മണ്ണ് നല്‍കാമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്; കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനു ചിറകു മുളയ്ക്കുന്നു

  • ഓഗസ്റ്റ് ഒന്നു മുതല്‍ റണ്‍വേയുടെ നീളം കുറയ്‌ക്കേണ്ടിവരുമെന്ന കേന്ദ്ര മുന്നറിയിപ്പ്
  • റണ്‍വേ വികസനത്തിന് തടസമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന് മണ്ണിന്റെ ലഭ്യതകുറവ്
  • സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര ശ്രമമെന്നു ആരോപണം

Update: 2023-07-06 14:45 GMT

 റണ്‍വേ നീളക്കുറവ് വികസനത്തിന് തടസ്സമായ വിമാനത്താവളമാണ് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം. 2,700 മീറ്ററാണ് നിലവിലെ റണ്‍വേയുടെ നീളം. അഞ്ചുവര്‍ഷം മുമ്പ് 9,380 അടി (2,860 മീറ്റര്‍) ആയിരുന്നു റണ്‍വേയുടെ നീളം. റെസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) ഉണ്ടാക്കുന്നതിനായി റണ്‍വേയുടെ നീളം കുറയ്ക്കുകയായിരുന്നു.

ഇരുവശത്തും 240 മീറ്റര്‍ വീതം റെസ വികസനത്തിനായി ഉപയോഗിക്കുന്നതോടെ നീളം 2,540 മീറ്ററായി കുറയും. അതേസമയം കൊച്ചി വിമാനത്താവളം റണ്‍വേക്ക് 3,445 മീറ്ററും കണ്ണൂര്‍ വിമാനത്താവള റണ്‍വേക്ക് 3050 മീറ്ററുമാണ് നീളം.

റണ്‍വേ വികസനം യാഥാര്‍ഥ്യമാകുന്നു

റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുത്തു നല്‍കിയില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ റണ്‍വേയുടെ നീളം കുറയ്‌ക്കേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പു നല്‍കിയത് അടുത്തിടെയാണ്. അതോടെ റണ്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഒരുമാസത്തിനകം പൂര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ നടപടികള്‍ക്ക് വേഗംകൂട്ടുകയാണ്.

മണ്ണെത്തുക തുറമുഖത്തു നിന്നും

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ മണ്ണ് എവിടെ നിന്നു കണ്ടെത്തുമെന്ന ആശങ്കയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇപ്പോഴിതാ മണ്ണു നല്‍കാമെന്ന വാഗ്ദാനവുമായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് മുന്നോട്ടുവന്നിരിക്കുന്നു. ഡ്രഡ്ജിങ് നടത്തുന്ന വെള്ളയില്‍, പുതിയാപ്പ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യമായ മണ്ണ് നല്‍കാന്‍ കഴിയുമെന്നാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് സുപ്രണ്ടിങ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി അറിയിച്ചിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട മണ്ണിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.

റണ്‍വേ വികസനത്തിന്റെ പ്രധാന തടസം

കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവള ഡയറക്ടറുടെ ചേമ്പറില്‍ വച്ച് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികാരികളുമായും മലപ്പുറം കലക്ടറേറ്റില്‍ ലാന്‍ഡ് അക്വിസിഷന്‍ റവന്യൂ വകുപ്പ് അധികൃതരുമായും മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. റണ്‍വേ വികസനത്തിന് തടസമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന് മണ്ണിന്റെ ലഭ്യതക്കുറവാണെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പുമായി ചര്‍ച്ച നടത്തിയത്.

മണ്ണ് ലഭ്യമായ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ചു പദ്ധതികള്‍ അംഗീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ റണ്‍വേ വികസനം പൂര്‍ത്തീകരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഭൂമി വില നിര്‍ണയം കഴിഞ്ഞു

റണ്‍വേ വികസനത്തിനു വേണ്ടി കരിപ്പൂരില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയിച്ച് ഉടമകളുമായി ധാരണയായിട്ടുണ്ട്. പാരിസ്ഥിതികാഘാത പഠനം കൂടി പൂര്‍ത്തിയായി റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഭൂമി ഏറ്റെടുപ്പ് നടപടികളാരംഭിക്കും. നഷ്ടപരിഹാര വിതരണം അടുത്ത മാസം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഭൂമി മണ്ണിട്ട് ഉയര്‍ത്താനുള്ള ചെലവുകള്‍ അടക്കം എയര്‍പോര്‍ട്ട് അതോറിറ്റി വഹിക്കും.

സ്വകാര്യവല്‍ക്കരണ പാതയില്‍ കണ്ണൂര്‍ വിമാനത്താവളവും

ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ കാലതാമസമെന്ന് പറഞ്ഞാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം കരിപ്പൂരില്‍ വലിയ വിമാനങ്ങളെ വിലക്കുന്നത്. അതേസമയം ഭൂമി ഏറ്റെടുത്ത് നല്‍കിയ കണ്ണൂരിനും രക്ഷയില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് വിറ്റതുപോലെ ഇതും സ്വകാര്യവല്‍ക്കരിക്കുകയാണ് ലക്ഷ്യം. കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വിദേശ വിമാന സര്‍വീസിനുള്ള പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാന്‍ കേന്ദ്രത്തിന് ഒരു തടസ്സവുമില്ല. അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളെല്ലാമവിടെയുണ്ട്. എന്നാല്‍ വിമാനത്താവളം ഗ്രാമത്തിലാണെന്നും കോഴിക്കോട് വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇത് നിഷേധിക്കുന്നത്.

വൈഡ് ബോഡി വിമാനങ്ങള്‍ക്കുള്ള 3050 മീറ്റര്‍ റണ്‍വേയാണ് കണ്ണൂരിലേത്. 4,000 മീറ്റര്‍ വരെ നീട്ടാനുമാകും. 97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയില്‍ ഒരു മണിക്കൂറില്‍ 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. വടക്കന്‍ ജില്ലകളിലെയും കര്‍ണാടകത്തിലെ കുടക്, മൈസൂരു, തമിഴ്‌നാട്ടിലെ ഊട്ടി എന്നിവിടങ്ങളിലെയും യാത്രക്കാര്‍ക്ക് ഇതു പ്രയോജനപ്പെടുത്താം. കാര്‍ഷിക മേഖലയിലെ കുതിച്ചുചാട്ടത്തിന് സഹായമാകുംവിധം കാര്‍ഗോ കോംപ്ലക്‌സും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിച്ചിട്ടില്ല.

വിദേശ വിമാന സര്‍വീസ് ആരംഭിക്കാത്തത് വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ സര്‍വീസ് നിര്‍ത്തിയതോടെ പ്രതിസന്ധി കൂടി. പ്രതിമാസം 240 സര്‍വീസ് നിലച്ചപ്പോള്‍ നഷ്ടം നാല് കോടി രൂപയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് നിലവില്‍ കണ്ണൂരില്‍ സര്‍വിസ് നടത്തുന്നത്.

Tags:    

Similar News