ജയ്വാന്‍ ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കാനൊരുങ്ങി യുഎഇ ബാങ്കുകള്‍;അറിയേണ്ടതെന്തെല്ലാം...

  • ജിസിസി,ഇന്ത്യ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാര്‍ഡുകള്‍ ഉപയോഗിക്കാനാകും
  • എമിറേറ്റ്‌സ് ഐഡിയുള്ള ഏതൊരു താമസക്കാരനും കാര്‍ഡിന് അപേക്ഷിക്കാം
  • ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഇടപാട് നടത്താന്‍ അവരുടെ യുപിഐ ഐഡി ഉപയോഗിക്കാം

Update: 2024-05-16 06:19 GMT

ജയ്‌വാന്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഘട്ടംഘട്ടമായി പുറത്തിറക്കാനൊരുങ്ങി യുഎഇ ബാങ്കുകള്‍. വിപണിയില്‍ നിലവിലുള്ള പത്ത് ദശലക്ഷത്തിലധികം ഡെബിറ്റ് കാര്‍ഡുകള്‍ അടുത്ത രണ്ടര വര്‍ഷത്തിനുള്ളില്‍ ക്രമേണ മാറ്റി സ്ഥാപിക്കുമെന്നും യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍-ഗുറൈര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മറ്റ് ബ്രാന്‍ഡഡ് കാര്‍ഡുകള്‍ നിര്‍ത്തിവയ്ക്കുന്നതിനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനവേളയിലാണ് മിഡില്‍ ഈസ്റ്റേണ്‍ രാജ്യത്തുടനീളം റുപേയുടെ സാര്‍വത്രിക സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി റുപേയും ജയ്വാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്.

യുഎഇയിലെ ഉപഭോക്താക്കള്‍ക്ക് ജയ്‌വാന്‍ ഡെബിറ്റ് കാര്‍ഡ് നല്‍കാനായി എല്ലാ ബാങ്കുകളേയും യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധിക്കുമെന്ന് അല്‍ ഇത്തിഹാദ് പേയ്മെന്റ്സിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആന്‍ഡ്രൂ മക്കോര്‍മക്ക് പറഞ്ഞു. മാസ്റ്റര്‍കാര്‍ഡ് അല്ലെങ്കില്‍ വിസ കാര്‍ഡുകള്‍ക്കൊപ്പം ജയ്വാനെ കോ-ബാഡ് ചെയ്യുമെന്നും മക്കോര്‍മാക്ക് പറഞ്ഞു. ഒരു കാര്‍ഡില്‍ തന്നെ രണ്ടിലധികം ബ്രാന്‍ഡ് പേയ്‌മെന്റുകള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനമാണ് കോ ബാഡ്ജ്. യുഎഇയുടെ വലിയൊരു വിഭാഗം ആഗോളതലത്തില്‍ സഞ്ചരിക്കുന്നതിനാല്‍ അതില്‍ രണ്ട് ബാഡ്ജുകള്‍ ഉണ്ടാകും, ഇത് ലോകമെമ്പാടും ജയ്വാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കും. അതിനാല്‍, ജയ്വാന്‍ കാര്‍ഡിന്റെ പ്രാഥമിക ലക്ഷ്യം യുഎഇ, ജിസിസി, ഇന്ത്യ എന്നിവയാണ്. കൂടാതെ ലോകമെമ്പാടും വ്യാപിപ്പിക്കുന്നതിന് ഞങ്ങള്‍ കോ-ബാഡ്ജ് പങ്കാളികളായ മാസ്റ്റര്‍കാര്‍ഡിനെയും വിസയെയും ആശ്രയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സ് ഐഡിയുള്ള ഏതൊരു താമസക്കാരനും കാര്‍ഡിന് അപേക്ഷിക്കാം. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഇടപാട് നടത്താന്‍ അവരുടെ യുപിഐ ഐഡി ഉപയോഗിക്കാം. ജയ്‌വാന്‍/യുപിഐ ഐഡി ഉപയോഗിച്ച് വ്യക്തികള്‍ക്ക് തുകകള്‍ പരസ്പരം കൈമാറാനാകും. ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്‍ക്കും അവരുടെ പ്രാദേശിക ഇടപാടുകള്‍ക്കായി കാര്‍ഡ് ഉപയോഗിക്കാം. ഇത് വ്യാപാര ഇടപാടുകള്‍ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും.

Tags:    

Similar News