഷാദ്യത്തോടെ മാത്രം രാജ്യത്തെ തുറമുഖങ്ങളില്‍ 20 ലക്ഷം ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്

Update: 2023-02-21 11:30 GMT

സൗദി അറേബ്യയിലെ തുറമുഖങ്ങളിലെ ചരക്ക് നീക്കത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. തുറമുഖങ്ങളിലെ കണ്ടെയ്‌നര്‍ നീക്കത്തിലും വര്‍ധന രേഖപ്പെടുത്തിയതായി തുറമുഖ അതോറിറ്റിയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഈ വര്‍ഷാദ്യത്തോടെ മാത്രം രാജ്യത്തെ തുറമുഖങ്ങളില്‍ 20 ലക്ഷം ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. വര്‍ധനവ് രേഖപ്പെടുത്തിയതോടെ ചരക്കുകള്‍ വലിയ അളവില്‍ ശേഖരിക്കാനും വിപണിയില്‍ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സാധിച്ചതായും അതോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്.

ചരക്കുകളെ കൂടാതെ പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ക്കായി 1.26 ലക്ഷം കന്നുകാലികളെയും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. കപ്പല്‍ യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അധികാരികള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

കണ്ടെയ്‌നര്‍ നീക്കത്തില്‍ ഈ വര്‍ഷാദ്യത്തില്‍ മാത്രം സൗദിയിലെ തുറമുഖങ്ങളില്‍ 24 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മസം മാത്രം രാജ്യത്തെ വിവിധ തുറമുഖങ്ങള്‍ വഴി 6.95 ലക്ഷം കണ്ടെയ്‌നറുകളുടെ കൈമാറ്റം നടന്നിട്ടുണ്ട്. 5.6 ലക്ഷം കണ്ടെയ്‌നറുകളാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനുള്ളില്‍ ഇത്രയും തുറമുഖങ്ങളില്‍ കൈകാര്യം ചെയ്തിട്ടുള്ളത്.

ജനുവരിയില്‍ മാത്രം 17.8 ശതമാനം വളര്‍ച്ചയാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം 2.6 കോടി ടണ്ണിലധികം ചരക്കുകളാണ് ജനുവരിയില്‍ മാത്രം രാജ്യത്തെ തുറമുഖങ്ങളില്‍ കൈകാര്യം ചെയ്തത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 2.4 കോടി ടണ്ണായിരുന്നതാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. 9.55 ശതമാനം വര്‍ധനയാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്.

Tags:    

Similar News