പിടിച്ചു നില്‍ക്കാനാവുന്നില്ല; സൗദിയിലെ ആദ്യ തിയറ്റര്‍ കമ്പനി പടിയിറങ്ങുന്നു

  • സൗദിയുടെ തന്നെ സ്വന്തം തിയറ്റര്‍ കമ്പനിയായ മൂവി സിനിമാസും യുഎഇ കമ്പനിയായ വോക്സുമാണ് നിലവില്‍ സൗദി സിനിമാ വിപണിയില്‍ ഏറ്റവുമധികം തിയറ്ററുകള്‍ തുറന്നിരിക്കുന്നത്.

Update: 2023-02-06 07:15 GMT

സൗദി അറേബ്യയില്‍ ആദ്യമായി തിയേറ്റര്‍ ബിസിനസ് രംഗത്ത് കാലുറപ്പിച്ച എഎംസി കമ്പനി വിപണിയില്‍നിന്ന് പടിയിറങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദിയില്‍ തിയറ്റര്‍ രംഗത്ത് കിടമത്സരം ആരംഭിച്ചതോടെയാണ് പിടിച്ചു നില്‍ക്കാനാകാതെ അമേരിക്കന്‍ മള്‍ട്ടി സിനിമാ കമ്പനിയായ എഎംസി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. നിലവിലെ തിയറ്ററുകള്‍ സൗദി ഭരണകൂടത്തിന് കീഴിലെ സെവന്‍ കമ്പനി ഏറ്റെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയില്‍ 2018 ലാണ് അമേരിക്കന്‍ മള്‍ട്ടി സിനിമാ എന്റര്‍ടെയിന്റ്മെന്റ് ഹോള്‍ഡിങ്സ് അഥവാ എഎംസി ആദ്യ തിയറ്റര്‍ ആരംഭിച്ചത്. റിയാദിലെ ഫിനാന്‍സ് ഡിസ്ട്രിക്ടിലായിരുന്നു ആദ്യ തിയറ്റര്‍ സ്ഥാപിച്ചത്. രാജ്യത്തെ 30 വര്‍ഷം നീണ്ട വിലക്കിന് ശേഷം ആദ്യമായി സൗദിയില്‍ തിയറ്റര്‍ തുടങ്ങിയ കമ്പനിക്ക് നിലവില്‍ 13 തിയറ്ററുകളാണുള്ളത്. ഈ വര്‍ഷത്തോടെ തങ്ങളുടെ തിയറ്ററുകളുടെ എണ്ണം 40 ല്‍ എത്തിക്കുമെന്നും മുന്‍പ് കമ്പനി പ്രഖ്യാപിച്ചിരുന്നു.

ലോകത്ത് വിവിധ രാജ്യങ്ങളിലായി 950 തിയറ്ററുകളിലായി പതിനായിരത്തിലേറെ സ്‌ക്രീനുകളാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്കുള്ളത്. എല്ലാ മേഖലയിലുമെന്ന പോലെ കോവിഡ് കാലത്തു തന്നെ കമ്പനി വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതിന് ശേഷമുണ്ടായ വിപണി മുന്നേറ്റത്തില്‍ സൗദിയിലെ വിപണികളും കടുത്ത മത്സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ തങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനം മറ്റുള്ളവരോട് മത്സരിക്കാനും സാധിക്കുന്നില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തേക്ക് പുതുതായി കടന്നുവന്ന കമ്പനികള്‍ സൗദിയിലുടനീളം തിയറ്ററുകള്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയുടെ തന്നെ സ്വന്തം തിയറ്റര്‍ കമ്പനിയായ മൂവി സിനിമാസും യുഎഇ കമ്പനിയായ വോക്സുമാണ് നിലവില്‍ സൗദി സിനിമാ വിപണിയില്‍ ഏറ്റവുമധികം തിയറ്ററുകള്‍ തുറന്നിരിക്കുന്നത്.

എഎംസിയുടെ കൈയില്‍ നിലവിലുള്ള തിയറ്ററുകള്‍ സൗദിയിലെ പാര്‍ട്ണര്‍മാര്‍ക്ക് തന്നെയാണ് വില്‍ക്കുന്നത്. നിലവിലെ തിയറ്ററുകളുടെ പേരുകളും മാറ്റമില്ലാതെ ഇതേ സ്ഥിതിയില്‍ തന്നെ തുടരും.

നിരക്കുകള്‍ കുറച്ചും മറ്റു ചില മാറ്റങ്ങള്‍ കൊണ്ടുവന്നും വിപണിയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് സൗദിയിലെ കമ്പനിയുടെ  പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ കമ്പനി ഉടമകള്‍ നിര്‍ബന്ധിതരായിരിക്കുന്നത്.

Tags:    

Similar News