വിദേശത്തു നിന്നെത്തുന്ന ട്രക്കുകള്‍ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമാക്കി സൗദി അറേബ്യ

  • ഏപ്രില്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍

Update: 2023-03-23 09:45 GMT

ഏപ്രില്‍ ഒന്ന് മുതല്‍ സൗദി അറേബ്യയിലെത്തുന്ന വിദേശ ട്രക്കുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ ഡിജിറ്റല്‍ പാസ് നിര്‍ബന്ധമാക്കും. സൗദി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇഷ്യു ചെയ്യുന്ന പാസില്ലാത്ത ട്രക്കുകള്‍ക്ക് പ്രവേശനനുമതി നല്‍കില്ലെന്നാണ് അധികാരികള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തേക്കെത്തുന്ന വിദേശ ട്രക്കുകളെ നിയന്ത്രിച്ച്, ട്രാന്‍സ്പോര്‍ട്ട് മേഖലയിലെയും ചരക്ക് കൈമാറ്റത്തിലേയും സുതാര്യത ഉറപ്പ് വരുത്താന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

സൗദി അറേബ്യയിലെ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്തിന്റെ വിവിധ കരാതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് കടക്കുന്ന വിദേശ ട്രക്കുകളെല്ലാം ഓണ്‍ലൈന്‍ വഴിയാണ് അനുമതി പത്രം സ്വന്തമാക്കേണ്ടത്.

ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുവദിക്കുന്ന ഓണ്‍ലൈന്‍ പാസ് സ്വന്തമാക്കാത്ത ട്രക്കുകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുമുണ്ട്. മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുക, പ്രാദേശിക ട്രക്ക് കമ്പനികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക, ചരക്ക് ഗതാഗത രംഗത്തും കൈമാറ്റ രംഗത്തും സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം മുന്‍നിര്‍ത്തിയാണ് പുതിയ പദ്ധതി നടപ്പിലാക്കുക.

നഖ്ല്‍ പോര്‍ട്ടല്‍ വഴി കാര്‍ഗോ ഡോക്യുമെന്റേഷന്‍ വിഭാഗത്തിലാണ് ഓണ്‍ലൈനായി പാസിന് അപേക്ഷ നല്‍കേണ്ടത്. ട്രക്കുകളുടെ മുഴുവന്‍ വിവരങ്ങളും, ചരക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍, ചരക്കുകളുടെ ഉറവിടം, ഉപഭോക്താവിന്റെ ആവശ്യമായ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം അപേക്ഷിക്കുമ്പോള്‍ പോര്‍ട്ടലില്‍ വ്യക്തമാക്കിയിരിക്കണം.

Tags:    

Similar News