ദശലക്ഷം ദിർഹം പഠനസഹായവുമായി ദുബായ് ഗ്ലോബല്‍ വില്ലേജ് സ്‌കോളര്‍ഷിപ്പ്

  • ചലച്ചിത്ര അഭിരുചിയുള്ള കുട്ടികള്‍ക്കാണ് പഠന സഹായം

Update: 2023-01-12 09:00 GMT

സിനിമാ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചലച്ചിത്ര സംവിധാനത്തില്‍ അഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന സഹായമൊരുക്കുകയാണ് ദുബായ്.

ദുബായ് ഗ്ലോബല്‍ വില്ലേജാണ് ദശലക്ഷം ദിര്‍ഹമിന്റെ സ്‌കോളര്‍ഷിപ്പ് ചലചിത്രവിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തുന്നത്. അഞ്ച് മുതല്‍ 14 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളെ രണ്ട് വിഭാഗമായി തിരിച്ച് അവര്‍ സ്വന്തമായി തയാറാക്കി അയക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് പഠനസഹായത്തിന് അര്‍ഹരെ കണ്ടെത്തുക.

ക്രിയാത്മക മാസാചരണത്തിന്റെ ഭാഗമായി ബ്ലൂം വേള്‍ഡ് അക്കാദമിയുമായ സഹകരിച്ചാണ് വളര്‍ന്നുവരുന്ന ചലച്ചിത്ര സംവിധായകര്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് മുതല്‍ 10 വരെ പ്രായമുള്ളവര്‍, 11 മുതല്‍ 14 വയസ് വരെ പ്രായമുള്ളവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ജേതാക്കളെ തീരുമാനിക്കുക.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ബ്ലൂം വേള്‍ഡ് അക്കാദമിയില്‍ പഠിക്കാനായാണ് മില്യണ്‍ ദിര്‍ഹം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 'കൂടുതല്‍ മനോഹമായ എന്റെ ലോകം' എന്ന വിഷയത്തിലാണ് മത്സരാര്‍ത്ഥികള്‍ ചെറു വീഡിയോകള്‍ തയാറാക്കി അയക്കേണ്ടത്. വീഡിയോ പ്രത്യേക ജൂറിയുടെ വിലയിരുത്തലിന് ശേഷം ജേതാക്കളെ തെരഞ്ഞെടുക്കും.

ഈ ലോകം കൂടുതല്‍ മനോഹരമാക്കാനായി ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കുന്ന കൂട്ടുകാരനെ കുറിച്ചോ, അധ്യാപകരെ കുറിച്ചോ, ബന്ധുക്കളെ കുറിച്ചോ, മറ്റു വ്യക്തികളെ കുറിച്ചോ ആണ് വീഡിയോ നിര്‍മിക്കേണ്ടതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ വ്യക്തമാക്കി.

ഈ അടുത്ത കാലത്തായി സിനിമാ മേഖലയ്ക്ക് അഭൂതപൂര്‍വമായ പിന്തുണയാണ് ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags:    

Similar News