ഭര്‍ത്താവിനെ സഹായിക്കാനായി യുഎയിലെത്തി; ഇന്ന് സ്വര്‍ണ ബിസിനസില്‍ തിളങ്ങി ജാനറ്റ്

  • 1992 ലാണ് ജാനറ്റ് രണ്ടു ജീവനക്കാരുമായി അല്‍ഐനില്‍ അല്‍നാസര്‍ എന്ന പേരില്‍ ഒരു ജ്വല്ലറി തുടങ്ങിയത്. ഇന്ന് അതിന് നാലു ശാഖകളിലായി 22 ജീവനക്കാരുണ്ട്

Update: 2023-01-24 07:00 GMT

യുഎഇയില്‍ പുരുഷന്മാര്‍ കൈയടക്കിവച്ച സ്വര്‍ണ ബിസിനസ് രംഗത്ത് പൊന്നിന്‍ തിളക്കമുള്ള വിജയവുമായി മുന്നേറുകയാണ് മലയാളി വനിത. ഇടപ്പള്ളി എളമക്കര സ്വദേശിനിയായ മേരി ജാനറ്റ് ആണ് ഈ വിസ്മയത്തിനുടമ. 30 വര്‍ഷമായി ദുബായിയില്‍ സ്വര്‍ണ ബിസിനസ് രംഗത്ത് സജീവമാണ് ഈ 65കാരി.

നാലു ശാഖകള്‍, 22 ജീവനക്കാര്‍

1992 ലാണ് ജാനറ്റ് രണ്ടു ജീവനക്കാരുമായി അല്‍ഐനില്‍ അല്‍നാസര്‍ എന്ന പേരില്‍ ഒരു ജ്വല്ലറി തുടങ്ങിയത്. ഇന്ന് അതിന് നാലു ശാഖകളിലായി 22 ജീവനക്കാരുണ്ട്. സ്വര്‍ണം വാങ്ങാനായി ദുബായിയിലെ മൊത്ത വ്യാപാരകേന്ദ്രത്തില്‍ ആദ്യമായി എത്തിയ ജാനറ്റിനെ അമ്പരപ്പോടെയാണ് ആളുകള്‍ നോക്കിയത്. ഇന്ന് അതേ ആളുകള്‍ അവരെ കാണുന്നത് ഏറെ ബഹുമാനത്തോടെ.

45 വര്‍ഷം മുമ്പ് ഭര്‍ത്താവ് എറണാകുളം ഞാരക്കല്‍ സ്വദേശി വര്‍ഗീസ് പനക്കലിനൊപ്പം എത്തിയതായിരുന്നു ജാനറ്റ്. ഫാര്‍മസിസ്റ്റായിരുന്നു വര്‍ഗീസ്. ഭര്‍ത്താവിന്റെ ഫാര്‍മസി-ക്ലിനിക് ബിസിനസില്‍ സഹായിയായിരുന്ന ജാനറ്റ് പതിയെ ജ്വല്ലറി ബിസിനസിലേക്ക് കടക്കുകയായിരുന്നു.

ബിസിനസ് പഠനം

പരിചയക്കുറവ് നികത്തിയത് ദുബായിയിലെ ഒരു ജ്വല്ലറിയില്‍ ചെന്ന് ഒരുമാസം കാര്യങ്ങള്‍ പഠിച്ചെടുത്തായിരുന്നു. അവിടെ നിന്നു നേടിയ ബിസിനസ് തന്ത്രങ്ങളുടെ ബലത്തിലാണ് ജ്വല്ലറി തുടങ്ങിയത്. സ്റ്റാഫായി മറ്റാരെയും വച്ചിരുന്നില്ല. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മൂന്നു മക്കളുടെയും കാര്യങ്ങള്‍ നോക്കി നടത്തിയ ശേഷം ഏഴു മണിയോടെ ദുബായിയിലേക്കു പുറപ്പെടും. അവിടെ ചെന്ന് ഇഷ്ടപ്പെട്ട ആഭരണങ്ങള്‍ പണം കൊടുത്ത് വാങ്ങി തിരിച്ചുവരുന്നത് വൈകീട്ട് അഞ്ചുമണിയോടെ. രാത്രി കടയടച്ച് വീട്ടിലേക്കു മടങ്ങുമ്പോള്‍ സമയം 10.30 ആയിട്ടുണ്ടാകും. ഇങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസവും ദുബായിയിലേക്കു പോയി. ആദ്യമെല്ലാം ജ്വല്ലറിയിലെത്തുന്ന കുട്ടികളുടെ കാതു കുത്തുന്നതു വരെ ജാനറ്റ് സ്വയം ചെയ്തു.

ഇന്ന് എണ്ണമറ്റ സ്റ്റാഫുകള്‍ ഉണ്ടെങ്കിലും ജാനറ്റ് ജോലിയില്‍ സജീവമാണ്. സാമൂഹിക-ജീവകാരുണ്യ രംഗത്തും ഈ വനിത സജീവമാണ്. രണ്ടു ആണ്‍മക്കളാണുള്ളത്. അവരും ബിസിനസില്‍ സജീവമാണ്. ഏക മകള്‍ ഡോ. ജീന പീഡിയാട്രീഷനാണ്.

Tags:    

Similar News