സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം ബാങ്ക് വഴി;പ്രവാസികള്‍ക്ക് അനുകൂലമായ നടപടി
- ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ സേവനം ലഭ്യമാകും
- 2026 ജനുവരി ഒന്നിനകം എല്ലാ ഗാര്‍ഹിക തൊഴിലാളികളേയും ഉള്‍പ്പെടുത്തും
- മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് അനുകൂലമായ നടപടി
സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പള പ്രക്രീയ സുതാര്യമാക്കുന്നു. അതനുസരിച്ച് മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ശമ്പളം ലഭിക്കുക. മാനവ വിഭവശേഷി,സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാറുകള്‍ക്ക് കീഴില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഈ സേവനം ലഭ്യമാകും.
നിലവിലെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 2026 ജനുവരി ഒന്നിനകം എല്ലാ ഗാര്‍ഹിക തൊഴിലാളികളേയും ഈ സേവന പരിധിയില്‍ ഉള്‍പ്പെടുത്തും. വീടുകളിലെ ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന്റെ ഭാഗമായാണ് നടപടി.
നിലവിലെ കരാറുകള്‍ക്ക് അനുസരിച്ച് തൊഴിലാളികളുടെ ശമ്പളം സുതാര്യമാക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി മുന്നോട്ടുപോകുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ധാരാളം പ്രവാസികളാണ് സൗദി അറേബ്യയിലെ ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. ഇവര്‍ക്ക് ഉപകാരപ്രദമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ശമ്പളം ലഭിക്കാതിരിക്കുന്ന അവസ്ഥ ഇനി ഒരു പ്രവാസിക്കും നേരിടേണ്ടിവരില്ല.